You are Here : Home / അഭിമുഖം

പൊന്നാനിയിലെ ജാറവും സൂഫി വന്ന വഴിയും

Text Size  

Story Dated: Sunday, November 23, 2014 08:43 hrs UTC

- കെ. പി. രാമനുണ്ണി

 

 


  'സൂഫി പറഞ്ഞ കഥ' എന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള കഥയാണ്. ഞാന്‍ വളരെക്കാലങ്ങളായി പറയാനാഗ്രഹിച്ച കഥയും കാര്യങ്ങളും. പൊന്നാനിയിലെ ജാറത്തെ പശ്ചാത്തലമാക്കി ബീവിയുടെ കഥയിലൂടെ ഞാന്‍ ആവിഷ്‌കരിച്ചത് എനിക്ക് ലോകത്തോട് വിളിച്ചുപറയാനുള്ള ചില കാര്യങ്ങളാണ്.
    പൊന്നാനിക്കാരനാണ് ഞാന്‍. അയല്‍പക്കത്തെ മുസ്ലിംവീട്ടിലായിരുന്നു എന്റെ ചെറുപ്പകാലം. ഊണും ഉറക്കവും കളിയും എല്ലാം അവിടെത്തന്നെ. അങ്ങനെ പത്താംക്ലാസ് കഴിഞ്ഞ് വിദ്യാഭ്യാസത്തിനായി എനിക്ക് കോഴിക്കോടേക്ക് പോകേണ്ടി വന്നു. അവിടെ വെച്ച് സുഹൃത്തുക്കളോട് ഞങ്ങളുടെ സ്‌നേഹബന്ധത്തെപ്പറ്റി പറയുകയുണ്ടായി. എനിക്ക് ആ വീടുമായുള്ള ആത്മബന്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ എത്രയായാലും മാപ്ലാരല്ലേ എന്ന ചോദ്യമാണ് ആദ്യമുണ്ടായത്. അപ്പോഴുണ്ടായ ഒരു മാനസികവിഷമം ഇന്നും പറഞ്ഞറിയിക്കാനാവുന്നതല്ല. നമ്മള്‍ എത്ര സ്‌നേഹത്തോടെ ജീവിച്ചാലും ലോകം രണ്ടു സമുദായങ്ങളില്‍പെട്ട മനുഷ്യരെ രണ്ടായേ കാണൂ എന്ന തിരിച്ചറിവുണ്ടായത് അന്നാണ്. അന്നു മുതലുള്ള ആഗ്രഹമാണ് ഹിന്ദു-മുസ്ലിം മൈത്രി എന്താണെന്ന് ഈ ലോകത്തിന് പറഞ്ഞുകൊടുക്കണമെന്ന്.
          വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏതോ നിയോഗം കൊണ്ട് സാഹിത്യപാടവം ലഭിച്ചപ്പോള്‍ എഴുതാനാഗ്രഹിച്ചതും അതായിരുന്നു. വ്യത്യസ്ത സമുദായങ്ങള്‍ക്ക് പിറകിലുള്ള ദൈവികവും സാസ്‌കാരികവുമായ ഉറവിടം ഒന്നാണെന്ന് സ്ഥാപിക്കല്‍. അങ്ങനെയാണ് സൂഫി പറഞ്ഞ കഥ പിറക്കുന്നത്. ഹിന്ദു- മുസ്ലിം സമുദായാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നതായിരിക്കണം ആദ്യ നോവല്‍ എന്ന കാര്യത്തില്‍ യൊതൊരു സംശവുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ബീവിയുടെ പഴങ്കഥയും ചെവിയിലെത്തുന്നത്. പീത്താന്‍ മാമൂട്ടിയെന്ന മുസല്‍മാന്‍ ഒരു ഹിന്ദുയുവതിയെ പ്രേമിച്ച് കല്ല്യാണം കഴിച്ചതും അവള്‍ക്ക് വേണ്ടി വീട്ടുതൊടിയില്‍ അമ്പലം നിര്‍മിച്ചതുമായ കഥ അന്ന് പൊന്നാനിയില്‍ പ്രശസ്തമായിരുന്നു. അങ്ങനെ ആ കഥയും എന്റെ കഥയെഴുത്താഗ്രഹവും കേന്ദ്രീകരിച്ചതാണ് സൂഫി പറഞ്ഞ കഥ.
സൂഫി പറഞ്ഞ കഥ എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് പുതുപ്പൊന്നാനിയില്‍ ഒരു ജാറം പൊങ്ങുന്നത്. അത് നോവലില്‍ ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന ഹിന്ദുമുസ്ലിം മൈത്രിയുടെ ആശയങ്ങള്‍ക്ക് വളരെയധികം സഹായിച്ചു. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ആരാധനക്ക് എത്തുമായിരുന്നു. ജാറം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ ജാറവുമായി ബന്ധപ്പെടുത്തി കഥയെഴുതാന്‍ തീരുമാനിച്ചു.
സൂഫി പറഞ്ഞ കഥ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥയാണെങ്കിലും ഇന്നും പൊന്നാനിയില്‍ ആ ജാറമുണ്ട്. ഒരു ബീവിയുടെ ജാറം. ഭഗവതിയെന്നു പറയുന്നതുപോലെ ഇസ്ലാമിലുള്ള ഒരു ദേവീവിശ്വാസമാണ് ബീവി. ഹിന്ദുക്കള്‍ ഭഗവതി, ദേവത എന്നൊക്കെ പറയുന്നതുപോലെ അമ്മദൈവത്തിന്റെ മുസ്ലിം സമുദായത്തിലുള്ള പകര്‍പ്പ്. അതാണ് ബീവി. ഏതെങ്കിലും തരത്തില്‍ പ്രത്യേക കഴിവുള്ള ആരെങ്കിലും മരിച്ചുപോയാല്‍ അവര്‍ക്കുണ്ടാക്കുന്ന ഖബറാണ് ജാറം. അവര്‍ മുഖാന്തരം ദൈവത്തിലേക്കടുക്കാം എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. പൊന്നാനിയില്‍ കടലില്‍ നിന്നും ഒരു ശവശരീരം ലഭിച്ചപ്പോള്‍ അത് ദിവ്യത്വം ഉള്ള ഒരു സ്ത്രീയുടേതാണെന്ന് തിരിച്ചറിയുകയും അവിടെ ഒരു ജാറമുണ്ടാക്കി ഖബറടക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
അവിടെ ഒരു സൂഫി വന്നിരിക്കുന്നതായി സങ്കല്‍പ്പിച്ച് സൂഫി പറയുന്നതായ രീതിയില്‍ കഥ പറയുകയാണ് ചെയ്തിരിക്കുന്നത്. അവിടെ ഒരിക്കല്‍ ഒരു സൂഫി വന്നിരിക്കുകയും അത് കാണാന്‍ വന്ന ഹിന്ദുവായ ഒരാളോട് ആ ബീവിയുടെ കഥ പറയുകയും ചെയ്യുന്നു. ആ ചെറുപ്പക്കാരന്റെ തന്നെ തറവാട്ടില്‍ നിന്നാണ് ആദ്യത്തെ ബീവി വന്നത് എന്നു പറഞ്ഞുകൊടുക്കുകയാണ്. അങ്ങനെയാണ് നോവല്‍ ആരംഭിക്കുന്നത്. അതുകൊണ്ടാണ് 'സൂഫി പറഞ്ഞ കഥ' എന്ന് നോവലിന് പേരിടാന്‍ കാരണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.