You are Here : Home / അഭിമുഖം

സദ്യയെ മറികടക്കാന്‍ ഒരു ഭക്ഷണവും ലോകത്ത് ഉണ്ടായിട്ടില്ല

Text Size  

Story Dated: Saturday, September 06, 2014 01:17 hrs UTC

ഓണസ്സദ്യ തന്നെ കളര്‍ഫുള്‍

നൗഷാദ്

സ്‌കൂള്‍ വിട്ട് വീട്ടുമുറ്റത്തെത്തുന്നതിനു മുമ്പുതന്നെ മൂക്ക്
പിടിച്ചെടുക്കും, വറുത്ത ഉപ്പേരിയുടെ മണം. പച്ച ഏത്തക്കായ തൊലിയുരിഞ്ഞ്
ചെറുതാക്കി മുറിച്ച് മഞ്ഞപ്പൊടി ചേര്‍ത്ത് ചൂടായ എണ്ണയിലേക്കിടുമ്പോള്‍
അന്തരീക്ഷത്തിലേക്കുയരുന്ന ഗന്ധമാണത്. മൂക്കിലേക്ക് ആവാഹിച്ചെടുത്താല്‍
വെള്ളമൂറുന്നത് നാവിന്‍തുമ്പിലാണ്. വീട്ടില്‍ ഏത്തക്കാ
ഉപ്പേരിയുണ്ടാക്കുന്നത് ഓണമടുത്തതിന്റെ സൂചനയാണ്. തിരുവോണസദ്യയ്ക്കുള്ള
ആദ്യത്തെ 'പടയൊരുക്കം'. എനിക്ക് ഭക്ഷണത്തോടുള്ള കമ്പം
തോന്നിത്തുടങ്ങിയതും ഇതുപോലൊരു ഓണക്കാലത്താണ്. അച്ചപ്പം, കുഴലപ്പം,
നെയ്യപ്പം എന്നിവയൊക്കെ വീട്ടിലുണ്ടാക്കുന്നതു കാണണമെങ്കില്‍ ചിങ്ങമാസം
വരണം. അതുകൊണ്ടുതന്നെ ഓരോ ഓണക്കാലവും എനിക്കു സന്തോഷത്തിന്റെ നാളുകളാണ്.

മലയാളി എവിടെയുണ്ടോ അവിടെ ഓണാഘോഷവുമുണ്ട്. അത് ദുബായിലായാലും ശരി,
ഓസ്‌ട്രേലിയയിലായാലും. പണ്ടത്തെക്കാളും ഇപ്പോഴാണ് ഓണത്തിന് ആഘോഷം
കൂടുതലെന്ന് തോന്നുന്നു. ജീവനക്കാര്‍ക്ക് ബോണസ് കിട്ടും.
ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകള്‍, കുട്ടികള്‍ക്കാവട്ടെ ഓണക്കോടി,
തിയറ്ററിലും ടി.വിയിലും പുതിയ പുതിയ ഓണസിനിമകള്‍, ഹോട്ടലുകള്‍ സ്‌പെഷല്‍
ഓണസദ്യ.... ഇങ്ങനെ പോകുന്നു ആഘോഷങ്ങള്‍. അത് ഒന്നോ രണ്ടോ ദിവസം കൊണ്ട്
തീരുന്നില്ല. ഒരുപാടു നാളുകളിലേക്ക് പടരുകയാണ്.

ഓണസദ്യ തന്നെ കളര്‍ഫുള്ളായ ഒന്നാണ്. പച്ച നിറമുള്ള നാക്കിലയില്‍ ഉപ്പേരി,
മൂന്നു തരം നിറത്തിലുള്ള അച്ചാറുകള്‍, ഇഞ്ചിക്കറി, അവിയല്‍, പച്ചടി,
ഓലന്‍, എരിശ്ശേരി...ഒരു പൂക്കളം പോലെ തോന്നിക്കുന്നു സദ്യയും. രണ്ടുതരം
പായസം കൂടി വരുന്നതോടെ സദ്യ പൂര്‍ണം. ഇതു കാണുമ്പോള്‍ തന്നെ മനസിന്
കുളിര്‍മ്മ തോന്നും. അടപ്രഥമനാണ് ഓണസദ്യയില്‍ ഏറ്റവും കേമന്‍.
പാരമ്പര്യമായി ഇലയ്ക്കകത്തുതന്നെ അടയുണ്ടാക്കി അത്
ശര്‍ക്കരയിലേക്കിട്ടാണ് അടപ്രഥമനുണ്ടാക്കുന്നത്. ഇത് കേരളത്തിലെല്ലാതെ
ലോകത്ത് മറ്റൊരിടത്തും കിട്ടില്ല. ലോകത്ത് സദ്യയെ മറികടക്കാന്‍ ഒരു
ഭക്ഷണവും ഉണ്ടായിട്ടില്ല. ഒരോണക്കാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍
പോയപ്പോള്‍ അവിടത്തെ ഒരുക്കങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടുപോയി.
കേരളത്തില്‍പോലുമുണ്ടാവില്ല, ഇത്രയും ആഘോഷം. ദുബായില്‍ ഹോട്ടലുകളില്‍
ഓണസദ്യയ്ക്കുള്ള ബുക്കിംഗ് ആഴ്ചകള്‍ക്കു മുമ്പുതന്നെ കഴിയും. ചിങ്ങമാസം
പിറന്നാല്‍ ഓരോ പ്രവാസിയും ഓണക്കാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.
വെള്ള മുണ്ടും ഷര്‍ട്ടും കസവുസാരിയും ബ്ലൗസും ധരിക്കാന്‍ വിദേശികള്‍ക്ക്
വരെ ഇഷ്ടമാണിപ്പോള്‍. സദ്യയാവട്ടെ അവര്‍ക്ക് മറക്കാനാവാത്ത ഭക്ഷണവും.
വിദേശികളും നമ്മുടെ ഓണത്തെ, കേരളത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞു.

പഴയകാലത്തെ അപേക്ഷിച്ച് പാചകം ചെയ്യാനുള്ള താല്‍പര്യം കൂടുതലാണ്
പുതുതലമുറയിലെ ചെറുപ്പക്കാര്‍ക്ക്. ടി.വിയില്‍ പാചകപരിപാടികള്‍ കണ്ട്
പരീക്ഷിക്കുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാര്‍. പാചകം
സ്ത്രീകളുടെ കുത്തകയായിരുന്ന കാലമൊക്കെ പോയി. കരിയും പുകയും നിറഞ്ഞ
അടുക്കളകള്‍ ഇല്ലാതായതാണ് അതിനൊരു പ്രധാന കാരണം. മുമ്പ് വീടിന്റെ
പിന്‍ഭാഗത്തായിരുന്നു അടുക്കള. ആ ശീലവും മാറിത്തുടങ്ങുകയാണ്. പുതുതായി
നിര്‍മ്മിക്കുന്ന വീടുകളില്‍ അടുക്കള മുന്‍ഭാഗത്താണ്. ഭക്ഷണത്തെ
പിന്നിലേക്ക് തള്ളുന്നില്ലെന്നര്‍ത്ഥം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.