You are Here : Home / Editorial

ക്രിസ്തുമസ് എന്നെ പഠിപ്പിച്ചത്

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Thursday, December 21, 2017 04:40 hrs UTC

ആഘോഷവേളകളിലാണല്ലോ മനസ്സില്‍ മാറാലപിടിച്ചു കിടക്കുന്ന ബാല്യകാല സ്മരണകള്‍ വീണ്ടും ഒന്നു മിനുക്കിയെടുക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും തിളക്കമുള്ളതാണ് ക്രിസ്തുമസ് ആഘോഷ ഓര്‍മ്മകള്‍! മനസ്സില്‍ ഇന്നും പ്രകാശം പരത്തി നില്‍ക്കുന്നു, അക്കാലത്ത് ഈറയും മുളയും വെട്ടിയെടുത്ത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞുണ്ടാക്കുന്ന നക്ഷത്രവിളക്കുകള്‍. നക്ഷത്രത്തിനുള്ളില്‍ മെഴുകുതിരി കത്തിച്ചുവച്ചാണ് പ്രകാശം പരത്തുന്നത്. കാറ്റില്‍ മെഴുകുതിരി കെടാതെയും വര്‍ണ്ണകടലാസിനു തീപിടിക്കാതെയും നോക്കണം. മെഴുകുതിരി കത്തിച്ചുവച്ചിരിക്കുന്ന ചിരട്ടയെങ്ങാനും കമഴ്ന്നു പോയാല്‍ എല്ലാം "ധിം ധരികിട ധോം'! ഈവക പരിപാടികള്‍ക്കൊന്നും വീട്ടില്‍ നിന്നും പ്രത്യേക വായ്പാ പദ്ധതിയൊന്നും അനുവദിച്ചിരുന്നില്ല. നക്ഷത്ര വിളക്കുകള്‍ കൈയ്യിലേന്തിയും, ചേങ്ങലയടിച്ചും, തമ്പേറുകൊട്ടിയും "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം' എന്ന ദൂതുമറിയിച്ചുകൊണ്ട് മിക്കവാറും എല്ലാ പള്ളികളില്‍ നിന്നും ആട്ടിടയര്‍ വീടുവീടാന്തരം കയറിയിറങ്ങും. ഇന്നത്തെപോലെ അന്നും പിരിവുതന്നെ പ്രധാനം. അലങ്കാര വിളക്കുകളുടെ കൂട്ടത്തില്‍ പെട്ടിവിളക്കിനായിരുന്നു താരപരിവേഷം. അതില്‍ Merry X mas & Happy New Year എന്ന് ആലേഖനം ചെയ്തിട്ടുണ്ടാകും.

 

 

കുന്നും കുണ്ടും കുഴിയും നിറഞ്ഞ വഴികളില്‍ക്കൂടി അതും തലയിലേന്തി നടക്കാന്‍ ഒരു പ്രത്യേക ബാലന്‍സ് വേണം. ഒരിക്കല്‍ അതും തലയിലേന്തി വീടുവീടാന്തരം കയറിയിറങ്ങി ഒന്നു ഷൈന്‍ ചെയ്യണമെന്നുള്ളത് എന്റെ ബാല്യകാല മോഹങ്ങളിലൊന്നായിരുന്നു. - ഒരിക്കല്‍ എങ്ങനെയോ എനിക്കു നറുക്കുവീണു- പെട്ടി എന്റെ തലയില്‍! കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍- പ്ലാമൂട്ടിലെ അവറാച്ചന്റെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍, കല്ലില്‍ തട്ടി; കാലു തെന്നി ഞാനും പെട്ടിവിളക്കും ചാണകക്കുഴിയില്‍- എന്റെ മോഹങ്ങളോടൊപ്പം പെട്ടിവിളക്കും കത്തി ചാമ്പലായി. "എതവനാടാ, ഈ ചാവാലി ചെക്കന്റെ കൈയ്യില്‍ വിളക്കുകൊടുത്തത്? വിസിലൂതാന്‍ അധികാരമുള്ള കൂട്ടത്തില്‍ മുതിര്‍ന്നവനായ മാത്തായി സാറാണ് എന്റെ ചങ്കു തകര്‍ത്ത ആ ചോദ്യം ചോദിച്ചത്. കാലചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. പള്ളിക്കാരുടെ പിരിവ് പരിപാടിയും തുടര്‍ന്നുപോന്നു. പെട്ടി വിളക്ക് ചുമക്കുന്നതില്‍ നിന്നും അടുത്ത സ്റ്റേജിലേക്ക് ഞങ്ങള്‍ കടന്നു.

 

മുറി ബീഡി വലിച്ചിട്ടുണ്ടായിരുന്നെങ്കില്‍ തന്നെയും ഒരു സിഗരറ്റ് വലിക്കുവാന്‍ സാധിച്ചിരുന്നില്ല. ഞാനും, അനിയന്‍ ബാബുവും കൂട്ടുകാരായ പൊടിമോനും, ജോസും ചേര്‍ന്ന് ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങാനുള്ള പൈസ സംഘടിപ്പിച്ചു. കൊച്ചു കുട്ടികള്‍ക്കു വരെ, യാതൊരു കുറ്റബോധവുമില്ലാതെ ബീഡിയും വിറ്റിരുന്ന പുളിക്കലെ ഉണ്ണിച്ചായന്റെ കടയില്‍ നിന്നും അക്കാലത്തെ ഏറ്റവും വിലകുറഞ്ഞ സിഗരറ്റായ "PASSING SHOW ' ഒരു പായ്ക്കറ്റ് വാങ്ങി. കരോള്‍ സംഘം പര്‍ത്തലപ്പാടിയില്‍ പാട്ടു പാടാന്‍ കയറിയപ്പോള്‍, ഇടത്തോട്ടിലിരുന്ന് ആ സിഗരറ്റുകള്‍ മുഴുവന്‍ ഒന്നിനു പുറകെ ഒന്നായി ഞങ്ങള്‍ വലിച്ചുതീര്‍ത്തു. ആരുമറിയാതെ ഒരു വലിയ കുറ്റം ചെയ്ത സംതൃപ്തി- അങ്ങനെ മഞ്ഞു പെയ്യുന്ന ഒരു ക്രിസ്തുമസ് രാത്രിയില്‍ "സിഗരറ്റ് വലി' എന്ന ശീലം കൈവശമാക്കി. ഗായകസംഘത്തിന്റെ സ്വരമാധുരി ചോര്‍ന്നുപോകാതിരിക്കുവാന്‍ വേണ്ടി, നല്ലവരായ ചില വീട്ടുകാര്‍ ചുക്കുകാപ്പി സപ്ലെ ചെയ്തിരുന്നു. പാലത്തിനടിയിലൂടെ വെള്ളം പലതവണ ഒഴുകി. - ഞങ്ങള്‍ കൗമാരത്തിലേക്കു കാലു കുത്തുന്ന സമയം- ശീലങ്ങള്‍ക്ക് മാറ്റംവരുത്തിയേ പറ്റൂ. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നാണല്ലോ പ്രമാണം. കാരളിംഗിനു മുമ്പായി ഒന്നു മിന്നിക്കുവാനുള്ള സാധനം കൊച്ചുവീട്ടിലെ കുഞ്ഞുമോന്റെ കടയിലുണ്ടായിരുന്നു.

 

ഒരു പൊടിക്കുപ്പിയും താറാവുമുട്ട പുഴുങ്ങിയതും അകത്തു ചെന്നാല്‍ പിന്നെ "ഈ ലോകം ഭൂലോകം' അന്ന് എരിഞ്ഞിറങ്ങിയ ആ ചാരായത്തിന്റെ ചൂട് ഇന്നും അന്നനാളത്തില്‍ എവിടെ നിന്നോ തികട്ടിവരും. ക്രിസ്തുമസ് ഉണ്ടോ? കരോള്‍ ഉണ്ടാകും. കൂടെ പഠിക്കുന്ന സുന്ദരികളായ പെട്ടികളുടെ വീട്ടില്‍ പാടാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹം (ആ പ്രായത്തില്‍ ഏതു പെണ്‍കുട്ടിയെ കണ്ടാലും ഐശ്വര്യാ റായ് ആണെന്നു തോന്നി) എന്റെ കൂട്ടുകാരന്‍ ജോസുകുട്ടിയും ഈട്ടിമൂട്ടിലെ ചിന്നക്കുട്ടിയും തമ്മില്‍ ഒരു "ഇതു'ണ്ടായിരുന്നു. നോട്ടത്തിലും ഭാവത്തിലും മാത്രം ഒതുങ്ങിനിന്ന ഒരു നിശബ്ദ പ്രേമം! ഇത് അടുത്ത ലെവലിലേക്ക് എത്തിക്കുവാന്‍ ജോസുകുട്ടിക്കൊരു പൂതി. തന്റെ പ്രേമം അവളെ അറിയിക്കണം. അവന്‍ ഒരു പ്രേമലേഖനത്തിലൂടെ അവന്റെ ഉള്ളുതുറന്നു. ഗായകസംഘം ചിന്നക്കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ ആള്‍ക്കാരുടെ കണ്ണുവെട്ടിച്ച് ആ കത്ത് അവളെ ഏല്‍പിക്കണം. അല്‍പം റിസ്കുള്ള ഏര്‍പ്പാടായിരുന്നുവെങ്കിലും ഹംസത്തിന്റെ പണി ഞാന്‍ ഏറ്റെടുത്തു. പണി പാളിയെന്നു പറഞ്ഞാല്‍ മതിയെല്ലോ? തൊണ്ടി സഹിതം ഞാന്‍ പിടിക്കപ്പെട്ടു. ആ കാലമാടന്‍ കാലുമാറിക്കളഞ്ഞു. അതോടുകൂടി എന്റെ ഗാനാലാപനത്തിനു വീട്ടില്‍ നിന്നും വിലക്കുണ്ടായി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം അമേരിക്കയില്‍ എത്തിയതിനുശേഷമാണ് 'കാരളിംഗ്' എന്ന നാണംകെട്ട പണപ്പിരിവിനു ഞാന്‍ വീണ്ടും പങ്കെടുത്ത് തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.