You are Here : Home / Editorial

തെരുവു നായകള്‍ക്കു വേണ്ടി വാദിക്കാന്‍ ഒരു മഹിളാ രത്‌നം കൂടി

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, June 27, 2015 11:06 hrs UTC

രഞ്ജിനി ഹരിദാസിനോട് അല്‍പന്മാരായ ചില മലയാളികള്‍ക്ക് എന്താണിത്ര കലിപ്പ്? കണ്ണുകടി എന്നല്ലാതെ എന്തു പറയുവാന്‍. തള്ളേ! എത്രയോ നാളുകളായി അവര്‍ 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' തന്റെ 'തങ്ക' സ്വഭാവത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു വിദേശത്തായാലും സ്വദേശത്തായാലും 'താരനിശകള്‍' ഒന്നു കൊഴുപ്പിക്കണമെങ്കില്‍ ഈ സോമലിയന്‍ ലുക്കുള്ള സുന്ദരിയുടെ സാന്നിദ്ധ്യം വേണം. ഈയിടെയായി ആഡംബര കപ്പലുകളില്‍ അരങ്ങേറുന്ന സിനിമാ/സീരിയല്‍ ന്യൂജെന്‍ താരങ്ങളുടെ ലഹരി നുരയുന്ന പാര്‍ട്ടിക്കാര്‍ക്കും രഞ്ജിനിയുടെ അട്ടഹാസം ഒരു അത്യാവിശ്യ ഘടകമാണ്.
അമേരിക്കയില്‍ രണ്ടുമൂന്നു വര്‍ഷം മുന്‍പു നടന്ന ഒരു സ്റ്റാര്‍ ഷോയിലും മിസ്. ഹരിദാസായിരുന്നു താരം. അമേരിക്കയിലങ്ങോളമിങ്ങോളം ഓടി നടന്നു മലയാളികളെ രസിപ്പിച്ച ഈ 'സുര' സുന്ദരി വരി (ക്യു) തെറ്റിച്ചത് ഒരു അമേരിക്കന്‍ മലയാളി ചോദ്യം ചെയ്തത് വലിയ വിവരക്കേടായിപ്പോയി. ജനലക്ഷങ്ങളുടെ കണ്ണിലുണ്ണിയായ ഈ തരുണീമണിയോട് അപമര്യാദയായി പെരുമാറിയ അമേരിക്കക്കാരന്‍, ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളെ സാക്ഷി നിര്‍ത്തി ഇവരോടു മാപ്പു പറഞ്ഞ് നമ്മുടെ മാനം രക്ഷിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു!
സ്ത്രീകളുടെ അവകാശത്തിനുവേണ്ടി ഝാന്‍സി റാണിയേപ്പോലെ, ഉണ്ണിയാര്‍ച്ചയെപ്പോലെ ഉടവാള്‍ എടുക്കുന്ന വീരശൂര പരാക്രമി ഹരിദാസ്, മിണ്ടാപ്രാണികളായ കേരളത്തിലെ തെരുവു നായ്ക്കളെ കൊന്നൊടുക്കണമെന്നു പറഞ്ഞു കിരാതന്മാരോട് ശക്തമായി ആണത്വത്തോടെ പ്രതികരിച്ചതിന് ഈ വനിതയെ അഭിനന്ദിക്കുന്നതിനുപകരം നിന്ദിക്കുവാനായിരുന്നു മലയാളികള്‍ക്കു താല്‍പര്യം.
ഇതോടനുബന്ധിച്ച് മലയാളത്തിലെ പ്രസിദ്ധ ദിനപത്രങ്ങളായ മനോരമ, മാതൃഭൂമി, മംഗളം തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുരുക്കം ചുവടെ ചേര്‍ക്കുന്നു.
'തെരുവു നായ ശല്യം ഇല്ലാതാക്കുവാന്‍ ജില്ലാ പഞ്ചായത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളും ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗ സ്‌നേഹികളും തമ്മില്‍ വാക്കേറ്റം. പേപ്പട്ടികളെ കൊല്ലുകയല്ലാതെ മറ്റു നിവാരണ മാര്‍ഗ്ഗങ്ങളില്ലെന്നുള്ള മൃഗ ഡോക്ടറുടെ അഭിപ്രായമാണ് രഞ്ജിനിയെ ചൊടിപ്പിച്ചത്ഇതോടെ അവരുടെ നേതൃത്വത്തില്‍ ഒരു സംഘം പട്ടിപ്രേമികള്‍ വേദിയില്‍ കയറി ഡോക്ടര്‍ക്കെതിരെ തിരിഞ്ഞു. രഞ്ജിനി ബലം പ്രയോഗിച്ച് മൈക്കു പിടിച്ചു വാങ്ങി, നായ്ക്കളെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും, ശാസ്ത്രീയ വന്ധീകരണമാണ് വേണ്ടതെന്നും വാദിച്ചു. നായ്ക്കളുടെ പ്രജനനം തടയുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ പരാജയമാണെന്നു പറഞ്ഞതോടെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്തു പ്രസിഡന്റുമാര്‍ ഇവര്‍ക്കു നേരെ തിരിഞ്ഞുബഹളത്തെ തുടര്‍ന്നു യോഗം അലങ്കോലപ്പെട്ടു.
താരപ്രകടനം സഹിക്ക വയ്യാതെ പഞ്ചായത്തു പ്രസിഡന്റുമാര്‍ യോഗം ബഹിഷ്‌ക്കരിച്ചു.' ടെലിവിഷന്‍ ചാനലുകളും ഈ കോലാഹലത്തിന്റെ ദൃശ്യവിരുന്ന് കാണികള്‍ക്കായി കാഴ്ച്ചവെച്ചു. ഒരു അരിസ്‌റ്റോക്രാറ്റിക് ഇനത്തില്‍പ്പെട്ട പട്ടിയെ ചുംബിച്ചുകൊണ്ടു നില്‍ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ഫോട്ടോയും വാര്‍ത്തയോടൊപ്പം ചേര്‍ത്തിരുന്നു.
എത്രയും ബഹുമാനപ്പെട്ട രഞ്ജിനി ഹരിദാസ് തെരുവു നായ്ക്കള്‍ക്കു വേണ്ടി വാദിച്ചത് ഏറ്റവും മനുഷ്യത്വപരമായ ഒരു നടപടിയാണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. ചില സാമ്പിളുകള്‍ ചുവടെ ചേര്‍ക്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.