You are Here : Home / Editorial

പട്ടി പ്രശ്‌നം

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, August 16, 2017 11:16 hrs UTC

തെരുവു നായ്ക്കളുടെ തേര്‍വാഴ്ച കേരളത്തില്‍ തുടങ്ങിയിട്ടു കുറച്ചുകാലമായി-ആവശ്യമില്ലാതെ കുരയ്ക്കുന്നു-വഴിയാത്രക്കാരെ കടിച്ചു പറിയ്ക്കുന്നു-ചിലരെ കൂട്ടം ചേര്‍ന്നു ആക്രമിച്ചു കൊല്ലുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്ക•ാരില്‍ പലരും ഇതില്‍ നിന്നു വ്യത്യസ്ഥമല്ല-ചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും-ചിലര്‍ 1, 2, 3 പറഞ്ഞ് ചിലരെ അടിച്ചു കൊല്ലുന്നു, വെടിവെച്ചു കൊല്ലുന്നു, വെട്ടിക്കൊല്ലുന്നു! അത് അവിടുത്തെ കാര്യം- കാര്യങ്ങളൊക്കെ മുറപോലെ നടന്നു കൊള്ളും! ഇന്നു രാവിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ Clove Lakes Park- ല്‍ നടക്കുവാന്‍ പോയപ്പോള്‍(കൂടുതല്‍ സമയം ബെഞ്ചിലിരിക്കുകയാണു എന്റെ പതിവ്-എനിക്കു വേണ്ടി കൂടി ഭാര്യ നടന്നു കൊള്ളും) ഒരാള്‍ ഒരു പട്ടിക്കുഞ്ഞിനെ നടത്തിക്കൊണ്ടു വരുന്നു-ആളിനൊരു മലയാളി ലുക്കുണ്ട്- അടുത്തു വന്നപ്പോഴാണ് ആളിനെ മനസ്സിലായത്- എന്റെ ഒരു അടുത്ത പരിചയക്കാരനായ ബേബി.

 

 

'ബേബീ, എന്നു മുതലാ ഈ പരിപാടി തുടങ്ങിയത്?' 'എന്തു പറയാനാ അങ്കിളേ! പിള്ളാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വാങ്ങിച്ചാ! പിള്ളേരു അതിനെ പെറ്റു ചെയ്യും- ബാക്കി കാര്യമെല്ലാം ഞാന്‍ നോക്കണം-' ആമുഖമായി ബേബി അത്രയും പറഞ്ഞു. 'ഇവന്റെ പേരെന്താ?' പട്ടിയായാല്‍ ഒരു പേരു വേണമല്ലോ! 'ഞാന്‍ ഈ പറയുന്നതു സത്യമല്ലെങ്കില്‍, എന്റെ പേര് നിന്റെ പട്ടിക്കിട്ടോ' എന്നുള്ള പഴയ ഡയലോഗ് കേട്ടിട്ടില്ലേ? 'ഇവന്‍ അല്ലങ്കിളേ-ഇവളാ-മോച്ചി' 'മോച്ചിയോ- അതെന്തു പേരാ?' 'അങ്കിളേ ഈ മോച്ചി കോഫിയും, ചോക്ലേറ്റും മറ്റുമില്ലേ- പിള്ളേരു പറഞ്ഞു മനുഷ്യരുടെ പേരൊന്നും ഇടരുതെന്ന്- അതാ 'മോച്ചി' യെന്ന പേരിട്ടത്- ബേബി വെളുക്കെ ചിരിച്ചു. 'ഇതിനെ എവിടെ നിന്നും കിട്ടി?' - കാണാന്‍ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയുടെ പൂര്‍വ്വ ചരിത്രം ഞാന്‍ അന്വേഷിച്ചു. 'രണ്ടായിരം ഡോളറു കൊടുത്തു വാങ്ങിച്ചതാ?' ഇതിനെ പരിപാലിച്ചു നടക്കുന്നതോര്‍ത്തപ്പോള്‍, ആയിരം ഡോളറു കിട്ടിയാലും അങ്ങു വിറ്റു കളയാമെന്നു വിചാരിച്ചു. പക്ഷേ പെണ്ണും പിള്ളയും പിള്ളേരും സമ്മതിച്ചില്ല-ഇപ്പോള്‍ എനിക്കും ഇവളോടൊരു പ്രത്യേക സ്‌നേഹമാ-ഇനിയും 'മോച്ചി' യെ കളയുന്ന പ്രശ്‌നമില്ല. യജമാനെന്റെ ഉറപ്പു കേട്ടപ്പോള്‍ 'മോച്ചി'യുടെ കണ്ണില്‍ ഒരു തിളക്കം-സ്‌നേഹപൂര്‍വ്വം അവള്‍ വാലാട്ടി.

 

 

ഇപ്പം തീരെ കുഞ്ഞാ- ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ sterilization  നടത്തണം- മോച്ചി ഒന്നു മുറുമുറത്തു. 'എന്റെ അങ്കിളെ ഒരു ദിവസം ഇതിനെ കാണാതെ പോയി. ആ കാട്ടിലെങ്ങാണ്ടു കയറിപ്പോയതാ-' മോച്ചി, മോച്ചി എന്നു വിളിച്ചുകൊണ്ടു ഞാനിവിടെല്ലാം നടന്നു. ഞാനാകപ്പാടെ വിഷമിച്ചു-അവസാനം ഒരു മദാമ്മ പറഞ്ഞു. കുന്നിന്റെ മുകളിലുള്ള ഒരു ബെഞ്ചില്‍ മോച്ചി കിടക്കുന്നതു കണ്ടെന്ന് ഇപ്പോള്‍ ഈ പാര്‍കകിലുള്ളവര്‍ക്കെല്ലാം ഇവളെ അറിയാം.' മോച്ചിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് ബേബി അഭിമാനം പൂണ്ടു. ഇപ്പോള്‍ മോച്ചിയുടെ കഴുത്തില്‍ രണ്ടുമൂന്നു ടാഗുണ്ട്- പേര്, വിലാസം, ഫോണ്‍ നമ്പര്‍- ഇനി മോച്ചിയെ കാണാതെ പോകുന്ന പ്രശ്‌നമില്ല. ഇതേ പാര്‍ക്കില്‍ മൂന്നാലു വര്‍ഷം മുന്‍പ് എന്റെ സുഹൃത്ത് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഒരു പട്ടിയുമായി നടക്കുവാന്‍ വരുമായിരുന്നു- ഒരു പൂച്ചയുടെ വലുപ്പമുള്ള പട്ടി. എന്നെക്കണ്ടപ്പോള്‍, 'മോളെ, ഇതു നമ്മുടെ മൈലപ്രാ അങ്കിളാ!' എന്നു പരിചയപ്പെടുത്തി.

 

 

'എന്റെ പൊന്നു രാജു പട്ടിയെക്കൊണ്ട് എന്നെ അങ്കിളെന്നു വിളിപ്പിക്കരുതെന്നു' പറഞ്ഞപ്പോള്‍ രാജു ഒന്നു ചിരിച്ചു- 'പട്ടിയെക്കൊണ്ടല്ല- വേണ്ടി വന്നാല്‍ പന്നിയെക്കൊണ്ടു നിന്നെ അങ്കിളെന്നു വിളിപ്പിക്കും' എന്നൊരു ധ്വാനി ആ ചിരിയിലുണ്ടായിരുന്നോ എന്നൊരു സംശയം. വീണ്ടും രാജുവിനെ പാര്‍ക്കില്‍വെച്ചു കണ്ടപ്പോള്‍ പട്ടിക്കുഞ്ഞു കൂടെയില്ല. 'എന്റെ രാജു ഞാന്‍ മടുത്തു- ഈ കുന്തത്തിനെ വീട്ടിലിട്ടിട്ടു എങ്ങോട്ടെങ്കിലും പോകുവാന്‍ പറ്റുമോ- ഞാനതിനെയങ്ങു തട്ടി' 'എന്താ? പട്ടിയെ കൊന്നെന്നോ?' 'ഏയ് കൊന്നുമൊന്നുമില്ല- നയഗ്രാ കാണാന്‍ പോയപ്പോള്‍ ഞാന്‍ അതിനെ കാനഡയില്‍ കൊണ്ടുവിട്ടു- ഇനി തിരിച്ചു വരുമെന്നു തോന്നുന്നില്ല- പട്ടിക്ക് പാസ്‌പോര്‍ട്ടൊന്നുമില്ലല്ലോ!' ക്യാപ്റ്റന്റെ പൊട്ടിച്ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു. എന്റെ മറ്റൊരു സുഹൃത്ത് ന്യൂജേഴ്‌സിയിലുള്ള കുഞ്ഞുമോനും ഒരു പട്ടിയുണ്ടായിരുന്നു- വലിയ വലുപ്പമുണ്ടായിരുന്നെങ്കിലും ആളൊരു പാവമായിരുന്നു. പട്ടിക്കു പ്രായമായിട്ടും കുഞ്ഞുമോന്‍ അതിനെ ഉപേക്ഷിച്ചില്ല.

 

 

 

അപ്പോഴാണു വീട്ടിലൊരു അലര്‍ജി പ്രശ്‌നം വന്നത്- പട്ടിയേയും, പൂച്ചയേയും, പക്ഷിയേയൊന്നും വീട്ടില്‍ വളര്‍ത്തരുതെന്നു ഡോക്ടറുടെ കര്‍ശന നിര്‍ദേശം. നിവൃത്തിയില്ലാതെ കുഞ്ഞുമോന്‍ അതിനെ കുറച്ചകലെയുള്ള ഒരു പാര്‍ക്കില്‍ കൊണ്ടു വിട്ടു. ഒരു കുറ്റബോധം കുഞ്ഞുമോന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പാര്‍ക്കില്‍ പോയി ഒന്നു നോക്കിയാലോ?(Crime Scene- ലേക്കു കുറ്റവാളി മടങ്ങിവരുമെന്നാണു ശാസ്ത്രം). അവിടെ ചെന്നപ്പോള്‍ പട്ടി അതിനെ വിട്ട സ്‌പോര്‍ട്ടില്‍ തന്നെ അലഞ്ഞു നടക്കുന്നു-ആകെ ക്ഷീണിച്ച്, തളര്‍ന്നു- കുഞ്ഞുമോന്റെ ശബ്ദം കേട്ടപ്പോള്‍ അത് ഓടിയെത്തി- അതിനെ അവിടെ ഉപേക്ഷിച്ചു പോരുവാന്‍ കുഞ്ഞുമോനു മനസുണ്ടായില്ല. അനുബന്ധം: ഒരു പട്ടിയേയും ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹിക്കരുത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.