You are Here : Home / Aswamedham 360

മൂന്നാം മുന്നണിക്കായി തീവ്രശ്രമം; നവീന്‍ പട്‌നായിക്‌ നയിക്കും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, January 03, 2014 06:30 hrs UTC

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി 2014 ലോകസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ മൂന്നാം മുന്നണി വരാന്‍ സാധ്യത. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡണ്ടുമായ നവീന്‍ പട്‌നായിക്കാണ്‌ ഈയൊരാവശ്യം ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്‌. അഴിമതിക്കാരായ കോണ്‍ഗ്രസിനും വര്‍ഗീയവാദികളായ ബിജെപിക്കും ബദലായി ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന്‌ കഴിഞ്ഞ ദിവസം ഇദ്ദേഹം ഭുവനേശ്വറില്‍ പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ഥിരവും മതേതരവുമായ ഒരു ഗവണ്‍മെന്റ്‌ ഇന്ത്യയില്‍ ആവശ്യമാണ്‌. എന്നാല്‍ ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ രൂപവത്‌കരിക്കാന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ സാധ്യമാവില്ല. അതു കൊണ്ടു തന്നെ ഇതിനു ബദലായി ഒരു മൂന്നാം മുന്നണി വരേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ ഡി രൂപവത്‌കരണത്തിന്റെ 16ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ്‌ അദ്ദേഹം ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്‌. എന്തു തന്നെയായാലും അഴിമതി പുരണ്ട കോണ്‍ഗ്രസ്‌, വര്‍ഗ്‌ീയ വാദമുയര്‍ത്തുന്ന ബിജെപി എന്നീ വിശേഷണങ്ങളിലൂടെ ദേശീയ രാഷ്‌ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ തന്നെയാണ്‌ നവീന്‍ പട്‌നായിക്കിന്റെ ശ്രമം എന്നതും വ്യക്തമാണ്‌. കഴിഞ്ഞ തവണ ഒഡിഷയില്‍ നിന്നുള്ള 21 സീറ്റുകളില്‍ 14 ലും ബിജെഡി നേടിയിരുന്നു. ഇത്തവണ അതില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ്‌ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ഉറപ്പു നല്‍കിയിരിക്കുന്നത്‌. 2014 തിരഞ്ഞെടുപ്പിന്‌ മുമ്പായി ഫെഡറല്‍ ഫ്രണ്ട്‌ എന്ന പേരില്‍ പ്രാദേശിക പാര്‍ട്ടികളും ഇടതു പാര്‍ട്ടികളും യോജിച്ച ഒരു സഖ്യം ആവശ്യമാണെന്ന്‌ പട്‌നായിക്‌ പറയുന്നു. യുപിഎ പല കാര്യങ്ങളിലും ഒഡീഷയെ അവഗണിക്കുകയാണെന്ന പരാതിയും 2000 മാര്‍ച്ചു മുതല്‍ ഒഡീഷയുടെ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായികിനുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.