You are Here : Home / Aswamedham 360

മോഡിയോ രാഹുലോ

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, June 10, 2013 12:32 hrs UTC

നരേന്ദ്രമോഡിയോ രാഹുല്‍ ഗാന്ധിയോ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി? ഇന്ത്യന്‍ വോട്ടറുടെ മനസ്സിലിരിക്കുന്നു ഉത്തരം. പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടിയുള്ള മല്‍സരം ഇവര്‍ രണ്ടുപേരും തമ്മിലായിരിക്കുമെന്ന ഉറപ്പായിക്കഴിഞ്ഞു. ഇതില്‍ ആരെ തെരഞ്ഞെടുക്കണം എന്ന വോട്ടറുടെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ ഭാവിയെ നിര്‍ണയിക്കുന്ന ഒന്നായി തീരും. കാരണം, രണ്ട് വ്യക്തികളും രണ്ട് രാഷ്ട്രീയപാര്‍ട്ടികളെ മാത്രമല്ല, രണ്ട് പ്രവണതകളെയും രണ്ട് തലമുറകളെയും രണ്ട് സമീപനങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ്. ഇന്ത്യയിലെ ഏറ്റവും അനഭിലഷണീയനായ മുഖ്യമന്ത്രിയെന്ന നിലയില്‍നിന്നാണ് നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തുന്നത്. തന്റെ ജന്മാഭിലാഷത്തിനുവേണ്ടി മോഡി ഒരു പതിറ്റാണ്ടായി നിശ്ശബ്ദം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബി.ജെ.പി എന്ന തീവ്ര വംശീയ പാര്‍ട്ടിയെ അപ്പടി ഹൈജാക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് മോഡിയുടെ വിജയം. ആഗോളീകരണത്തിന്റെ വരവോടെ ഇന്ത്യയില്‍ ശക്തിപ്രാപിച്ച ഹിന്ദുത്വ വര്‍ഗീയത ഏറ്റവും ഫലപ്രദമായി രാഷ്ട്രീയത്തില്‍ പ്രയോഗിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. ഗാന്ധി വധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായ ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ ഇന്ത്യയെ വര്‍ഗീയമായി ചിട്ടപ്പെടുത്താനും അതുവഴി വോട്ടുബാങ്കുകളുണ്ടാക്കാനും വളരാനും ബി.ജെ.പിക്ക് കഴിഞ്ഞു.

 

കോണ്‍ഗ്രസ് പോലുള്ള മതേതര ദേശീയ പാര്‍ട്ടികള്‍ക്കുപോലും മൃദു ഹിന്ദുത്വ സമീപനങ്ങളോടെ ബി.ജെ.പി തുറന്നുവിട്ട വര്‍ഗീതഭൂതവുമായി സന്ധി ചെയ്യേണ്ടിവന്നു പലപ്പോഴും. രണ്ട് ദശാബ്ദങ്ങള്‍ക്കുശേഷം ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയതക്ക് അതിപ്രധാനമായ രാസപരിണാമം സംഭവിച്ചു. ആഗോളീകരണത്തെുടര്‍ന്നുണ്ടായ നവലിബറല്‍ നയങ്ങള്‍ ഇന്ത്യയെ കോര്‍പറേറ്റുകളുടെ ഇഷ്ടസാമ്രാജ്യമാക്കി മാറ്റി. കോര്‍പറേറ്റുവല്‍ക്കരണം നവസാമ്പത്തിക സാമ്രാജ്യത്വത്തിന്റെ അടിത്തറയാണ്. മൂലധന ശക്തികളുടെ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികവും പിന്നീട് രാഷ്ട്രീയവുമായ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ നവസാമ്രാജ്യത്വം ഏല്‍പ്പിച്ച ഏജന്‍റുമാരാണ് കോര്‍പറേറ്റുകള്‍ . ഇന്ത്യയില്‍ കോണ്‍ഗ്രസിനേക്കാള്‍ കോര്‍പറേറ്റുകള്‍ക്ക് പഥ്യം ബി.ജെ.പിയാണ്. കാരണം, അതിവേഗം മധ്യവര്‍ഗവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാനും അതുവഴി ഗണ്യമായൊരു വിഭാഗത്തെ നിയന്ത്രണത്തിലാക്കാനും കെല്‍പ്പുള്ള പാര്‍ട്ടി ബി.ജെ.പിയാണ് എന്ന് കോര്‍പറേറ്റുകള്‍ക്ക് അറിയാം. ഇന്ത്യന്‍ ജനതയിലെ സാധാരണക്കാരെയും ദരിദ്രരെയും സ്ത്രീകളെയും ദലിതരെയും പിന്നാക്കക്കാരെയും പുറംതള്ളി വിപണിയില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള മധ്യവര്‍ഗത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള രാഷ്ട്രീയ ഭൂമിക ഒരുക്കാന്‍ കഴിയുക ബി.ജെ.പിക്കാണ്.

 

അതിന് പറ്റിയ ഏറ്റവും മികച്ച ഇന്ത്യന്‍ നേതാവ് നരേന്ദ്രമോഡി തന്നെയാണ്. കാരണം, ഗുജറാത്തില്‍ ഈ വംശീയവിഭജനം ഏറ്റവും ഫലപ്രദമായി മോഡി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആയിരങ്ങളെ കൂട്ടക്കുരുതി ചെയ്ത വംശഹത്യക്കുശേഷം ഗുജറാത്ത് സമൂഹത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയ വിഭജനത്തിന് ഏറ്റവും കൂടുതല്‍ ഒത്താശ ചെയ്തത് കോര്‍പറേറ്റുകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍തീരവും ഭൗതിക വിഭവങ്ങളുമുള്ള സംസ്ഥാനത്തെ ഇന്ത്യന്‍- വൈദേശിക കോര്‍പറേറ്റുകള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ് മോഡി. മല്‍സ്യതൊഴിലാളികളെയും പിന്നാക്കക്കാരെയൂം മുസ്ലിംകളെയും ആദിവാസികളെയും അവരുടെ ആവാസഭൂമിയില്‍ നിന്ന് ആട്ടിയോടിച്ച് അവരുടെ ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിന്റെ കടല്‍തീരം ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ കൈയടക്കി കഴിഞ്ഞു, നയാ പൈസ നല്‍കാതെ. വംശഹത്യക്കുശേഷം സ്വന്തം മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന മുസ്ലിംകള്‍ ഒരുകാരണവശാലും അവിടേക്ക് തിരിച്ചുവരാതിരിക്കാന്‍ മോഡി ആസൂത്രീതമായ നടപടികളാണ് കൈക്കൊള്ളുന്നത്. മുസ്ലിംകളെ ഒറ്റപ്പെടുത്തിയും വേര്‍തിരിച്ചും താമസിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഘെട്ടോവല്‍ക്കരണം സമര്‍ഥമായി നടപ്പാക്കിക്കഴിഞ്ഞു. ഈ പ്രദേശങ്ങളെല്ലാം കോര്‍പറേറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഒരുവേള, ഗുജറാത്ത് വംശഹത്യ തന്നെ ഈയൊരു പ്രക്രിയക്കുവേണ്ടി ആസൂത്രണം ചെയ്തതാണെന്ന സൂചനയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. തൊണ്ണുറുകളിലെ ഹിന്ദുത്വ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ കാലത്തിനനുസരിച്ച് നവീകരിച്ച പ്രയോഗിക്കുകയാണ് മോഡി ചെയ്യുന്നത്. അതുകൊണ്ടാണ് മാറ്റത്തിനെതിരെ നിലകൊള്ളുന്ന അദ്വാനിയുടെ നേതൃത്വം മോഡിക്കെതിരെ നിലകൊള്ളുന്നത്. ഹിന്ദുത്വയുടെ കോര്‍പറേറ്റുവല്‍ക്കരണം മോഡിയെപ്പോലെ ആധുനികനായ ഒരു ഫാസിസ്റ്റിനുമാത്രം പ്രയോഗിക്കാവുന്ന പ്രത്യയശാസ്ത്രമാണ്. ഇക്കാര്യത്തില്‍ മോഡിയോട് മല്‍സരിക്കാന്‍ ഇപ്പോഴത്തെ ബി.ജെ.പി നേതൃത്വത്തിനാകില്ല. മറുവശത്തെ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ഒരു കോര്‍പറേറ്റ് വിരുദ്ധനൊന്നുമല്ല. രാഹുലിനെ മോഡിയില്‍നിന്ന് വ്യത്യസ്തനാക്കുന്നത് കോണ്‍ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ അതിവിപുലമായ സ്വാധീനവലയമാണ്. എന്തൊക്കെ കുറവുകളോടെയാണെങ്കിലും ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഇന്നും പ്രതിനിധീകരിക്കുന്ന ഏക പ്രസ്ഥാനം, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്. അതിന്റെ ബഹുസ്വര വൈവിധ്യവും ജനകീയ പ്രാതിനിധ്യവും നല്‍കുന്ന കരുത്ത് രാഹുല്‍ഗാന്ധിക്ക് സ്വന്തമാണ്. എന്നാല്‍, ഈയൊരു ഉയരത്തിലേക്ക് കുതിക്കാന്‍ രാഹുലിന്റെ നേതൃത്വം അര്‍ഹത നേടിയിട്ടുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇല്ല എന്നുതന്നെയാണ് ഉത്തരം. കാരണം, രാജീവ്ഗാന്ധിയുടെ വിദൂരച്ഛായയുള്ള രാഹുലിന്റെ സമീപനം പൊതുവെ കോണ്‍ഗ്രസിന്റെ ജനകീയമായ അടിത്തറക്ക് വിരുദ്ധമാണ്. ആദിവാസികളുടെ കൂരയില്‍ ഇരുന്ന് കഞ്ഞി കുടിച്ചും വഴിയോരത്തെ തട്ടുകടകളില്‍ കയറി പരിപ്പുവട കഴിച്ചും അദ്ദേഹം തന്റെ ഉന്നതകുലപ്രാതിനിധ്യം മറികടക്കാന്‍ ഭഗീരഥപ്രയത്നം നടത്തുന്നുണ്ടെങ്കിലും ഒരു ഹൈടെക് സംവിധാനത്തിലൂടെയാണ് രാഹുല്‍ സംഘടനയെ നയിക്കുന്നത്.

 

 

ഇത് പലപ്പോഴും പാര്‍ട്ടിയുടെ ജനകീയതയെ അട്ടിമറിക്കുന്നുമുണ്ട്. കേരളത്തില്‍ ഈയിടെ രാഹുലിന്റെ കാര്‍മികത്വത്തില്‍ നടന്ന യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉദാഹരണം. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കാന്‍ തികഞ്ഞ സാങ്കേതിക തികവോടെ സംഘടിപ്പിച്ചതായിരുന്നു ഈ തെരഞ്ഞെടുപ്പ്. എന്നാല്‍, സംഭവിച്ചതെന്താണ്? രാഷ്ട്രീയ നിലപാടുകള്‍ക്കുപകരം, ഹൈടെക് സാങ്കേതികതയില്‍ വിജയിക്കാന്‍ കഴിഞ്ഞ ചില വ്യക്തികളാണ് താഴെതലം മുതല്‍ ജയിച്ചുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ നിരീക്ഷിച്ചാലറിയാം, അവരില്‍ ഒരാളും രാഷ്ട്രീയമായി കേരളീയ പൊതുസമൂഹത്തിന് പരിചിതരല്ല. സ്വന്തം അനുയായി വൃന്ദങ്ങള്‍ക്കല്ലാതെ. ജനകീയ സമരങ്ങളായിരുന്നു മുമ്പ് എ.കെ ആന്‍റണിയെയും വയലാര്‍ രവിയെയും വി.എം സുധീരനെയുമെല്ലാം യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലത്തെിച്ചതെങ്കില്‍ ഇന്ന് അത്തരമൊരു അടിത്തറ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ആവശ്യമില്ലാതായിരിക്കുന്നു. ഇത് കോണ്‍ഗ്രസിനെപ്പോലൊരു സംഘടനയെ സംബന്ധിച്ച് അഭികാമ്യമായ മാറ്റമല്ല. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഹൈടെക് ഉപദേശകസംഘത്തില്‍നിന്ന് മോചിതനായി യഥാര്‍ഥ കോണ്‍ഗ്രസിനെ വീണ്ടെടുക്കുകയാണ് വേണ്ടത്. അത്തരമൊരു കോണ്‍ഗ്രസിനേ അഴിമതിയും വര്‍ഗീയതയും ചെറുക്കാനും ജനകീയ ഭരണം സ്ഥാപിക്കാനും കഴിയൂ. യു.പി.എ ഭരണം അഴിമതിയുടെ നിലയില്ലാക്കയത്തിലേക്ക് കൂപ്പുകുത്തിയിട്ടും സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിന് ഇടപെടാന്‍ കഴിയാത്തത് അതിന് ജനകീയത നഷ്ടമായി എന്നതുകൊണ്ടാണ്. ഹൈക്കമാന്‍ഡ് എന്ന അധികാരകേന്ദ്രത്തിനുകൈവന്ന അമിതമായ സ്വാധീനം സംഘടനയിലെ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുന്നു. ചോദ്യം ചെയ്യല്‍ ഇഷ്ടമില്ലാത്ത, ചോദ്യം ചെയ്യല്‍ സ്വീകരിക്കാത്ത, എല്ലാം മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഒരു നേതൃത്വത്തെ അതേപടി സംരക്ഷിക്കുകയാണ് രാഹുല്‍ ഗാന്ധിയൂം ചെയ്യുന്നത്.

 

അതുവഴി മോഡിയുടെയും രാഹുലിന്റേയും രാഷ്ട്രീയപ്രയോഗങ്ങള്‍ തമ്മില്‍ വലിയ അന്തരമില്ലാതാകുന്നു. ഈയൊരു അവസ്ഥ രാഹുലിനാണ് ഏറെ നഷ്ടമുണ്ടാക്കുക. കാരണം, തങ്ങള്‍ക്ക് അഭിമതനായ ഒരാളെ പ്രധാനമന്ത്രിയാക്കാനാണ് കോര്‍പറേറ്റുകള്‍ ശ്രമിക്കുക. അത് മോഡിയായിരിക്കുകയും ചെയ്യും. സമ്മതിനാദാവകാശത്തെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ തക്ക ഇടപെടല്‍ നടത്താന്‍ ശേഷിയുള്ളവരാണ് ഈ കോര്‍പറേറ്റുവര്‍ഗം എന്നോര്‍ക്കുക. അതുകൊണ്ട് മോഡിയും രാഹുലും തമ്മിലുള്ള മല്‍സരത്തില്‍ മോഡിക്ക് അനുകൂലമായ ഘടകങ്ങളാണ് ഇന്ന് ഏറെയുള്ളത്. മോഡിയും തീവ്രഹിന്ദുത്വവുമായിരിക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ച. ഒരു വശത്ത് മോഡിയും മറുവശത്ത് രാഹുല്‍ ഗാന്ധിയും നയിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ബി.ജെ.പിയുടെ പ്രചാരണ സമിതി അധ്യക്ഷന്‍ മോഡിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ നേരത്തേ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഒറ്റക്ക് ഭരണം നിയന്ത്രിക്കാന്‍ തക്കവണ്ണം സീറ്റുകള്‍ കിട്ടുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. മോഡിയുടെ രംഗപ്രവേശത്തിലൂടെ ഹിന്ദുത്വവോട്ടുകള്‍ ഒന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

 

 

ഇത് കോണ്‍ഗ്രസിന് നേട്ടമാകും. കാരണം, ന്യൂനപക്ഷങ്ങളുടെ വോട്ട് ധാരാളമായി കോണ്‍ഗ്രസിന് ലഭിക്കാനിടയുണ്ട്. ഇത് കോണ്‍ഗ്രസില്‍ രാഹുല്‍ യുഗത്തിന് തുടക്കം കുറിച്ചേക്കും. ബി.ജെ.പിയില്‍ മോഡി വിരുദ്ധരുടെ കാലുവാരല്‍ കൂടി നടന്നാല്‍, കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാം. അതേസമയം, ഒരു പൊതുതെരഞ്ഞെടുപ്പ് ഒറ്റക്ക് ജയിക്കാന്‍ കഴിയാത്തവിധം ബി.ജെ.പിയും കോണ്‍ഗ്രസും ബലഹീനമാണ്. അതു കൊണ്ടുതന്നെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇത്തവണ വന്‍ സാധ്യതയാണുള്ളത്. ഇവരുടെ നയനിലപാടുകള്‍ക്ക് അനുസരിച്ച് മുന്നോട്ടു നീങ്ങേണ്ടി വരുമെന്നതാണ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും മുന്നിലെ വെല്ലുവിളി. അതുകൊണ്ടു തന്നെ, മൂന്നാമതൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി വരാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യങ്ങളെ രാഷ്ട്രീയമായ പാകതയോടെ, തനിക്ക് അനുകൂലമാക്കുന്നതില്‍ രാഹുല്‍ എത്രകണ്ട് വിജയിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.