You are Here : Home / Aswamedham 360

ഇ.പി. ജയരാജനെതിരെ എസ്.എഫ്.ഐ; ഇനിയും പഠിപ്പു മുടക്കും

Text Size  

Geethu Thambi

Aswamedham News Team

Story Dated: Thursday, July 24, 2014 06:47 hrs UTC

സമരത്തിനാധാരമാകുന്ന കാരണങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് സമരരീതി നിര്‍ദ്ദേശിക്കാന്‍ യാതൊരു അവകാശവുമില്ലെന്നു എസ് എഫ് ഐ അഖിലേന്ത്യാ പ്രസിടന്റ്റ് വി.ശിവദാസന്‍ അശ്വമേധത്തോട്. അഭിമുഖത്തില്‍ നിന്ന്





പഠിപ്പു മുടക്കിയുള്ള സമരം വേണ്ടെന്ന് ഇ.പി ജയരാജന്‍ പറയുന്നു. വേണമെന്ന് പി.ജയരാജന്‍ പറയുന്നു. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരവ്യക്തതയുണ്ട്. ഇക്കാര്യത്തില്‍ എസ്.എഫ്.ഐ യുടെ നിലപാട് എന്താണ് ?


എസ്എഫ്‌ഐക്ക് ഇക്കാര്യത്തില്‍ ഒരവ്യക്തതയുമില്ല. സാമൂഹ്യസാഹചര്യങ്ങളാണ് സമരത്തെ നിശ്ചയിക്കുന്നത്. അതു കൊണ്ടു തന്നെ പഠിപ്പ് മുടക്ക് സമരം വേണ്ട, അല്ലെങ്കില്‍ വേണം എന്ന് ഏതെങ്കിലുമൊരു വ്യക്തി പറഞ്ഞതു കൊണ്ട് ഉണ്ടാവുന്നതോ അവസാനിക്കുന്നതോ അല്ല ഏതു സമരരീതിയും. 1917 ലെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ സമരരീതി 1800 കളില്‍ നിശ്ചയിക്കപ്പെട്ടതല്ലല്ലോ. അടിയന്തിരാവസ്ഥയിലെ സമരരീതിയും അതിന് പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പു നിശ്ചയിക്കപ്പെട്ടതല്ല. ഓരോ സമരരീതിയും നിശ്ചയിക്കപ്പെടുക അതത് കാലത്തിന്റെയും സാമൂഹ്യ സാഹചര്യത്തിന്റെയും സവിഷേഷതകള്‍ കൂടി ചേര്‍ത്തു വെച്ചു കൊണ്ടായിരിക്കും. കേരളത്തില്‍ ഇപ്പോള്‍ നടന്നിട്ടുള്ള ചര്‍ച്ച സമരരീതി എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചാണ്. സമരത്തിനാധാരമാകുന്ന കാരണങ്ങള്‍ സൃഷ്ടിക്കുന്ന ആളുകള്‍ക്ക് സമരരീതി എങ്ങനെയായിരിക്കണം എന്നു നിര്‍ദ്ദേശിക്കാന്‍ യാതൊരു അവകാശവുമില്ല.  അങ്ങനെ അവരാരെങ്കിലും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും പരിഹാസ്യമായി മാറുകയാണ് ചെയ്യുക. ഭരണകൂട നയങ്ങളുടെ ദ്രോഹം ഏറ്റു വാങ്ങേണ്ടി വരുന്ന ജനങ്ങളാണ് സമരത്തിന്റെ രീതി നിശ്ചയിക്കുക. അതു കൊണ്ടു തന്നെ സമരരീതി ഏതെങ്കിലുമൊരു വ്യക്തിയെ കേന്ദ്രീകരിച്ചു കൊണ്ട് നിശ്ചയിക്കപ്പെടുന്നതല്ല എന്നാണ് ഇത് സംബന്ധിച്ച് പറയാനുള്ളത്.


വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വാലാകരുത് എന്നും അന്നത്തെ പ്രസംഗത്തില്‍ ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. താങ്കളുടെ ഈ മറുപടിയില്‍ നിന്നും എസ്എഫ് ഐ അത്തരമൊരു സ്വതന്ത്രനിലപാട് എടുക്കുകയാണ് എന്നാണോ മനസിലാക്കേണ്ടത് ?



അതിന് എന്താണ് സംശയം. എസ്എഫ്‌ഐ ഇന്നു മാത്രമല്ല. എല്ലാക്കാലത്തും  ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയുടെ വാലാവാതെ ഏറ്റവും ശരിയും കൃത്യയതയുമാര്‍ന്ന നിലപാട് എടുത്തിട്ടുള്ള സംഘടനയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലായി എസ്എഫ് ഐ പ്രവര്‍ത്തിക്കില്ല. അതു കൊണ്ടാണല്ലോ ഈ കാര്യത്തിലുള്‍പ്പടെ എസ്എഫ് ഐക്ക് എസ് എഫ് ഐയുടേതായ നിലപാട് വ്യക്തമാക്കാന്‍ കഴിയുന്നതും. ഇത് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇന്ത്യാരാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെയും സംഘടനയാണ്. ആ നിലയില്‍ എസ്എഫ് ഐയെ നോക്കിക്കാണണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഈ സ്വതന്ത്രമായ അഭിപ്രായം ഉള്ളതു കൊണ്ട് തന്നെയാണ് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എസ്എഫ്‌ഐക്ക് സാധിച്ചത്. ആ നിലയില്‍ നിങ്ങളും ഇതിനെ വിലയിരുത്തണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. പിന്നെ സമരം തീരുമാനിക്കുന്നത് എസ്എഫ്‌ഐ അല്ലല്ലോ. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായാണ് ഇത്തരം സമരങ്ങള്‍ ഉണ്ടാവുന്നത്. ശരിയായ സമീപനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പിന്നെ പ്രതിഷേധസമരത്തിന്റെ ആവശ്യമില്ലല്ലോ. സമരത്തിനാധാരമായ കാരണങ്ങള്‍ സൃഷ്ടിക്കുന്നവരുടെ നയവുമായി ബന്ധപ്പെട്ടിരിക്കുന്നു സമരരീതിയും. ജനാധിപത്യപരമായി സര്‍ക്കാര്‍ ഇതിനെ നോക്കിക്കാണുകയാണെങ്കില്‍ ഞങ്ങളും ആനിലയില്‍ മാത്രമേ അതിനോടു പ്രതികരിക്കൂ.




അന്നത്തെ താങ്കളുടെ മറുപടി ഇങ്ങനെയായിരുന്നില്ല. കുറച്ചു കൂടി മയത്തോടെയായിരുന്നു താങ്കള്‍ ഇ.പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിച്ചത്



ഞാന്‍ പറഞ്ഞിട്ടുള്ളത് ഒന്നു തന്നെയാണ്. ഞങ്ങള്‍ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണ് സമരം ചെയ്യുന്നത്.  കൂടുതല്‍ പഠിക്കാനുള്ള സാഹചര്യത്തിന് വേണ്ടിയാണ്. കേരളത്തിനകത്ത് അനാവശ്യമായ സമരങ്ങള്‍ നടന്നിട്ടുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യം ആരു ചൂണ്ടിക്കാണിച്ചാലും എസ്എഫ്‌ഐ അതു സംബന്ധിച്ച് ചര്‍ച്ച ചെയ്യും. അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ കുസാറ്റില്‍ പഠിപ്പ് മുടക്ക് സമരത്തിന് കെഎസ്‌യു നോട്ടീസ് കൊടുത്തത് അവിടുത്തെ കാന്റീനിലെ പരിപ്പുവടയുടെ കനം കുറഞ്ഞുപോയി എന്നു പറഞ്ഞായിരുന്നു. ഒരു സ്ഥാപനത്തിനകത്ത് ഇങ്ങനെയുള്ള അനാവശ്യസമരങ്ങള്‍ അവശ്യസമരത്തിന്റെ മുന്നോട്ടു പോക്കിന് തടസമാകുന്നു.. അതു കൊണ്ടു തന്നെ പരിപ്പുവടക്കു വേണ്ടി നടത്തിയതു പോലുള്ള, എ.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സിറിയക് തോമസിന്റെ മുഖത്തടിച്ചതു പോലുള്ള, ശരിയായ തീരുമാനമെടുത്തതിന്റെ പേരില്‍ കേരള ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ മേല്‍ കരി ഓയില്‍ ഒഴിച്ചതു പോലുള്ള സമരങ്ങള്‍ ശരിയായ ഉദ്ദേശ്യവുമായി മുന്നോട്ടു പോകുന്ന സമരങ്ങള്‍ക്ക് മാര്‍ഗ തടസം സൃഷ്ടിക്കും. അതു കൊണ്ടു തന്നെ പഠിപ്പുമുടക്കായാലും പണിമുടക്കായാലും ജനത്തിന്റെ ശരിയായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാവണം എന്നാണ് ഞാന്‍ പ്രതികരിച്ചത്. അത് ഒരു നിലപാടിന്റെ മുകളില്‍ നിന്നാണ്. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെ അഭിപ്രായത്തോടുള്ള പ്രതികരണം എന്ന നിലയിലല്ല.


കേരളത്തില്‍ മുമ്പൊരിക്കല്‍ ക്യാംപസുകളിലെ അരാഷ്ട്രീയവാദം സംബന്ധിച്ച് വലിയ ചര്‍ച്ചകളും സംവാദങ്ങളും നടന്ന് അത് കെട്ടടങ്ങിയതാണ്. വീണ്ടുമൊരു അരാഷ്ട്രീയവാദ ചര്‍ച്ചയിലേക്കാണോ പുതിയ വിവാദവും തിരികൊളുത്തുന്നത് ?


തീര്‍ച്ചയായും. ഈ ചര്‍ച്ചകള്‍ക്കിടെ കേരളത്തിലെ അരാഷ്ട്രീയ വാദികളുടെ അഭിപ്രായങ്ങളും ഇതില്‍ കേള്‍ക്കുകയുണ്ടായി. അതൊക്കെ കേരളത്തിലെ രാഷ്ട്രീയവത്കരണത്തിന് കൂടുതല്‍ സഹായകരമാകുന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

എസ്.എഫ്.ഐ , ഡി വൈ എഫ് ഐ മുതലായ വര്‍ഗ ബഹുജന സംഘടനകള്‍ പഴയതുപോലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ല എന്നു മാത്രമല്ല, ഏറ്റെടുക്കുന്ന സമരങ്ങളൊന്നും പഴയതു പോലെ വിജയിച്ചും കാണുന്നില്ല. എന്താണ് ഇതിനു കാരണം ?



നിങ്ങളാണല്ലോ കാണുന്നില്ല എന്നു പറയുന്നത്. ഓരോ സമരത്തിന്റെയും വിജയം ആ സമരമുണ്ടാക്കുന്ന താല്‍ക്കാലികമായുണ്ടാകുന്ന റിസല്‍ട്ടിനെ മാത്രം വെച്ചു കൊണ്ട് അളക്കരുത്. ഉപ്പു കുറുക്കിയപ്പോള്‍ പതിനായിരക്കണക്കിനാളുകള്‍ ജയിലില്‍ പോയി. എന്നാല്‍ നിയമലംഘനസമരം പിന്‍വലിച്ചപ്പോള്‍ ആ സമരം വിജയിച്ചില്ല എന്ന് ഇന്ത്യയുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കെങ്കിലും വിലയിരുത്താന്‍ പറ്റുമോ. ഓരോ സമരത്തിനും അതിന്റേതായ വിജയങ്ങളുണ്ടാവും. അതിനെ അതത് കാലത്തിന്റെ സാമൂഹികസാഹചര്യത്തോട് ചേര്‍ത്തു കൊണ്ടാണ് അളക്കേണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.