You are Here : Home / USA News

സ്റ്റിയറിങ്ങില്ലാത്ത കാറുമായി ജനറൽ മോട്ടോഴ്സ് വിപണിയിലേക്ക്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, January 29, 2018 05:31 hrs UTC

ന്യൂയോർക്ക്: ഡ്രൈവറുകളില്ലാത്ത വാഹനവുമായി ഗൂഗിൾ ഉൾപ്പെടെയുള്ളവർ വൻ പരീക്ഷണങ്ങളുമായി മുന്നേറുമ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി ജനറൽ മോട്ടോഴ്സ് രംഗത്ത്. സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാതെ പുതിയ വാഹനം നിരത്തിലിറക്കാൻ തങ്ങൾ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങൾക്ക് നൂറിൽ നൂറു മാർക്കും ലഭിച്ചിരിക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. പുതിയ തലമുറയിൽപ്പെട്ട വാഹനവിപണിയിലേക്ക് ഫുൾ ഓട്ടോമേഷൻ ടെക്നോളജിയുമായാണ് ജനറൽ മോട്ടോഴ്സ് എത്തുന്നത്.

പുതിയ ക്രൂസ് എവി വിഭാഗത്തിൽപ്പെട്ട ഷെവർലെ ബോൾട്ട് ഇവി എന്ന വണ്ടി തനിയേ നീങ്ങിക്കൊള്ളും. എവിടേക്കു പോകണം എന്നതു സംബന്ധിച്ചു വാഹനത്തിനുള്ള മാപ്പിൽ രേഖപ്പെടുത്തിയാൽ മതി. എത്രവേഗത്തിൽ പോകണമെന്നും എത്രസമയം കൊണ്ട് എത്തണമെന്നും അറിയിച്ചാൽ‌ കൃത്യമായി വാഹനം അപകടമേതും കൂടാതെ ലക്ഷ്യസ്ഥാനത്ത് വാഹനത്തിലുള്ളവരെ എത്തിക്കും.

ഇത്തരത്തിൽ ലോകത്തിൽ ആദ്യത്തെ പ്രൊഡക്ഷൻ റെഡി വാഹനങ്ങളാണ് ജനറൽ മോട്ടോഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഴ്സിനു ജിഎം കത്തു നൽകി.

സാൻഫ്രാൻസിസ്കോയിലെയും ഫീനിക്സിലെയും തിരക്കേറിയ നഗരത്തിൽ ഈ ഓട്ടോമേഷൻ കാറിന്റെ മാസങ്ങൾ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് ജനറൽ മോട്ടോഴ്സ് ഇതു വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാൻ തയാറാണെന്ന് അറിയിച്ചത്.

ലേസർ സെൻസർ, ക്യാമറ, റഡാർ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാപ്പിങ് ടെക്നോളജിയുടെ സഹായത്തോടെയാണ് കാറിന്റെ സഞ്ചാരം. അടുത്ത വർഷത്തോടെ ഇത്തരത്തിൽപ്പെട്ട കൂടുതൽ അമേരിക്കൻ നിരത്തുകൾ കൈയടക്കുമെന്നാണു കരുതപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.