You are Here : Home / USA News

ഗുര്‍ബീര്‍ സിങ് ഗ്രെവാള്‍ ന്യൂജേഴ്‌സിയുടെ അറ്റോര്‍ണി ജനറല്‍

Text Size  

Story Dated: Tuesday, January 16, 2018 09:16 hrs UTC

ന്യൂജേഴ്‌സി സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ വംശജനും, ടര്‍ബന്‍ ധരിക്കുന്ന സിക്ക് സമുദായാംഗവുമായ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായിരിക്കും ഗുര്‍ബീര്‍ സിങ് ഗ്രെവാള്‍. ന്യൂജേഴ്‌സിയുടെ അടുത്ത ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ഫില്‍ മര്‍ഫി തന്റെ ഭരണകൂടത്തിലെ നിര്‍ണ്ണായകമായ ക്യാബിനെറ്റ് പദവികളിലൊന്നായ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായി ബര്‍ഗന്‍ കൗണ്ടി പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചുവരുന്ന ഇന്ത്യന്‍ വംശജനും സിക്ക് സമുദായാംഗവുമായ ഗുര്‍ബീര്‍ സിങ് ഗ്രെവാളിനെ നാമനിര്‍ദ്ദേശം ചെയ്തു . ആരോഗ്യസംരക്ഷണം, സമ്മതിദാനം, പരിസരമലിനീകരണം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ തത്വദീക്ഷയില്ലാതെ ട്രമ്പ് ഭരണകൂടം നടത്തുന്ന ഏകപക്ഷീയമായ ആക്രമണത്തെ ചെറുക്കുന്നതിന് ഗുര്‍ബീര്‍ സിങ് ഗ്രെവാള്‍ ശക്തമായ നേതൃത്വം സംസ്ഥാനത്തിനു നല്‍കുമെന്ന് ഗവര്‍ണ്ണര്‍ ഇലക്റ്റ് ഫില്‍ മര്‍ഫി പ്രത്യാശ പ്രകടിപ്പിച്ചു. സമാന ചിന്താഗതിയുള്ള സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാരുമായി സഹകരിച്ച്, വാഷിംഗ്ടണ്‍ ഡി.സി,യില്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറപ്പെടുവിക്കുന്ന ജനദ്രോഹ നയപരിപാടികള്‍ എതിര്‍ത്ത് പരാജയപ്പെടുത്തുവാന്‍ കോടതിയെ സമീപിക്കുന്നതിന് തന്റെ അറ്റോര്‍ണി ജനറല്‍ മുന്‍കൈയെടുക്കുമെന്നും മര്‍ഫി ആവര്‍ത്തിച്ചു പ്രസ്താവിച്ചു.

 

പ്രസിഡന്റ് ട്രമ്പ് ദിനന്തോറുമെന്നവണ്ണം ജനങ്ങള്‍ക്കു നേരെ അഴിച്ചുവിടുന്ന നിര്‍ദ്ദയമായ നയപരിപാടികളെ സുധീരം എതിര്‍ത്ത് പരാജയപ്പെടുത്തുവാന്‍ കാര്യപ്രാപ്തിയുള്ള ഒരു അറ്റോര്‍ണി ജനറലാണ് നമുക്കു വേണ്ടതെന്നും ഫെഡറല്‍, കൗണ്ടി തലത്തില്‍ പ്രോസിക്യൂട്ടറായി തിളക്കമാര്‍ന്ന പ്രവര്‍ത്തനമികവു കാഴ്ചവെച്ച ഗ്രെവാളില്‍ തനിക്കു പൂര്‍ണ വിശ്വാസമാണുള്ളതെന്നും നിയുക്ത ഗവര്‍ണര്‍ പറഞ്ഞു. ഇമിഗ്രന്റ് സമൂഹത്തെ സംരക്ഷിക്കുന്നതായാലും, കുട്ടികളായി ഇവിടെയെത്തി അമേരിക്കയില്‍ പഠിച്ചു വളരുന്ന ഡ്രീമേഴ്‌സ് എന്നു വിളിക്കപ്പെടുന്ന യുവജനങ്ങളെ തിരിച്ചയയ്ക്കുന്നതിനായാലും വിവിധതരം വിവേചനങ്ങളായാലും, അഫോര്‍ഡബിള്‍ കെയര്‍ പോലെയുള്ള ആരോഗ്യ സംരക്ഷണമേഖലയെ താറുമാറാക്കുന്നതായാലും, പരിസ്ഥിതിയെ നശിപ്പിക്കുന്നതായാലും, ന്യൂജേഴ്‌സിയിലെ ജനങ്ങള്‍ക്കു ദോഷകരമായ നയങ്ങളെയും നിയമങ്ങളെയും പരമാവധി ചെറുക്കുന്നതിന് ഗുര്‍ബീര്‍ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സ്വപ്നം ന്യൂജേഴ്‌സിയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയും യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നുവെന്നായിരുന്നു ഈ നിയമനത്തെക്കുറിച്ച് ഗുര്‍ബീര്‍ സിങ്ങ് ഗ്രെവാളിന്റെ പ്രതികരണം. അറ്റോര്‍ണി ജനറല്‍ ന്യൂജേഴ്‌സി സംസ്ഥാനത്തെ സുപ്രധാനമായ ഒരു ഉന്നതാധികാര പദവിയായാണ് കണക്കാക്കപ്പെടുന്നത്.

 

സംസ്ഥാനത്തിന്റെ അത്യുന്നത പൊലീസ് മേധാവി, ചീഫ് അറ്റോര്‍ണി എന്നീ സ്ഥാനങ്ങളാണ് അറ്റോര്‍ണി ജനറല്‍ വഹിക്കുന്നത്. സ്‌റ്റേറ്റ് പൊലീസ്, സിവിള്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ്, കണ്‍സ്യൂമര്‍ അഫയേഴ്‌സ്, സിവിള്‍ ലിറ്റിഗേഷന്‍ എന്നിവയുള്‍പ്പെടുന്ന, 7200 ജീവനക്കാരുടെ ചുമതല വഹിക്കുന്ന ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ലോ ആന്‍ഡ് പബ്ലിക്ക് സേഫ്റ്റി അറ്റോര്‍ണി ജനറലിന്റെ കീഴിലാണ്. നാല്‍പ്പത്തി നാലുകാരനായ ഗുര്‍ബീര്‍ സിങ് ഗ്രെവാള്‍ ഫെഡറല്‍ പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബര്‍ഗന്‍ കൗണ്ടി പ്രോസിക്യൂട്ടറെന്ന നിലയില്‍ ഹെറോയിന്‍ തുടങ്ങിയ ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടവരെ അറസ്റ്റുചെയ്യുന്ന അവസരത്തില്‍ ചികിത്സയ്ക്കും പുനരധിവാസത്തിനും വിധേയരാകുവാന്‍ അവസരം ഒരുക്കി ജയില്‍ ശിക്ഷയൊഴിവാക്കുന്നതിനായി തുടങ്ങിവെച്ച ഹെല്‍പ്പിംഗ് ഹാന്‍ഡ് എന്ന പദ്ധതി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ഗ്ലെന്‍ റോക്കിലാണ് താമസം. ഭാര്യ അമിറിത്ത്, മക്കള്‍ കൃപ, മേഹക്, മേയ്ഹര്‍. സ്ഥാനമൊഴിയുന്ന ഗവര്‍ണ്ണര്‍ ക്രിസ് ക്രിസ്റ്റിയടക്കം പാര്‍ട്ടി ഭേദമെന്യെ എല്ലാ നേതാക്കളും ഗുര്‍ബീര്‍ സിങ് ഗ്രെവാളിന്റെ നിയമനത്തെ സ്വാഗതം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.