You are Here : Home / USA News

ഡാക തുടരണമെങ്കിൽ അതിർത്തി മതിലിന് 18 ബില്യൺ ഡോളർ ഫണ്ടിങ് നൽകണമെന്നു ട്രംപ്

Text Size  

Story Dated: Tuesday, January 09, 2018 05:03 hrs UTC

വാഷിങ്ടൻ: ∙ ‍ഡ്രീം ആക്ട് എന്നു വിശേഷിപ്പിക്കുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡാക) പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ സെപ്റ്റംബറിൽ ആറു മാസത്തേയ്ക്ക് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ സ്ഥായിയായ ഒരു നിയമം പാസാക്കാൻ കോൺഗ്രസിനോടു നിർദേശിക്കുകയും ചെയ്തിരുന്നു. നാലു മാസത്തോളം പിന്നിട്ടിട്ടും നിയമ നിർമ്മാണ ശ്രമങ്ങൾ ആരംഭിച്ചിട്ടില്ല.

മാർച്ചിൽ ട്രംപ് നൽകിയ ആറു മാസ കാലാവധി അവസാനിക്കും. ഇതിനകം ഡാക നിലനിർത്താൻ ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ നിയമ വിരുദ്ധമായി അമേരിക്കയിലെത്തിയ എട്ടു ലക്ഷം കുടിയേറ്റക്കാർ നാടുകടത്തപ്പെടും. ഇവരെല്ലാം കുട്ടികൾ ആയിരിക്കുമ്പോൾ അമേരിക്കയിലെത്തിയതാണ്. ഭൂരിഭാഗവും ഇപ്പോൾ പ്രായപൂർത്തി കഴിഞ്ഞവരാണ്. മിക്കവരും പല തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ വിദ്യാഭ്യാസം തുടരുന്നു.

ഈ മാസാവസാനം ധനാഭ്യർത്ഥനകൾ കോൺഗ്രസ് പാസ്സാക്കിയില്ലെങ്കിൽ ഭരണ സ്തംഭനം ഉണ്ടാവും. ക്യാംപ് ഡേവിഡിൽ ഒഴിവു ദിനങ്ങൾ ചെലവഴിക്കാനെത്തിയ പ്രസിഡന്റ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമേരിക്ക– മെക്സിക്കോ അതിർത്തി മതിൽ നിർമ്മാണത്തിന് ആവശ്യമായ 18 ബില്യൺ ഡോളർ ധനാഭ്യർത്ഥനയും ഡാകയും ബന്ധിപ്പിച്ച് സംസാരിച്ചു. അതിർത്തി മതിൽ ഉണ്ടായില്ലെങ്കിൽ ഡാകയും ഉണ്ടാവില്ലെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ ക്ഷണിതാക്കളായി റിട്രീറ്റിന് എത്തിയ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇവരിൽ ടെക്സസിൽ നിന്നുള്ള സെനറ്റർ ജോൺ കോർനിനും ഉൾപ്പെട്ടിരുന്നു. ടെക്സസിലൂടെ ആയിരിക്കും അതിർത്തി മതിലിന്റെ ഭൂരിഭാഗവും നിർമ്മിക്കപ്പെടുക.

യുഎസ്– മെക്സിക്കോ അതിർത്തിയുടെ 723 മൈൽ ദൈർഘ്യത്തിലുള്ള മതിലിനാണ് 18 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 316 മൈൽ പുതിയതായി നിർമ്മിക്കണം. 407 മൈലിൽ ഇപ്പോഴുള്ള മതിൽ ശക്തിപ്പെടുത്തണം. അതിർത്തിയുടെ ദൈർഘ്യം മൊത്തം 2000 മൈലാണ്. ഏതാണ്ട് 700 മൈൽ ദൈർഘ്യത്തിൽ ഇപ്പോൾ വേലി ഉണ്ട്. ട്രംപ് ആവശ്യപ്പെടുന്ന ഫണ്ടിങ് ഉണ്ടായാൽ 2027 ആകുമ്പോഴേയ്ക്കും ഏതാണ്ട് പകുതിയലധികം അതിർത്തിയിൽ മതിൽ ഉണ്ടാകും.

കോൺഗ്രസിലെ ഡെമോക്രാറ്റുകൾ അതിർത്തി മതിൽ ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്. ഇത് പാഴ് ചെലവാണെന്നും അവർ പറയുന്നു. അതിർത്തി മതിലിന്റെ മറ്റ് ചില വിമർശകർ മതിൽ കടന്നു പോകുന്ന സ്ഥലം, പ്രത്യേകിച്ച് ടെക്സസിലുള്ളത്, സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് ഗവൺമെന്റിന് ലഭിക്കുവാൻ കോടതിയെ ശരണം പ്രാപിക്കേണ്ടി വരുമെന്നും പറയുന്നു.

അതിർത്തി വേലി (ഫെൻസ്) പുതിയ ആശയമല്ല. 2013 ൽ ഒരു ഒത്തുതീർപ്പ് ശ്രമമെന്ന നിലയിൽ 54 ഡെമോക്രാറ്റ് സെനറ്ററന്മാരുെട പിന്തുണയോടെ യുഎസ് മെക്സിക്കോ ഫെൻസ് 350 മൈലിൽ നിന്ന് ഇരട്ടിയാക്കി 700 മൈൽ ആക്കുവാൻ തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് ഇങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ടു പോകാൻ പ്രസിഡന്റ് ബറാക്ക് ഒബാമയോ ഡെമോക്രാറ്റുകളോ വലിയ താല്പര്യം കാട്ടിയില്ല.

ഇപ്പോൾ ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത് 18 ബില്യൺ ഡോളറിന്റെ ഫണ്ടിങ്ങാണ്. അമേരിക്കയുടെ ദക്ഷിണ– പശ്ചിമ അതിർത്തിയിൽ 700 മൈൽ ദൈർഘ്യമുള്ള മതിൽ നിർമ്മിക്കുകയാണ് ഉദ്ദേശ്യം.

ട്രംപ് കോൺഗ്രസിനു നൽകിയിരിക്കുന്ന കാലാവധി മാർച്ച് 5 ന് അവസാനിക്കും. അതിനുശേഷം പ്രസിഡന്റ് ഒബാമ ഡാക പ്രകാരം നൽകിയ വർക്ക് പെർമിറ്റുകൾ പ്രതിദിനം 1,000 എന്ന നിരക്കിൽ നഷ്ടമാകും. 2006 ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് സെക്യുർ ഫെൻസ് ആക്ടിൽ ഒപ്പു വച്ചിരുന്നു. ഈ നിയമം അതിർത്തിയിൽ നൂറ് കണക്കിനു മൈൽ ദൈർഘ്യത്തിൽ വേലി നിർമ്മിക്കുവാൻ അധികാരം നൽകി. അന്നു റിപ്പബ്ലിക്കനുകളും ഡെമോക്രാറ്റുകളും ഒന്നു പോലെ നിയമത്തെ അനുകൂലിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.