You are Here : Home / USA News

ലോക കേരള സഭയിലേക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് ക്ഷണം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 06, 2018 04:31 hrs UTC

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഈയിടെ രൂപം കൊടുത്ത ലോകകേരള സഭയിലേക്ക് ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് ക്ഷണം . ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന സമ്മേളനത്തിൽ പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. 77 പേര്‍ മറുനാടന്‍ മലയാളികളും 100 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. 351 പേര്‍ ചേരുന്നതാണ് സഭ. കേരള നിയമസഭയിലെ എല്ലാ അംഗങ്ങളും പാര്‍ലമെന്റ് മെംബര്‍മാരും അംഗങ്ങളായിരിക്കുന്ന സഭ പ്രവാസികളും നാടുമായിട്ടുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.

ഫോമാ എന്ന സംഘടന അതിന്റെ ഷിക്കാഗോ കണ്‍വന്‍ഷന്‍ മലയാളത്തനിമയോടെ തന്നെ നടത്തുകയാണ്.

ഫോമായുടെ അമരക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല 30ലേറെ സംവത്സരങ്ങളായി അമേരിക്കയില്‍ ജീവിക്കുന്നബെന്നി വാച്ചാച്ചിറയുടെ അര്‍പ്പണബോധവും സംഘമികവും മുന്‍നിര്‍ത്തിക്കൊണ്ടാണ് 2018ലെ കണ്‍വന്‍ഷന്‍ കുടുംബ സംഗമ വേദിയാകുന്നത്. ഈ ഫെഡറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ബെന്നി വാച്ചാച്ചിറ.

''വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകള്‍ക്കും നേതൃത്വം കൊടുക്കുന്ന ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുവാന്‍ ഭാഗ്യമുണ്ടായി. എല്ലാ മലയാളികളെയും മലയാളി സംഘടനകളെയും ഫോമായുടെ കീഴില്‍ കൊണ്ടുവരിക എന്ന ഉത്തരവാദിത്വം ഹൃദയത്തിലേറ്റിക്കൊണ്ടാണ് ഈ നേതൃത്വത്തിലേക്ക് കടന്നു വന്നത്. ഫോമയ്ക്ക് ലോകകേരള സഭയുടെ പ്രത്യേക ക്ഷണം കിട്ടിയത് അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിച്ച അംഗീകാരമായി ഞാന്‍ കാണുന്നു. ഇതിന് നിദാനം കഴിഞ്ഞ കാലങ്ങളില്‍ ഫോമാ കേരളത്തിലും അമേരിക്കയിലും നടത്തിയ ജനോപകാര പ്രവര്‍ത്തനങ്ങളുടെ ഫലമാണ്...'' ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ലോക കേരളസഭയിലെ സഭാനേതാവ് കേരള മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമായിരിക്കും സെക്രട്ടറി ജനറല്‍. സഭാനടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെയായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവായിരിക്കും അധ്യക്ഷന്‍.

ലോകകേരള സഭ ഒരു സ്ഥിരം സഭയായിരിക്കും. കാലാവധി തീരുന്ന അംഗങ്ങളുടെ സ്ഥാനത്ത് പുതിയ അംഗങ്ങള്‍ വരും. സഭ കുറഞ്ഞത് രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരും. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളസംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിന് പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യം. ലോകത്തെമ്പാടുമുള്ള മലയാളികളുടെ വളര്‍ച്ചയും നേട്ടങ്ങളുമൊക്കെ വിലയിരുത്തി, പ്രവാസി ഉള്‍പ്പെടെയുള്ളവരുടെ പ്രശ്‌നങ്ങള്‍, സന്തോഷങ്ങള്‍ ഒക്കെ പങകിടുവാനുള്ള വേദിയാണിത്. കേരളം എന്നത് നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തിലാണ് കേരളസഭയുടെ പ്രസക്തി.

അമേരിക്കന്‍ മലയാളി സംഘടന ചരിത്രത്തില്‍ 35 വര്‍ഷങ്ങളുടെ പ്രവര്‍ത്ത പരിചയമുള്ള വ്യക്തിത്വമാണ് ബെന്നി വാച്ചാച്ചിറ. 32 വര്‍ഷമായി ഷിക്കാഗോയില്‍ താമസിക്കുന്ന ഇദ്ദേഹം 26 വര്‍ഷം ചിക്കാഗോ ട്രാന്‍സിറ്റില്‍ ട്രെയില്‍ ഓപ്പറേറ്ററായി ജോലി ചെയ്തു. കോട്ടയത്ത് കുമരകം വാച്ചാച്ചിറയില്‍ ജോസഫ് (കൊച്ച്) - തങ്കമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. മൂത്ത സഹോദരനായ ജോയ് വാച്ചാച്ചിറയില്‍ നിന്നാണ് ബെന്നി സംഘാടനത്തിന്റെ ഹരിശ്രീ കുറിക്കുന്നത്. അമേരിക്കയിലെ ആദ്യകാല സംഘടനാ, സാമുദായിക, സാംസ്‌കാരിക പ്രവര്‍ത്തകനാണ് ജോയ് വാച്ചാച്ചിറ. ചിക്കാഗോ യുണൈറ്റഡ് പോസ്റ്റോഫീസില്‍ ജോലി ചെയ്യുന്ന അനിയാണ് ബെന്നിയുടെ ഭാര്യ. ഫിയോണ, അനീസ്സ, മരിയ, ജോസഫീന്‍ എന്നിവരാണ് മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.