You are Here : Home / USA News

നേറ്റിവിറ്റി ഷോയിൽ വിസ്മയമായി വിശുദ്ധ നാടിന്റെ മാതൃക

Text Size  

Story Dated: Wednesday, January 03, 2018 03:11 hrs UTC

ഡാലസ്∙ ഗാർലാന്റ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവകയിൽ ഒരുക്കിയ ‍വിശുദ്ധ നാടിന്റെ മാതൃക വിസ്‌മയമായി. വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ യേശുവിന്റെ ജനനത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്ലോട്ടിൽ ഒരുക്കി വിശുദ്ധ നാടിന്റെ മിനിയേച്ചർ മാതൃക തീർത്താണ് നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പരി. കന്യകാമറിയത്തിനുമാലാഖ പ്രത്യക്ഷപെട്ടു മംഗളവാർത്ത അറിയിക്കുന്നതു മുതൽ, മറിയം എലിസബത്തിനെ കാണാൻ പോകുന്നതും, മറിയത്തിന്റെ ഭവനവും, ബത്‌ലഹേമിൽ ജോസഫും മറിയവും പേരെഴുതിക്കാൻ പോകുന്നതും, ബത്‌ലഹേമിലെ സത്രവും മുതൽ അഗസ്ത്യർ സീസറുടെ കൊട്ടാരവും, തിരുകുടുംബവും പുൽക്കൂടും എല്ലാം ക്രമമായി തീർത്ത് മനോഹരമായി ലേബൽ ചെയ്താണ് മിനിയേച്ചർ മാതൃക ഒരുക്കിയിരിക്കുന്നത്.

ചങ്ങനാശേരി ചെത്തിപ്പുഴ മതിച്ചിപറമ്പിൽ മാത്യു ആന്റണിയും ഭാര്യ ആലീസ് മാത്യുവുമാണ് ഈക്കാഴ്ചയ്ക്ക് പിന്നിൽ. വികാരി ഫാ ജോഷി എളമ്പാശേരിലിന്റെ അനുഗ്രഹവും കമ്മറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഒപ്പം ഉണ്ടായിരുന്നു. നാട്ടിൽ നിന്ന് മകൾ ബ്ലെസ്സിയെയും, ഭർത്താവ് ലാൽസനെയും കുടുംബത്തെയും സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ.

12 അടി നീളത്തിലും 15 അടി വീതിയിലുമാണ് വിശുദ്ധ നാടിന്റെ മാതൃക തയാറാക്കിയത്. നിർമാണത്തിനായി കാർഡ് ബോർഡ്, അറക്കപ്പൊടി, കളർ ഡ്രോയിങ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം ഒരു മാസം നിർമാണത്തിനായി എടുത്തു. നാട്ടിൽ സ്വന്തം ഇടവകയിലും പുറത്തും പുൽക്കൂട് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ചങ്ങനാശേരിയിൽ അറുപതോളം അംഗങ്ങളുളള രക്ഷാഭവൻ എന്ന അഗതിമന്ദിരത്തിൽ കഴിഞ്ഞ 23 വർഷമായി മാത്യു പ്രവർത്തിക്കുന്നുണ്ട്.

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.