You are Here : Home / USA News

രേഖാ നായര്‍ക്ക് വൈസ് മെന്‍ ക്ലബിന്റെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, December 12, 2017 01:34 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡിന്, അവയവദാനത്തിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ഉജ്വല മാതൃകയായ രേഖാ നായര്‍ (ന്യൂയോര്‍ക്ക്) അര്‍ഹയായി. ഡിസംബര്‍ 30-നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള കോള്‍ അമി ഓഡിറ്റോറിയത്തില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ വൈസ് മെന്‍ ക്ലബ് യു.എസ് ഏരിയ പ്രസിഡന്റ് ടൈബര്‍ ഫോകി അവാര്‍ഡ് സമ്മാനിക്കും. അടുത്ത പരിചയം പോലും ഇത്താതിരുന്നിട്ടും, ഏറെക്കുറെ തന്റെ തന്നെ പ്രായക്കാരിയായ ദീപ്തി എന്ന സഹോദരിക്ക്, ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം കിഡ്‌നി ദാനമായി നല്‍കിയ രേഖാ നായരുടെ സത്പ്രവര്‍ത്തി മാനവസ്‌നേഹത്തിന്റെ ഏറ്റവും ഉത്കൃഷ്ഠമായ ഉദാഹരണമാണെന്നു അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. രേഖാ നായരുടെ കിഡ്‌നി ദാനം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു അവയവ ദാനത്തിന് പ്രേരണയും പ്രചോദനവും നല്‍കുമെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല അഭിപ്രായപ്പെട്ടു.

 

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംങില്‍ സീനിയര്‍ ഡേറ്റ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന രേഖാ നായര്‍, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന സാമൂഹിക-സാംസ്കാരിക- കലാ പ്രവര്‍ത്തകയാണ്. ഫോമയുടെ നാഷണല്‍ വിമന്‍സ് ഫോറം സെക്രട്ടറി, ഫോമ നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ പ്രവാസി ചാനല്‍, മഴവില്‍ എഫ്.എം എന്നിവയില്‍ ന്യൂസ് അവതാരകയായും ലേഖ സേവനം ചെയ്യുന്നു. ഭര്‍ത്താവ് നിഷാന്ത് നായര്‍, മക്കളായ ദേവി (7), സൂരജ് (3) എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ താമസിക്കുന്നു. ഫാ ഡേവീസ് ചിറമേലാണ് അവയവ ദാനത്തിന് മലയാളികളുടെ ഇടയില്‍ പ്രജ്വല പ്രചാരണത്തിനു തുടക്കംകുറിച്ചത്. അതേ പാത പിന്തുടര്‍ന്നുകൊണ്ട് രേഖാ നായരും, അമേരിക്കയില്‍ അവയവ ദാനത്തിന്റെ ആവശ്യകതയും, അതിന്റെ മാനവീകതയും വ്യാപിപ്പിക്കുന്നതിനു തന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കട്ടെ എന്നു വൈസ് മെന്‍ ക്ലബ് ഡയറക്ടര്‍ ബോര്‍ഡ് ആശംസിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന വൈസ് മെന്‍ ക്ലബിന്റെ ഉദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് ഫാ. ഡേവീസ് ചിറമേല്‍ ആയിരുന്നു. ഫാ ചിറമേലിന്റെ പാത പിന്തുടരുന്ന രേഖാ നായരെ ക്ലബിന്റെ ഒന്നാം വാര്‍ഷികതത്തില്‍ ആദരിക്കുവാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് ഇരട്ടി സന്തോഷമാണ് നല്‍കുന്നതെന്ന് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷോളി കുമ്പിളുവേലി എന്നിവര്‍ പറഞ്ഞു. ജോഷി തെള്ളിയാങ്കല്‍, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ജിം ജോര്‍ജ്, ഷൈജു കളത്തില്‍, ഷിനു ജോസഫ്, ജോസ് മലയില്‍, റോയി മാണി, ബെന്നി മുട്ടപ്പള്ളി, സ്വപ്ന മലയില്‍, ജോസ് ഞാറക്കുന്നേല്‍, ലിസാ ജോളി, കെ.കെ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഡേവീസ് ചിറമേല്‍ രൂപീകരിച്ച കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബ് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 30-നു നടത്തുന്ന ചാരിറ്റി ഡിന്നറില്‍ നിന്നും ലഭിക്കുന്ന തുകയും കിഡ്‌നി ഫെഡറേഷന് നല്‍കുന്നതാണ്. ഒന്നാം വാര്‍ഷികാഘോഷങ്ങളിലേക്കും അവാര്‍ഡ് ദാന ചടങ്ങിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു. ആഘോഷങ്ങളുടെ ഭാഗമായി ലൈവ് ഓക്കസ്ട്ര ഗാനമേളയും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ജോസഫ് കാഞ്ഞമല (917 596 2119), ഷാജി സഖറിയ (646 281 8582), കെ.കെ. ജോണ്‍സണ്‍ (914 610 1594).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.