You are Here : Home / USA News

സി.എസ്.ഐ സഭയ്ക്ക് നോര്‍ത്ത് അമേരിക്കയില്‍ മഹായിടവക

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 15, 2017 12:42 hrs UTC

ചിക്കാഗോ: സി.എസ്.ഐ സഭയ്ക്ക് ദക്ഷിണേന്ത്യയുടെ പരിധിക്ക് പുറത്ത് ഒരു മഹായിടവകയ്ക്ക് രൂപം നല്‍കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദക്ഷിണേന്ത്യാ സഭാധ്യക്ഷന്‍ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നോര്‍ത്ത് അമേരിക്കയിലെ ദക്ഷിണേന്ത്യാ സഭാംഗങ്ങളുടെ (സി.എസ്.ഐ) ചിരകാല അഭിലാഷമായിരുന്നു മഹായിടവക. ഭാരതസുവിശേഷീകരണം എന്ന ആവശ്യം മുന്‍നിര്‍ത്തി ദക്ഷിണേന്ത്യയിലെ ആംഗ്ലിക്കന്‍, പ്രിസ്ബറ്റേറിയന്‍, മെതഡിസ്റ്റ്, കോണ്‍ഗ്രിഗേഷണല്‍ തുടങ്ങിയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നു 1947-ലാണ് ദക്ഷിണേന്ത്യാ (സി.എസ്.ഐ) സഭ രൂപംകൊണ്ടത്. അന്നത്തെ തീരുമാനപ്രകാരം ദക്ഷിണ ഭാരതത്തിനു പുറമെയുളള സി.എസ്.ഐ സഭയുടെ അംഗങ്ങള്‍ സഹോദരീ സഭയുടെ അംഗങ്ങളായിരിക്കണം.

 

 

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നോര്‍ത്ത് അമേരിക്കയില്‍ കുടിയേറ്റത്തിനായി എത്തിച്ചേര്‍ന്ന സി.എസ്.ഐ സഭാംഗങ്ങളുടെ സാമൂഹിക-സാംസ്കാരിക-ആത്മീയ വളര്‍ച്ചയ്ക്കായി 1994-ലാണ് നോര്‍ത്ത് അമേരിക്കയില്‍ സി.എസ്.ഐയ്ക്ക് ഒരു കൗണ്‍സില്‍ രൂപീകരിക്കാന്‍ സി.എസ്.ഐ സിനഡിന്റെ അംഗീകാരം ലഭിച്ചത്. തുടര്‍ന്നുള്ള നിരന്തരമായ ആവശ്യങ്ങളുടേയും, പ്രവര്‍ത്തനങ്ങളുടേയും, പ്രാര്‍ത്ഥനയുടേയും ഫലമാണ് നോര്‍ത്ത് അമേരിക്കയില്‍ സി.എസ്.ഐ സഭയ്ക്ക് ഒരു മഹായിടവകയെന്ന ഇപ്പോഴത്തെ തീരുമാനം. നോര്‍ത്ത് അമേരിക്കയിലെ സി.എസ്.ഐ മഹായിടവകയുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സിലിന്റെ കീഴില്‍ കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) കണ്‍വീനറായി ഒരു താത്കാലിക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

 

 

 

റവ. ജോണ്‍ മത്തായി, മാത്യു കരോട്ട് എന്നിവരാണ് കാന്‍സാസ്, ഡിട്രോയിറ്റ്, ചിക്കാഗോ ഉള്‍പ്പെടുന്ന കൗണ്‍സിലിന്റെ റീജണ്‍ -4-ല്‍ നിന്നുള്ള പ്രതിനിധികള്‍. പുതിയ മഹായിടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന റാഫിള്‍ ടിക്കറ്റിന്റെ റീജിയന്‍ നാലിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 29-ന് ചിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുകയുണ്ടായി. 2018 സെപ്റ്റംബര്‍ മാസത്തിലാണ് റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി മേഴ്‌സിഡസ് ബെന്‍സ് കാര്‍ ആണ് നല്‍കുക. ഇന്ത്യയ്ക്കുള്ള രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റ്, 65 ഇഞ്ച് കളര്‍ ടിവി തുടങ്ങിയ മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഒരു ടിക്കറ്റിന്റെ വില 100 ഡോളര്‍ മാത്രം. നോര്‍ത്ത് അമേരിക്കയിലെ ഉദാരമതികളായ എല്ലാവരുടേയും പ്രാര്‍ത്ഥനകളോടെയുള്ള സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ ജോണ്‍ മത്തായി 224 386 4830, 630 415 6361, മാത്യു കരോട്ട് (847 702 3065, പ്രേംജിത്ത് വില്യംസ് (847 962 1893, ജോണ്‍ മാത്യു (630 213 1680. റോയി ചിക്കാഗോ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.