You are Here : Home / USA News

മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന സമ്മേളനം അനുഗ്രഹകരമായി പര്യവസാനിച്ചു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, October 26, 2017 11:57 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ 19-ാമത് ദേശീയ സമ്മേളനം ന്യൂയോര്‍ക്കിലെ എലന്‍വില്ലിലുള്ള പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഹോണേഴ്‌സ് ഹാവെന്‍ റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള തീയതികളില്‍ നടത്തപ്പെട്ടു. ന്യൂജേഴ്‌സിയിലെ ടീനെക്കിലുള്ള സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജനസഖ്യം ആതിഥ്യം വഹിച്ച പ്രസ്തുത സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നുമായി 450 ല്‍ പരം പ്രതിനിധികള്‍ സംബന്ധിച്ചു. സെപ്റ്റംബര്‍ 1, വെള്ളിയാഴ്ച 6.30 PMന് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിലെ പിഞ്ചുകുഞ്ഞുങ്ങളുടെ അകമ്പടിയോടെ നടത്തപ്പെട്ട ഘോഷയാത്രയോടെയും ഗായകസംഘത്തിന്റെ പ്രാര്‍ത്ഥനാഗീതത്തോടും കൂടി പ്രൗഢഗംഭീരമായ സമ്മേളനവേദിയില്‍ സമ്മേളനം ആരംഭിച്ചു.

 

 

 

 

അനുഗ്രഹീതമായ ആരാധനയ്ക്കുശേഷം കോണ്‍ഫ്രന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനും സെന്റ് പീറ്റേഴ്‌സ് വികാരിയുമായ റവ.മോന്‍സി മാത്യു സമ്മേളനത്തില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികള്‍ക്കും പ്രതിനിധികള്‍ക്കും സ്വാഗതം ആശംസിച്ചു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഐസക് മാര്‍ ഫീലക്‌സിനോസ് എപിസ്‌കോപ്പാ ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അഭിവനദ്യ ഫീലക്‌സിനോസ് തിരുമേനി തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ഉന്നതമായ രീതിയില്‍ വരും തലമുറയെ മുന്നില്‍ കണ്ടു കൊണ്ട് ആസൂത്രണം ചെയ്ത കോണ്‍ഫ്രന്‍സ് അനുഗ്രഹീതമായി തീരും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഈ ദേശത്തില്‍ ദൈവം നമ്മെ എന്തിനാക്കിയിരിക്കുന്നു എന്ന് മനസിലാക്കുവാനും ആത്മീയ ചൈതന്യം പ്രാപിക്കുവാനും ഏവര്‍ക്കും കഴിയട്ടെ എന്നും ആശംസിച്ചു. Christian Coviction: A Commitment or Compromise എന്ന കോണ്‍ഫ്രന്‍സ് ചിന്താവിഷയം പഠിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവീക ഉദ്ദേശ്യം മനസ്സിലാക്കുകയും ക്രിസ്തീയ പ്രതിബദ്ധതയില്‍ അടിയുറച്ച് നമ്മുടെ പാതയില്‍ മുന്നേറുവാനും ഏവര്‍ക്കും കഴിയണം എന്ന് ഓര്‍മ്മിപ്പിച്ചു.

 

 

 

 

നമ്മുടെ ജീവിതം ഒരു ത്യാഗാത്മക ജീവിതമായി മാറണം. എന്തു നേടി എന്നുള്ളതല്ല എന്തു നാം നല്‍കുന്നു എന്നുള്ളതാണ് പ്രസക്തം. നമ്മുടെ ജീവിതം ജീവിക്കുന്ന ദൈവവുമായുള്ള ബന്ധത്തില്‍ നയിക്കണം എന്നും ആഹ്വാനം ചെയ്തു. ശ്രീ റെജി ജോസഫ് രചിച്ച് ജോസി പുല്ലാട് സംഗീതസംവിധാനം നിര്‍വ്വഹിച്ച 'ആകാശ ഗോളങ്ങള്‍ ചമച്ചവനേ അഖിലചരാചര രചയിതാവെ' എന്നു തുടങ്ങുന്ന തീം സോംങ്ങ് കോണ്‍ഫ്രന്‍സ് ഗായകസംഘം ജീനാമാത്യുവിന്റെ നേതൃത്വത്തില്‍ ആലപിച്ചു. തോമസ് കൊച്ചുമ്മന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചു. തീം പ്രസന്റേഷന്‍ ഏവരെയും ആകര്‍ഷിച്ചു. സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ പിഞ്ചു താരങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ വളരെ മനോഹരമായിരുന്നു. ഭദ്രാസന സെക്രട്ടറി റവ.ഡെന്നി ഫിലിപ്പ്, ഭദ്രാസന യുവജനസഖ്യം ഉപാധ്യക്ഷന്‍ റവ.സജു ബി.ജോണ്‍, ഭദ്രാസന യുവജനസഖ്യം സെക്രട്ടറി അജു മാത്യു എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു.

 

 

 

 

 

സജി ഫിലിപ്പ്, സജിതാ ജേക്കബ് എന്നിവര്‍ emcees ആയി പ്രവര്‍ത്തിച്ചു. കോണ്‍ഫ്രന്‍സ് ലീഡേഴ്‌സ് ആയി റവ.തോമസ് കുര്യന്‍, റവ.പ്രിന്‍സ് വര്‍ഗീസ്, റവ.എബ്രഹാം കുരുവിള, ഡോ.ഷോണ്‍ രാജന്‍ എന്നിവര്‍ സവിശേഷമായ നേതൃത്വം നല്‍കുകയുണ്ടായി. ഉല്‍ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച റവ.തോമസ് കുര്യന്‍, നമ്മുടെ ക്രിസ്തീയ പ്രതിബദ്ധതയെപ്പറ്റി വ്യക്തമായ ബോധ്യം നമുക്കുണ്ടായിരിക്കണമെന്നും നമ്മുടെ ക്രിസ്തീയ സമര്‍പ്പണം മറ്റുള്ളവര്‍ക്കുവേണ്ടി ജ്വലിപ്പിക്കണമെന്നും നാം അനുഗ്രഹിക്കപ്പെട്ടവരായിരിക്കണമെന്നും ദൈവം നമ്മെ വിലക്കു വാങ്ങിയിരിക്കുന്നു എന്ന ബോധം ഉള്ളവരായിരിക്കണമെന്നും ഉല്‍ബോധിപ്പിച്ചു. ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനര്‍, വറുഗീസ് ജേക്കബ് എന്നിവര്‍ കൃതജ്ഞത പ്രകടിപ്പിച്ചു. അനില്‍ തോമസിന്റെ നേതൃത്വത്തില്‍ സുവനീര്‍ കമ്മിറ്റി തയ്യാറാക്കിയ സുവനീറിന്റെയും ഭദ്രാസന യുവജനസഖ്യത്തിന്റെ പ്രസിദ്ധീകരണമായ യുവധാരയുടെയും പ്രകാശനവും ഉല്‍ഘാടന സമ്മേളനത്തില്‍ നടന്നു. ആത്മീയചൈതന്യവും കൂട്ടായ്മയും നിറഞ്ഞൊഴുകിയ കോണ്‍ഫ്രന്‍സില്‍ ക്യാംപ് ഫയര്‍, പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍, സംവാദങ്ങള്‍ എന്നിവ ആവേശകരമായ അനുഭവങ്ങള്‍ സമ്മാനിച്ചു.

 

 

 

 

ഉന്നത നിലവാരം പുലര്‍ത്തിയ കലയുടെ സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിച്ച ടാലെന്റ് ഷോ, ജോസ് വര്‍ഗീസ്, ചിക്കാഗോ മുഖ്യപ്രഭാഷണം നിര്‍വഹിച്ച പൂര്‍വ്വകാലപ്രവര്‍ത്തകരുടെ സംഗമം, ഭദ്രാസന യുവജന സഖ്യത്തിന്റെ ചരിത്രത്തില്‍ ഇദംപ്രദമായി ക്രമീകരിച്ച റവ.സജു ബി ജോണ്‍ നേതൃത്വം കൊടുത്ത സമര്‍പ്പണ ശുശ്രൂഷ, അനുഗ്രഹീതമായ വിശുദ്ധകുര്‍ബ്ബാന, പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട കോണ്‍ഫ്രന്‍സ് സമ്മേളന സ്ഥലം സമ്മാനിച്ച രോമാഞ്ച ജനകങ്ങളായ പ്രകൃതിസൗന്ദര്യം സംഘടനാ പാടവത്തിന്റെ അതുല്യതയും ശ്രേഷ്ഠതയും വിളിച്ചറിയിച്ച കോണ്‍ഫ്രന്‍സ് കമ്മിറ്റിയുടെ ആതിഥ്യ മര്യാദകള്‍, രുചികരമായ ഭക്ഷണം, സുഖപ്രദമായ താമസ സൗകര്യങ്ങള്‍ എന്നിവ വന്ന ഏവരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ പിടിച്ചുപറ്റി. സമയകൃത്യത പാലിക്കുന്ന കാര്യത്തില്‍ മാത്യു സാറിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി പ്രകടിപ്പിച്ച ശുഷ്‌കാന്തി സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. കോണ്‍ഫ്രന്‍സിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ചെയ്തുവന്ന റാഫിളിന്റെ നറുക്കെടുപ്പ് നടക്കുകയുണ്ടായി. 20-ാം ദേശീയ സമ്മേളനത്തിന്റെ ദീപശിഖ ഫിലഡെല്‍ഫിയായിലുള്ള ക്രിസ്‌തോസ് മാര്‍ത്തോമ്മാ യുവജനസഖ്യം ഏറ്റുവാങ്ങുകയുണ്ടായി. ഭദ്രാസനത്തിലെ നിരവധി വൈദികരും ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ അംഗങ്ങളായ ലിബു കോശിയും, റോജിഷ് സാമുവേലും മുന്‍കാല നേതാക്കളായ ജോസ് വര്‍ഗീസ്, ഐപ്പ് പരിമണം, സന്തോഷ് എബ്രഹാം, ബിനു തോമസ്, മാത്യു തോമസ്, ലാജി തോമസ് എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കുകയുണ്ടായി.

 

 

 

 

റവ.മോന്‍സി മാത്യു നേതൃത്വം കൊടുത്ത കോണ്‍ഫ്രന്‍സ് കമ്മിറ്റിയില്‍ ജനറല്‍ കണ്‍വീനര്‍ ആയി വറുഗീസ് ജേക്കബ്, കോ കണ്‍വീനറായി ഡോ.ലിസി മാത്യു, യുവജനസഖ്യം വൈസ് പ്രസിഡന്റ് അരുണ്‍ തോമസ്, സെക്രട്ടറി സജി ഫിലിപ്പ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എന്നിവരും നിരവധി സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുകയുണ്ടായി. സമാനതകളില്ലാതെ ശ്രേഷ്ഠമായി സംഘടിപ്പിച്ച 19-ാം ദേശീയ സമ്മേളനം അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനിയുടെ ആശീര്‍വാദത്തോടു കൂടി ഒക്ടോബര്‍ 1, ഞായറാഴ്ച പര്യവസാനിച്ചു. സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി വിവിധങ്ങളായ രീതികളില്‍ സഹായിച്ച ഏവര്‍ക്കും സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ കൃതജ്ഞത യുവജനസഖ്യം സെക്രട്ടറി സജി ഫിലിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ Light to life എന്ന പുതിയ കാരുണ്യപദ്ധതിക്ക് കോണ്‍ഫ്രന്‍സ് കമ്മിറ്റിയുടെ പേരിലുള്ള സാമ്പത്തിക സഹായം സമാപന സമ്മേളനത്തില്‍ വച്ച് അഭിവന്ദ്യ ഫീലക്‌സിനോസ് തിരുമേനിയെ ഏല്‍പ്പിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി www.ysconference 2017.org സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.