You are Here : Home / USA News

മാര്‍ക്ക് കുടുംബ സംഗമത്തില്‍ ജയിംസ് ജോസഫ് മുഖ്യാതിഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 25, 2017 03:16 hrs UTC

ചിക്കാഗോ: ഇല്ലിനോയി ഗവര്‍ണ്ണര്‍ ബ്രൂസ് റൗക്കറുടെ ക്യാബിനറ്റ് അംഗവും, സംസ്ഥാന എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍, ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് എന്നീ പദവികള്‍ അലങ്കരിക്കുന്നതുമായ ജയിംസ് ജോസഫ് മാര്‍ക്ക് കുടുംബ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഒക്‌ടോബര്‍ 28-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. സംഘടനയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഏബ്രഹാം മാത്യു, ഇല്ലിനോയി സൊസൈറ്റ് ഫോര്‍ റെസ്പിരേറ്ററി കെയര്‍ പ്രസിഡന്റ് ഗോള്‍ഡി ബെല്‍ക്ക് എന്നിവരും കുടുംബ സംഗമത്തില്‍ അതിഥികളായി പങ്കെടുക്കും. വൈകുന്നേരം 6 മണിക്ക് സോഷ്യല്‍ അവറോടുകൂടി റെസ്പിരേറ്ററി കെയര്‍ വാരാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ആരംഭം കുറിക്കും.

 

 

 

ഉദ്ഘാടന കര്‍മ്മവും പൊതുസമ്മേളനവും ഏഴു മണിക്ക് ആരംഭിക്കും. തുടര്‍ന്നു നീണ്ട മൂന്നു മണിക്കൂര്‍ തുടരുന്ന വൈവിധ്യവും ആകര്‍ഷകവുമായ കലാമേള അരങ്ങേറും. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍ 25 സേവനം പൂര്‍ത്തിയാക്കിയ 65 അംഗങ്ങളെ ആദരിക്കുന്ന ചടങ്ങാണ് ഈവര്‍ഷത്തെ കുടുംബ സംഗമത്തിന്റെ സവിശേഷത. ജീവിതോപാധിയെന്നോണം പരിശീലനം നേടി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനിലെത്തിയ മലയാളികളില്‍ നിരവധി പേര്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍, പ്രോഗ്രാം ഡയറക്ടര്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍ എന്നീ പദവികളില്‍ എത്തപ്പെടുകയുണ്ടായി. അത്യാഹിത വിഭാഗത്തില്‍പ്പെട്ട രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതിനൊപ്പം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കടിപ്പെട്ടിട്ടുള്ള അനേകായിരങ്ങളുടെ ശ്വസനം ആയാസരഹിതമാക്കാനും അവര്‍ക്ക് സാന്ത്വനമായി മാറാനും കാല്‍നൂറ്റാണ്ടുകാലത്തെ ഇവരുടെ സേവനം സഫലമായി.

 

 

 

 

റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്‍ മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിയ മാര്‍ഗ്ഗദര്‍ശികളായ മുന്‍ഗാമികളെ ആദരിക്കുന്നത് തികച്ചും ഉചിതമെന്ന ബോധ്യമാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ മാര്‍ക്കിന് പ്രേരണയായത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഘടന നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പും ഈ കുടുംബ സംഗമത്തില്‍ വച്ചു നിര്‍വഹിക്കപ്പെടും. റാഫിള്‍ സംരംഭത്തിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി തുണച്ച അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, ഡോ. ഏബ്രഹാം മാത്യു, വാല്യു മെഡ്, എസ്.എം.എസ് ഫുഡ് സ്‌കോക്കി, മോര്‍ട്ട്‌ഗേജ് സ്‌പെഷലിസ്റ്റ് സന്‍ജ മാത്യു, അറ്റോര്‍ണി ഷൈജോ മുല്ലപ്പള്ളി, ഫാര്‍മേഴ്‌സ് ഇന്‍ഷ്വറന്‍സ് ഏജന്റും ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറുമായ ജോബ് ജോസഫ്, ഡെന്റിസ്റ്റുമാരായ ഡോ. മാത്യു ജോസഫ്, ഡോ. സൂസന്‍ ഇടുക്കുതറ, ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സായ ജെയ്ബു മാത്യു, ജോസഫ് ചാമക്കാല, റിയല്‍ട്ടര്‍ മാത്യു തേരാടിയില്‍, അച്ചീവ് റിയാല്‍ട്ടി, വി.ഐ.പി സ്റ്റാഫിംഗ് ഏജന്‍സി, സൈമണ്‍ ചക്കാലപ്പടവില്‍ എന്നീ വ്യക്തികളേയും സ്ഥാപനങ്ങളേയും സംഗമത്തില്‍ പ്രത്യേകം സ്മരിക്കുന്നതാണ്. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രാക്ടീഷണേഴ്‌സും അത്യധികം ആവേശത്തോടും ഉത്സാഹത്തോടുംകൂടി കുടുംബ സംഗമത്തില്‍ പങ്കെടുത്ത് നമുക്കിടയിലെ ഐക്യവും പ്രൊഫഷനോടുള്ള നമ്മുടെ വൈകാരിക ബന്ധവും അഭിമാനവും പ്രകടിപ്പിക്കണമെന്നും യേശുദാസന്‍ ജോര്‍ജ് പ്രസിഡന്റായുള്ള സംഘാടക സമിതി പ്രത്യേകം താത്പര്യപ്പെടുന്നു. സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.