You are Here : Home / USA News

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഓണാഘോഷവും പ്രൊഫ. ചെറുവേലിയുടെ 80ാമത് ജന്മദിനവും ആഘോഷിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 12, 2017 09:53 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബോട്ട് ക്‌ളബ്ബിന്റെ (ബിബിസി) ഓണാഘോഷവും അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജോസഫ് ചെറുവേലിയുടെ 80ാമത് ജന്മദിനവും സംയുക്തമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 8 ഞായറാഴ്ച ന്യൂയോര്‍ക്ക് റോക്ക്‌ലാന്റിലെ സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ ആമുഖമായി സംസാരിക്കുകയും പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. രാധാകൃഷ്ണന്‍ കുഞ്ഞുപിളള, വിശ്വനാഥന്‍ കുഞ്ഞുപിള്ള, രാജേഷ് ഗോപിനാഥ്, വിന്നി വിശ്വനാഥന്‍, രോഹിത് രാധാകൃഷ്ണന്‍ എന്നിവര്‍ നയിച്ച ചെണ്ടമേളം ഏവരും ആസ്വദിച്ചു. പ്രസിഡന്റ് ചെറിയാന്‍ ചക്കാലപ്പടിക്കല്‍ സ്വാഗതം ആശംസിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു.

 

 

 

 

 

 

പ്രൊഫ. ജോസഫ് ചെറുവേലിയുടെ 80ാം പിറന്നാളിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള, ബോട്ട് ക്‌ളബ്ബ് ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, അപ്പുക്കുട്ടന്‍ നായര്‍, ലൈസി അലക്‌സ്, ജയപ്രകാശ് നായര്‍, ടീം മാനേജര്‍ ചെറിയാന്‍ കോശി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ചക്കാലപ്പടിക്കല്‍ ഉപഹാരം പ്രൊഫ. ചെറുവേലിക്ക് സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ പ്രൊഫ. ചെറുവേലി നന്ദി പ്രകടിപ്പിക്കുകയും ഭാരത് ബോട്ട് ക്ലബ്ബിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ കുടുംബാംഗങ്ങളെയും സാക്ഷി നിര്‍ത്തി അദ്ദേഹത്തിന്റെ ജന്മദിന കേക്ക് മുറിച്ചു വിതരണം ചെയ്തു. ഈയിടെ പായിപ്പാട്ട് ആറ്റില്‍ നടന്ന മത്സര വള്ളം കളിയില്‍ പായിപ്പാട്ട് ചുണ്ടന്റെ ക്യാപ്റ്റനായി പങ്കെടുത്തു ഒന്നാം സ്ഥാനത്തെത്തിച്ച രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയെ അനുമോദിക്കുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

 

 

 

 

അമേരിക്കയിലും കാനഡയിലും നടന്നു വരുന്ന മത്സര വള്ളം കളികളിലെല്ലാം ഭാരത് ബോട്ട് ക്ലബ്ബിനെ നയിച്ച രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ഈ മാസം 28ന് ഫ്‌ലോറിഡയില്‍ സംഘടിപ്പിക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിയിലും ഭാരത് ബോട്ട് ക്ലബ്ബ് വിജയം കൈവരിക്കുമെന്നുതന്നെ എല്ലാവരും പ്രത്യാശ പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള നന്ദി പറയുകയും മത്സരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയുള്ള തീവ്രമായ പരിശീലനത്തിലാണ് ടീമംഗങ്ങള്‍ എന്നും അറിയിച്ചു. ടീം മാനേജര്‍ ചെറിയാന്‍ കോശിയുടെ നിസ്വാര്‍ത്ഥമായ സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രൊഫ. ചെറുവേലി പൊന്നാട അണിയിച്ചാദരിച്ചു. ജോണ്‍ കുസുമാലയത്തിന്റെ നന്ദിപ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.