You are Here : Home / USA News

ഹാർവി ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി കോട്ടയം അസോസിയേഷൻ

Text Size  

Story Dated: Thursday, October 05, 2017 11:10 hrs UTC

ജീമോൻ ജോർജ്

 

 

ഫിലഡൽഫിയ∙ വടക്കേ അമേരിക്കയിലെ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷൻ ഹാർവി ദുരന്തത്തിന്റെ ഇരകളായ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികൾക്ക് ആശ്വാ‌സത്തിന്റെ സഹായ ഹസ്തവുമായി സെപ്റ്റംബർ 15 ന് ഇതര സംഘടനകളും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രവർത്തകരും സംയുക്തമായി നടത്തിയ ഹൃസ്വമായ ചടങ്ങിൽ വച്ച് കോട്ടയം അസോസിയേഷൻ പ്രതിനിധികൾ സഹായധനം നൽകുകയുണ്ടായി. മറ്റു സംഘടനകൾക്കു മാതൃകയായി കഴിഞ്ഞ ഒന്നര ദശാബ്ദത്തിലധികമായി അക്ഷരനഗരിയിൽ നിന്നും സാഹോദരീയ നഗരത്തിൽ കുടിയേറി പാർക്കുന്നവരുടെ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ നാളിതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിരവധി പ്രാവശ്യം സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ പ്രശംസകൾക്ക് അർഹമായിട്ടുണ്ട്. ഭവന രഹിതരായവർക്ക് ഭവനം, ഭവനങ്ങളുടെ കാര്യമായ അറ്റകുറ്റപണികൾ ചെയ്ത് കൊടുക്കുക, നിർദ്ധനരായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള സഹായങ്ങൾ എത്തിക്കുക, രോഗികൾക്ക് വൈദ്യസഹായം തുടങ്ങിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം തന്നെ നേതൃത്വം നൽകുകയുണ്ടായി.

 

 

 

 

 

എന്നാൽ ഈയടുത്ത കാലത്ത് കോട്ടയം അസോസിയേഷൻ നേതൃത്വം നൽകി വമ്പിച്ച വിജയം നേടിയ ധനശേഖരണ പദ്ധതിയിൽ ലഭിച്ച മുഴുവൻ തുകയും ആദ്യമായി അമേരിക്കയിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹാർവി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കോട്ടയം അസോസിയേഷന്റെ പ്രതിനിധികൾ ഹൂസ്റ്റണിലെ വെള്ളപൊക്ക ദുരിതാബാധിത പ്രദേശങ്ങൾ, ഇതര സംഘടനകളുടെ ഭാരവാഹികളുമായി നേരിട്ട് സന്ദർശിക്കുകയും തുടർന്ന് നടന്ന സമ്മേളനത്തിൽ വച്ച് ധനസഹായം കൈമാറുകയും ചെയ്യുകയുണ്ടായി. ഈ സമൂഹം തങ്ങളിലർപ്പിച്ച വിശ്വാസം പരിപൂർണ ഉത്തരവാദിത്വമനോഭാവത്തിൽ തന്നെ അഭംഗുരം തുടർന്നും പ്രവർത്തിക്കുമെന്നും സമൂഹത്തിലെ അവശതയനുഭവിക്കുന്ന നിരാലംബർക്കായി കോട്ടയം അസോസിയേഷൻ എക്കാലത്തും താങ്ങും തണലുമായിരിക്കു മെന്നും ബെന്നി കൊട്ടാരത്തിൽ (പ്രസിഡന്റ്) അറിയിച്ചു. ലോക സാമ്പത്തികാഭിവൃദ്ധിയിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന അമേരിക്കയിലും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്നും നമ്മൾ ജീവിക്കുന്ന കർമ്മഭൂമിയിലും നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടിയതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രാധാന്യവും കൂടാതെ കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി വരുന്ന വ്യക്തികളെ ഓരോരുത്തരോടുമുള്ള പ്രത്യേക നന്ദിയും കോട്ടയം അസോസിയേഷന്റെ പത്രക്കുറിപ്പിൽ അറിയിക്കുകയുണ്ടായി.

 

 

 

 

 

 

കോട്ടയം അസോസിയേഷൻ വനിതാ ഫോറം സെപ്റ്റംബർ 9 ന് ഓണാഘോഷം സംഘടിപ്പിച്ചു. കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ നൂതന ചാരിറ്റി പദ്ധതികൾക്ക് രൂപം കൊടുത്തു വരികയാണെന്നും വനിതാ ഫോറം സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങളിലെ മുഖ്യ ചാലകശക്തിയ ണെന്നും സാറാ ഐപ്പും, ബീനാ കോശി (വനിതാ ഫോറം, കോർഡിനേറ്റേഴ്സ്) പറയുകയുണ്ടായി. ജോസഫ് മാണി, സാബു ജേക്കബ്, എബ്രഹാം ജോസഫ്, ജെയിംസ് അന്ത്രയോസ്, ജോബി ജോർജ്, കുര്യൻ രാജൻ, ജീമോൻ ജോർജ്, ജോൺ പി. വർക്കി, മാത്യു ഐപ്പ്, സാജൻ വർഗീസ്, സാബു പാമ്പാടി, വർഗീസ് വർഗീസ്, സണ്ണി കിഴക്കേമുറി, രാജു കുരുവിള, ജോമി കുര്യാക്കോസ്, റോണി വർഗീസ്, സെറിൻ ചെറിയാൻ, മാത്യു ജോഷ്വാ, വർക്കി പൈലോ, ജേക്കബ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇപ്പോൾ നിലവിൽ പ്രവർത്തിച്ചു വരുന്നത്. കോട്ടയം അസോസിയേഷന്റെ ഭാവി ചാരിറ്റി പ്രവർത്തനങ്ങളുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുവനായി ബന്ധപ്പെടുക. www.kottayamassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.