You are Here : Home / USA News

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപെരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, October 05, 2017 11:00 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട, ഡാളസ് സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപെരുന്നാളും, 40-ാമത് വാര്‍ഷികാഘോഷവും, 2017 ഒക്ടോബര്‍ 13, 14, 15(വെള്ളി, ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു. ഒകോടോബര്‍ 8(ഞായര്‍) വി.കുര്‍ബ്ബാനാനന്തരം, റവ.ഫാ.ഡോ.രഞ്ജന്‍ മാത്യു(വികാരി), റവ.ഫാ.മാത്യൂസ് മണലേല്‍ചിറ, എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 13-ാം തീയതി(വെള്ളി) സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന്, 6.45 PMന് ഭക്ത സംഘടനകളുടെ വാര്‍ഷീകാഘോഷം, വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.

 

 

 

ക്രിസ്തുയേശുവിന്റെ കാരുണ്യത്താല്‍ കുറ്റവിമുക്തയായി, സത്യ മാനസാന്തരത്തിലൂടെ, യഥാര്‍ത്ഥ ക്രിസ്തു വിശ്വാസിയായി മാറിയ 'മഗ്ദലന മറിയം' എന്ന ബൈബിള്‍ കഥാപാത്രത്തിന്റെ സംഭവ ബഹുലമായ ജീവിത കഥ ശ്രീ. ഇ.വി.പൗലോസ് ആന്റ് ടീം കഥാപ്രസംഗരൂപേണ അവതരിപ്പിക്കുന്നത് ഏറെ ആകര്‍ഷകമായിരിക്കും.' 14-ാം തീയതി(ശനി) വൈകീട്ട് 6.15 ന് അഭിവന്ദ്യ മെത്രാപ്പോലീത്താക്ക് സ്വീകരണവും, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം പ്രഗല്‍ഭ വാഗ്മിയും വചന പ്രഘോഷകനുമായ, വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ വചന പ്രഭാഷണവും നടത്തും. ഇടവക ഗായക സംഘം ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആലപിക്കും. 15-ാം തീയതി(ഞായര്‍) രാവിലെ 9 മണിക്ക് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളോടുകൂടി, ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ, വിശ്വാസികള്‍, അടക്കും ചിട്ടയുമായി അണിനിരന്ന്, ഭക്തിനിര്‍ഭരമായി, വര്‍ണ്ണശബളമായ 'പ്രദക്ഷിണവും' നടത്തും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ബഹുമാനപ്പെട്ട വൈദീകര്‍ക്കു പുറമെ ശ്രീ.പോള്‍.ആര്‍.ഫിലിപ്പോസ്(സെക്രട്ടറി), ശ്രീ.ജോസഫ് ജോര്‍ജ്(ട്രഷറര്‍) എന്നിവരുടെ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ശ്രീ.അബ്രാഹാം കോര, അലക്‌സ് തോമസ്, ബോബി പോള്‍, കുരിയാക്കോസ് ജോണ്‍ എന്നിവരുടെ കുടുംബങ്ങളാണ്. ഞായറാഴ്ച ഉച്ചക്ക് നടത്തപ്പെടുന്ന സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.