You are Here : Home / USA News

റവ.ഫാ. ജോയി ജോണിന് ഊഷ്മള യാത്രയയപ്പ് നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 20, 2017 10:46 hrs UTC

ഫിലാഡല്‍ഫിയ: സമര്‍പ്പിതമായ വൈദീക ശുശ്രൂഷയുടെ എട്ടുവര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച് ന്യൂയോര്‍ക്കിലെ ഇടവക ശുശ്രൂഷയിലേക്ക് സ്ഥലംമാറിപ്പോകുന്ന റവ.ഫാ. ജോയി ജോണിന് ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. എട്ടുനോമ്പാചരണത്തിന്റെ സമാപനമായ സെപ്റ്റംബര്‍ പത്താംതീയതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഇടവക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സീനിയര്‍ വൈദീകനായ റവ.ഫാ. ജോസ് ദാനിയേല്‍ പയറ്റേലിന്റെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഉത്തത ദീര്‍ഘവീക്ഷണവും, ഇച്ഛാശക്തിയും, അതിരില്ലാത്ത പ്രവര്‍ത്തന സന്നദ്ധതയും കൈമുതലായുള്ള റവ.ഫാ. ജോയി ജോണിന്റെ നേതൃത്വം ഇടവകയുടെ സമ്പൂര്‍ണ്ണമായ ആത്മീയ - ഭൗതീക വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയെന്ന് ആശംസാ പ്രാസംഗീകര്‍ ചൂണ്ടിക്കാട്ടി.

 

 

 

 

ഇടവകയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആദ്ധ്യാത്മിക സംഘടനകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളക്കും നല്‍കിയ നേതൃത്വം മഹനീയമാണ്. അച്ചന്റെ വൈദീക ശുശ്രൂഷാ കാലത്ത് ഇടവക കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഭാഗ്യമുണ്ടായി. സാധുജന സംരക്ഷണ രംഗത്ത് അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞു. നാളിതുവരെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള മുഴുവന്‍ ഇടവകകളുടേയും സമ്പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് ആരംഭം കുറിക്കുവാന്‍ കഴിഞ്ഞിട്ടുള്ള അച്ചന്റെ സേവനം വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ ഭദ്രാസനത്തിലെ ഇടവകകള്‍ക്ക് കഴിയട്ടെ എന്നും ഏവരും ആശംസിച്ചു.

 

 

 

സെക്രട്ടറി സരിന്‍ ചെറിയാന്‍ കുരുവിള അവതാരകനായിരുന്നു. ലിസി ജോര്‍ജ് (സെന്റ് മേരീസ് വിമന്‍സ് ലീഗ്), ആന്‍മേരി ഇടിച്ചാണ്ടി (യൂത്ത് അസോസിയേഷന്‍), ഷാന ജോഷ്വാ (സണ്‍ഡേ സ്കൂള്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം ഫാ. ജോസ് ദാനിയേലും കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് അച്ചന് സമ്മാനിച്ചു. നാളിതുവരെ ഇടവക കൂട്ടായി നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും ഐക്യ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ മറുപടി പ്രസംഗത്തില്‍ അച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. ട്രഷറര്‍ മാത്യൂസ് മഞ്ച കൃതജ്ഞത രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ പുതിയ വികാരിയായി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി നിയമിതനായി. ഇടവകയ്ക്കുവേണ്ടി സരിന്‍ ചെറിയാന്‍ കുരുവിള അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.