You are Here : Home / USA News

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷം വര്‍ണ്ണോജ്വലമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 17, 2017 12:36 hrs UTC

വര്‍ഗീസ് പോത്താനിക്കാട്

 

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4-ന് നടന്ന ഓണാഘോഷ പരിപാടികള്‍ അതിഗംഭീരമായി. ഈവര്‍ഷത്തെ ഓണം തിരുവോണനാളില്‍ തന്നെ ആഘോഷിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഏറെ പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അമേരിക്കയില്‍ അവധി ദിവസമായ ലേബര്‍ ഡേ ദിനത്തില്‍ തിരുവോണ നാള്‍ വരാനിടയായത് അനേകര്‍ക്ക് അമിതമായ സന്തോഷവും ആവേശവും പകര്‍ന്നു. അതുകൊണ്ടുതന്നെ ക്വീന്‍സിലെ ഗ്ലെന്‍ഓക്‌സ് ഹൈസ്കൂളില്‍ നടന്ന ആഘോഷ പരിപാടികളില്‍ അനേകം പേര്‍ക്ക് പങ്കെടുക്കാനായി. സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച രാവിലെ 11.30-ന് പൂക്കളമിട്ട്, പൂവിളിയുമായി, ചെണ്ട- വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സമാജത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ജീവിതപങ്കാളികള്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി പരിപാടികള്‍ സമാരംഭിച്ചു. ഒട്ടും വൈകാതെ തന്നെ ഏതൊരു മലയാളിയുടേയും രുചിയോര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓണസദ്യ ആരംഭിച്ചു.

 

 

 

 

കേരളത്തനിമയാര്‍ന്ന ഓണ വിഭവങ്ങലും ഗൃഹാതുരത്വമുണര്‍ത്തുന്ന ആചാരങ്ങളും പിന്‍പറ്റിക്കൊണ്ടുള്ള ആ സമൃദ്ധിയുടെ ഇഷ്ടഭോജനം ജനങ്ങള്‍ക്ക് ഏറെ ഹൃദ്യവും ആവേശവുമായി. സദ്യയുടെ ആസ്വാദലഹരി വിട്ടുമാറാതെ തന്നെ സന്നിഹിതരായിരുന്ന നൂറുകണക്കിന് മലയാളികള്‍ പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും പ്രതീകമായ മാവേലി തമ്പുരാനെ ഘോഷയാത്രയോടെ വരവേറ്റു. കേരളത്തനിമയാര്‍ന്ന ഓണ വസ്ത്രങ്ങളിഞ്ഞ ജനക്കൂട്ടം താലപ്പൊലിയേന്തിയ വനിതകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിയേയും വിശിഷ്ടാതിഥികളേയും സമാജത്തിന്റെ ഭാരവാഹികളോടൊപ്പം വേദയിലേക്ക് ആനയിച്ചു. തുടര്‍ന്ന് കേരള സമാജം പ്രസിഡന്റ്, മുഖ്യാതിഥി ഡോ. ഏനു, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് സമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റല്‍ ഷാജന്റെ അമേരിക്കന്‍ ദേശീയ ഗാനവും, ഗ്രേസ് ജോണിന്റെ ഇന്ത്യന്‍ ദേശീയഗാനവും കഴിഞ്ഞ് സമാജം വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്ട് സ്വാഗത പ്രസംഗം നടത്തി. അതിനുശേഷം ഓണാഘോഷങ്ങളുടെ മുഖമുദ്രയായ തിരുവാതിര മഞ്ജു തോമസിന്റെ നേതൃത്വത്തില്‍ അരങ്ങേറി. കേരള സമാജം പ്രസിഡന്റ് ഷാജു സാമിന്റെ അധ്യക്ഷ പ്രസംഗവും, തുടര്‍ന്നു ചെയര്‍പേഴ്‌സണ്‍ ജോണ്‍ പോളിന്റെ ആശംസാ പ്രസംഗവും നടന്നു. 45 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സമാജത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഡോ. ഏനു കരുവാത്ത്- ഐഷാ ദമ്പതികളുടെ സാമീപ്യം സമാജം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. ഡോ. ഏനു ഓണസന്ദേശം നല്‍കി. മലയാളികളെ ജാതി മത ഭേദമെന്യേ ഒരുമിച്ചുകൊണ്ടുവരുന്ന ഒരു ദേശീയ ഉത്സവമായ ഓണം കേരളീയരായ രണ്ടും മൂന്നും തലമുറക്കാരോടൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്നു ഡോ. ഏനു പ്രസ്താവിച്ചു.

 

 

കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ വരെയുള്ളവരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മേളക്കൊഴുപ്പേകി. സുപ്രസിദ്ധ മിമിക്രി കലാകാരനായ കലാഭവന്‍ ജയന്‍ അവതരിപ്പിച്ച മിമിക്രി സദസ്യരെ പിടിച്ചിരുത്തി. ഓണപരിപാടികള്‍ക്ക് സമാജം സെക്രട്ടറി വിന്‍സെന്റ് സിറിയക് എം.സിയായി നേതൃത്വം നല്‍കി. കലാപരിപാടികള്‍ കമ്മിറ്റി അംഗം ജോജോ തോമസ് കോര്‍ഡിനേറ്റ് ചെയ്തു. സമാജം ട്രഷറര്‍ വിനോദ് കെയാര്‍കെ നന്ദി പ്രകാശനം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.