You are Here : Home / USA News

എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍‌വാലി റീജന്‍, ന്യൂയോര്‍ക്ക് ഓണം ആഘോഷിച്ചു

Text Size  

Story Dated: Tuesday, September 05, 2017 12:08 hrs UTC

ന്യൂയോർക്ക്: എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍‌വാലി റീജന്‍, ന്യൂയോര്‍ക്ക് സെപ്തംബര്‍ 3, ഞായറാഴ്ച്ച സാഫ്രണ്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് ഓണം സമുചിതമായി ആഘോഷിച്ചു. സെക്രട്ടറി പത്മാ നായര്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. ഹ്യുസ്റ്റണിലെ ഹാര്‍വി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ചുകൊണ്ട് മൗന പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡന്റ് ജി.കെ. നായര്‍, ഹഡ്സണ്‍‌വാലി റീജിയന്റെ പ്രവര്‍ത്തനം എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആവിര്‍ഭാവത്തോടെ 2010-ല്‍ ആരംഭിച്ചതായും, ഭാവി തലമുറയ്ക്ക് നമ്മുടെ സംസ്ക്കാരം മനസ്സിലാക്കിക്കൊടുക്കുവാനും, ധാര്‍മ്മിക പ്രവര്‍ത്തികളിലൂടെ സ്വജീവിതവും രാഷ്ട്രവും കെട്ടിപ്പടുക്കുവാനുള്ള ഉപാധിയായി പ്രവര്‍ത്തിക്കണമെന്നും തൻ്റെ ഓണസന്ദേശത്തില്‍ ആഹ്വാനം ചെയ്തു. മഹാബലിയുടെ ധര്‍മ്മ ബോധവും സത്യസന്ധതയും അതിനുള്ള ഒരുദാഹരണമാണെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യാതിഥി ഡോ. സോമസുന്ദരന്‍ ഓണ സന്ദേശം നല്‍കുകയും, അവയവ ദാനം നല്‍കിയ ശ്രീമതി രേഖ നായര്‍ക്ക് എന്‍.എസ്.എസ്. ഓഫ് ഹഡ്സണ്‍‌വാലിയുടെ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

 

 

 

തദവസരത്തില്‍ രേഖാ നായരുടെ കുടുംബവും സന്നിഹിതരായിരുന്നു. രേഖാ നായരും ഭര്‍ത്താവ് നിഷാന്ത് നായരും ഇങ്ങനെയൊരു മഹത്‌കാര്യം ചെയ്യുന്നതിനുണ്ടായ ചേതോവികാരം പങ്കു വെയ്ക്കുകയും നാമോരോരുത്തരും ഇതുപോലെയുള്ള അവയവദാനം, രക്തദാനം മുതലായ പരോപകാരങ്ങള്‍ ചെയ്യുവാന്‍ പ്രതിജ്ഞയെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് ഓണസന്ദേശം നല്‍കിക്കൊണ്ട് 2018-ല്‍ ആഗസ്റ്റ്‌ 10,11,12 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്തു. നായര്‍ യുവതീയുവാക്കളുടെ വിവാഹം നടത്തുവാന്‍ പര്യാപ്‌തമായ matrimony4nairs.com ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ അപ്പുക്കുട്ടന്‍ നായര്‍, സുവനീര്‍ കമ്മിറ്റി കോ-ചെയര്‍ ജയപ്രകാശ് നായര്‍ എന്നിവരും ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയോടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളോടെയും രാവിലെ പതിനൊന്ന് മണി മുതല്‍ മൂന്നു മണി വരെ നടന്ന ഓണാഘോഷത്തിന് സമാപനം കുറിച്ചു. ട്രഷറര്‍ കൃഷ്ണകുമാര്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.