You are Here : Home / USA News

വിദ്യതന്ന സ്‌കൂളിലേക്കു തിരിച്ചുപോകൂ; അമേരിക്കന്‍ മലയാളികളോടു മുഖ്യമന്ത്രി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 04, 2017 11:17 hrs UTC

തിരുവനന്തപുരം: നവകേരളം മനസില്‍ കണ്ടുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോമ കണ്‍വന്‍ഷന്‍ വേദിയിലെ പ്രസംഗം. ഫെഡറേഷന്‍ ഒാഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരളകണ്‍വന്‍ഷന്‍ മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തുനത്തിയ പ്രസംഗം അമേരിക്കന്‍ മലയാളികള്‍ക്ക് നവ്യാനുഭവമായി. മാധ്യമങ്ങളിലൂടെ സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയല്ല തങ്ങളോടു സംസാരിക്കുന്നത് എന്നത് അക്ഷരാര്‍ഥത്തില്‍ അവര്‍ അനുഭവിച്ചറിഞ്ഞു. കേരളത്തിന്റെ വികസനത്തെപറ്റിയായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഇനിയും പലതും ചെയ്യേണ്ടിയിരുക്കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ നാട്ടില്‍നിന്നു പഠിച്ച് അമേരിക്കയിലെത്തി. അവിടെ ജീവിതനിലവാരം മെച്ചപ്പെട്ടു. എന്നാല്‍ മാതൃനാട്ടില്‍ പൊതുവിദ്യാഭ്യാസം മെച്ചപ്പെടേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഒരോരുത്തരും അവരവര്‍ പഠിച്ച സ്‌കൂളിലേക്കു പോകുക. അവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. അടുത്ത തലമുറയ്ക്കായി- അദ്ദേഹം പറഞ്ഞു.

 

 

 

മാലിന്യനിര്‍മാര്‍ജനത്തില്‍ സംസ്ഥാനം പിന്നിലാണ്. അമേരിക്ക അക്കാര്യത്തില്‍ എത്രയോമുന്നിലാണെന്നു നമുക്കറിയാം. അമേരിക്കയുടെ സാങ്കേതികവിദ്യ കേരളത്തിനും ആവശ്യമാണ്. നിങ്ങള്‍ അക്കാര്യത്തിലും ശ്രദ്ധിക്കണം. കേരളത്തിലെ നദികള്‍ മാലിന്യവാഹകരാണ്. നദീസംരക്ഷണവും നമ്മുടെ ബാധ്യതയാണ്. കേന്ദ്രം ഫണ്ടു തരാമെന്നു പറഞ്ഞിട്ടുണ്ട്. ജൈവകൃഷി വ്യാപിപ്പിക്കുക സര്‍ക്കാറിന്റെ ലക്ഷ്യമാണ്. ഓരോ കുടുംബവും തങ്ങള്‍ക്കുവേണ്ട പച്ചക്കറി കൃഷിചെയ്യുന്നതിലേക്ക് ശ്രദ്ധതിരിക്കണം- അദ്ദേഹം പറഞ്ഞു. നമ്മുടെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളും ചികിത്സ ആവശ്യപ്പെടുന്നു. കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സംസ്ഥാനത്തിന് ആവശ്യമാണ്. ഒരുപാട് മലയാളി നേഴ്‌സുമാര്‍ അമേരിക്കയില്‍ ജോലിചെയ്യുന്നു. എന്നാല്‍ ഇവിടെ നഴ്‌സുമാര്‍ അടിസ്ഥാനശമ്പളത്തിനു വേണ്ടി സമരംചെയ്യുന്നു. സര്‍ക്കാര്‍ ഒരുവിധത്തില്‍ ആ പ്രശ്‌നം പരിഹരിച്ചു. കേരളത്തിന്റെ യശസ്സ് നിങ്ങളിലൂടെ വിദേശങ്ങളില്‍ വ്യാപിക്കുകയാണ്. അതിലുള്ള നന്ദി അറിയിച്ചു നിര്‍ത്തുന്നു- മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചപ്പോള്‍ സദസില്‍ നിര്‍ത്താതെ കൈയടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.