You are Here : Home / USA News

മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും ജീര്‍ണ്ണതയും

Text Size  

A. C. George

AGeorge5@aol.com

Story Dated: Monday, July 31, 2017 11:22 hrs UTC

ഹ്യൂസ്റ്റന്‍: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ സമ്മേളനം ജൂലൈ 23-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ പതിവുപോലെ നടത്തി. ടി.എന്‍. സാമുവല്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ച ഈ സമ്മേളനത്തില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ അനേകം സാഹിത്യ സാസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും ജീര്‍ണ്ണതയും എന്ന ശീര്‍ഷകത്തില്‍ മുന്‍ സിബിഐ ഉദ്യോഗസ്ഥനായ ജോസഫ് പൊന്നോലി പ്രബന്ധമവതരിപ്പിച്ചു. മലയാള സിനിമ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിനു വേണ്ടി 1960കള്‍ക്കു ശേഷം നാലു പതിറ്റാണ്ടോളം വിപ്ലവകരമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാലിന്ന് മലയാള സിനിമ താര രാജാക്കന്മാരുടേയും അധോലോകത്തിന്റേയും അനീതിയുടേയും അക്രമത്തിന്റേയും ഗുണ്ടായിസത്തിന്റേയും പിടിയില്‍ അമര്‍ന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തുകയാണ്.

 

 

സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവും പ്രൊഫഷണലിസവും നഷ്ടപ്പെട്ട് ഒരു തരം അനാശാസ്യ വ്യവസായമായി മലയാള സിനിമ ചക്രശ്വാസം വലിക്കുകയാണ്. മലയാള സിനിമയുടെ കഴിഞ്ഞ സുവര്‍ണ്ണകാലത്തേയും നടമാടുന്ന, തരിപ്പണമായിക്കൊണ്ടിരിക്കുന്ന സിനിമാ വ്യവസായത്തേയും അതില്‍ പ്രവര്‍ത്തിക്കുന്ന അജ്ഞരും ധിക്കാരികളുമായ ചില താരരാജ ആരാധനാമൂര്‍ത്തികളുടേയും അവരുടെ കുല്‍സിത പ്രവര്‍ത്തനങ്ങളുടെ നേരെ വിരല്‍ചൂണ്ടാനും പ്രബന്ധാവതാരകന്‍ മറന്നില്ല. ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ വീക്ഷണകോണും വ്യത്യസ്തമായിരുന്നില്ല. സിനിമ സമൂഹത്തിനു നല്‍കിയ സംഭാവനകളെ അനുസ്മരിച്ചു കൊണ്ടു തന്നെ അനുദിനം അതില്‍ കടന്നുകൂടിക്കൊണ്ടിരിക്കുന്ന അജ്ഞത, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, കലാമൂല്യത്തിന്റെ കുറവുകള്‍, കള്ളപ്പണം, നികുതി വെട്ടിപ്പ്, കൈയ്യേറ്റങ്ങള്‍, താരാധിപത്യം, വെട്ടിപിടുത്തം, ഗുണ്ടായിസം തുടങ്ങിയവയെപ്പറ്റി അതീവ രോഷാകുലരായിട്ടു തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. വന്‍താരങ്ങളുടെ പതിന്മടങ്ങു കുതിച്ചുയരുന്ന പ്രതിഫല തുകയും, താരാധിപത്യവും, താരരാജാക്കന്മാര്‍ പാലൂട്ടി വളര്‍ത്തുന്ന ഫാന്‍സ് ആരാധനാവൃന്ദങ്ങളും, ഫാന്‍സ് അസ്സോസിയേഷനുകളും സിനിമയെ തെറ്റായ വഴിയിലേക്ക് നയിക്കുകയും അനുദിനം ജീര്‍ണ്ണതയുടെ കുപ്പക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. പല അമേരിക്കന്‍ മലയാളികള്‍ പോലും ചില മലയാള സിനിമാ സീരിയല്‍ സൂപ്പറുകളെ ആരാധിക്കുകയും തോളിലേറ്റുകയും ചെയ്യുന്നു. താരനിശകള്‍ എന്ന പേരില്‍ ഇവിടെ അരങ്ങേറുന്ന ചുണ്ടനക്കി (ലാലിസം എന്നൊരു പേരും അതിനുണ്ടല്ലൊ) ഇത്തരം തരംതാണ കോപ്രായങ്ങള്‍ക്കും കയ്യടിക്കാനിവിടെ ആളുണ്ട്. അവരെ തോളിലേറ്റാനും, പൃഷ്ടം താങ്ങി കൂടെ നിന്ന് ഫോട്ടൊ എടുക്കാനും ഒത്തിരി ആളുകള്‍ ഇവിടെ സന്നദ്ധരാണ്. ഈ താരങ്ങള്‍ ഒന്നു തിരിഞ്ഞാലും മറിഞ്ഞാലും കാശാണ്. അവരെ വിമര്‍ശിക്കുന്നവര്‍ അസൂയക്കാരും ഞരമ്പു രോഗികളുമാണെന്ന് മുദ്രകുത്തപ്പെടുന്നു. സിനിമയിലും സിനിമക്കുള്ളിലെ സിനിമക്കും ഒരു വിപ്ലവകരമായ മാറ്റം മലയാള സിനിമയുടെ മുന്നോട്ടുള്ള ഗതിയില്‍ അനിവാര്യമാണെന്ന് റൈറ്റേഴ്‌സ് ഫോറത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ തുറന്നടിച്ചു. അമ്മ തുടങ്ങിയ താരസംഘടനകള്‍ കലാകാരന്മാരേയും കലാകാരികളേയും വിലക്കാനും, ഒതുക്കാനും, മെരുക്കാനും തുനിയരുത്. എല്ലാ രംഗത്തും താരരാജാക്കന്മാരേയും താരരാജ്ഞിമാരേയും പൊക്കി എടുത്തു കൊണ്ട് നടന്നുള്ള പാദപൂജ അവസാനിപ്പിക്കണം. അവര്‍ക്കെതിരെ ഉയരുന്ന നികുതിവെട്ടിപ്പും, മാഫിയാ ബന്ധങ്ങളും അനാശാസ്യ പ്രവണതകളും അന്വേഷിക്കപ്പെടണം. അതെല്ലാം ഒതുക്കി തീര്‍ക്കുകയല്ല വേണ്ടത്. അക്രമം പ്രവര്‍ത്തിക്കുന്നത് ഏത് സിനിമാ സൂപ്പറായാലും ജയിലില്‍ തള്ളുക തന്നെ ചെയ്യണം. സിനിമയെ കുത്തക ആധിപത്യത്തില്‍ നിന്ന് രക്ഷിക്കണം. ആ രംഗത്ത് അടിമുതല്‍ മുടിവരെ ഒരു ശുദ്ധീകരണം ആവശ്യമാണ്. ഈ സമീപകാലത്ത് പിടിയിലായ സൂപ്പര്‍സ്റ്റാറിനെ വിസ്തരിക്കുക തന്നെ വേണം. കുറ്റക്കാരനാണെന്നു കണ്ടാല്‍ നിയമം അനുവദിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണമെന്ന് ചര്‍ച്ചയില്‍ അതിശക്തമായി പ്രതികരിച്ചു. ആവശ്യപ്പെട്ടു. കുടപ്പന്‍ എന്ന നാമത്തില്‍ പീറ്റര്‍ ജി പൗലോസ് എഴുതിയ കവിതയും ഇതിവൃത്തവുമായിരുന്നു തുടര്‍ന്നുള്ള ചര്‍ച്ചക്കു വിധേയമായത്. അതിമനോഹരമായി തഴച്ചു വളര്‍ന്ന് വാഴച്ചുണ്ടും കുടപ്പനും പൂവിട്ട് തളിര്‍ത്ത് വിരാജിച്ച് കുല ആയപ്പോള്‍ കശ്മലന്മാര്‍ വന്ന് വാഴച്ചുണ്ടും വാഴപ്പിണ്ടിയും വാഴക്കള്ളും കുലയും ഒന്നൊന്നായി വെട്ടിയെടുത്ത് ആസ്വദിക്കുന്നതിനോടാണ് സ്ത്രീത്വത്തെ അപമാനിച്ച് ബലാല്‍സംഗം ചെയ്യുന്ന നരാധമന്മാരെ കവി ഉപമിച്ചത്. സമീപകാലത്ത് സിനിമാ രാഷ്ട്രീയ മത മേഖലകളില്‍ പ്രത്യേകമായും സമൂഹത്തില്‍ പൊതുവായും സ്ത്രീജനങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റങ്ങളെ ഓര്‍മിപ്പിക്കുവാന്‍ ഒരു വാഴക്കു നേരിടേണ്ടിവന്ന ദുരവസ്ഥ സഹായകമായി എന്ന് ചര്‍ച്ചയില്‍ മുഴങ്ങിക്കേട്ടു. തുടര്‍ന്ന് “ചേലയില്ലാകുല’ എന്ന ശീര്‍ഷകത്തില്‍ ജോസഫ് ജേക്കബ് രചിച്ച ഒരു കാര്‍ഷിക നാടന്‍ പാട്ട് ഗാനാത്മകമായി രചയിതാവു തന്നെ പാടി. കവിയും സഹധര്‍മ്മിണിയും ചേര്‍ന്ന് വീട്ടു വളപ്പില്‍ ഒരു പച്ചക്കറി തോട്ടമുണ്ടാക്കി. പാവക്കാ, കോവക്കാ, പടവലം, പയറ്, വെള്ളരി, മത്തന്‍ തുടങ്ങിയവ തോട്ടത്തില്‍ വളര്‍ന്നു പന്തലിച്ചു. ഈ പച്ചക്കറി തോപ്പിന്റെ നെഞ്ചില്‍ കവി ഒരു വാഴ നട്ടത് സഹധര്‍മ്മിണിക്കിഷ്ടമായില്ല. എന്നാല്‍ ആ വാഴക്കു ചുറ്റും അനവധി വാഴക്കുഞ്ഞുങ്ങള്‍ അനധികൃതമായി അനാശാസ്യമായി പൊട്ടി ജനിച്ചതും വളര്‍ന്നതും കവിക്കിഷ്ടമായില്ല. ആ അനാശാസ്യ വാഴക്കുഞ്ഞുങ്ങളെ ചവിട്ടി അരച്ച് പിഴുതെറിയാന്‍ തുനിഞ്ഞപ്പോള്‍ ആ വാഴക്കുഞ്ഞുങ്ങളുടെ രക്ഷക്കായി കവിയുടെ സഹധര്‍മ്മിണി എത്തി. വാഴ വളര്‍ന്നു കുലച്ചു. കുല പഴുക്കുന്നതിനു മുമ്പ് ശിശിരകാലം വന്നതിനാല്‍ വാഴക്കുലയെ തണുപ്പില്‍ നിന്ന് രക്ഷിക്കുവാന്‍ കട്ടിയുള്ള ഒരു ചേല വാഴക്കുലയെ ഉടുപ്പിക്കുകയുണ്ടായി. ശിശിരത്തിന്റെ ഏതാണ്ട് അവസാനത്തോടെ അത്യന്തം ആകാംക്ഷയോടെ വാഴക്കുലയുടെ ചേലകള്‍ ഒന്നൊന്നായി അഴിച്ചു നീക്കിയപ്പോള്‍ കവി ആ ചേലയ്ക്കകത്തു കണ്ട വാഴക്കുലയുടെ അവസ്ഥ കണ്ട് ഞെട്ടി ദുഃഖിതനായി. കുല തണുപ്പില്‍ വിറങ്ങലിച്ച് ചുരുങ്ങി ഉണങ്ങിപ്പോയിരുന്നു. നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ നാടന്‍ പാട്ട് ഏവരും ആസ്വദിച്ചു. സാഹിത്യകാരന്മാരും എഴുത്തുകാരും ആസ്വാദകരുമായ ജോണ്‍ മാത്യു, മാത്യു മത്തായി, ദേവരാജ് കാരാവള്ളില്‍, എ.സി.ജോര്‍ജ്, തോമസ് ചെറുകര, ബോബി മാത്യു, ഈശൊ ജേക്കബ്, അനില്‍ കുമാര്‍ ആറന്മുള, തോമസ് വര്‍ഗീസ്, ജോണ്‍ ഔസേഫ്, ടോം വിരിപ്പന്‍, ഷാജി, പാംസ്, ഡോക്ടര്‍ മാത്യു വൈരമണ്‍, ജോസഫ് തച്ചാറ, റോയി തീയ്യാടിക്കല്‍, ടൈറ്റസ് ഈപ്പന്‍, എം.തോമസ് വര്‍ക്ഷീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയാണ് കേരളാ റൈറ്റേഴ്‌സ് ഫോറം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.