You are Here : Home / എഴുത്തുപുര

കൊട്ടേഷൻ

Text Size  

Story Dated: Tuesday, February 13, 2018 03:02 hrs EST

 

തമ്പി ആന്റണി

ഒരു ശനിയാഴ്ച രാവിലെയാണ് സക്കറിയാ പോത്തൻ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ ചെന്ന് ഭാര്യയെ കാണ്മാനില്ല എന്ന് പരാതി കൊടുത്ത്. എലിസബത്ത് വ്യാഴാഴ്ച്ച വൈകുന്നേരം മുതൽ മിസ്സിങ്ങാണ്. എന്നിട്ടും പരാതികൊടുക്കാൻ രണ്ടു ദിവസം താമസിച്ചതാണ് പൊലീസിനെ ആകെ കുഴപ്പിച്ചത്. 

സക്കറിയായെ ചോദ്യം ചെയ്തപ്പോൾ വ്യാഴാഴ്ച്ച കാക്കനാട്ടെ ഡാർക്ക് റൂം എന്ന ബാറിൽ പോയി കണക്കില്ലാതെ മദ്യപിച്ചെന്നും വീട്ടിൽ ചെന്നപാടെ സ്വീകരണമുറിയിലെ സോഫയിൽ കിടന്നുറങ്ങിയെന്നും പറഞ്ഞു. ഉണരാൻ അൽപ്പം താമസിച്ചു എന്നുള്ളതും ശെരിയാ. ഉണർന്നപ്പോൾ അവളെ കണ്ടില്ല എന്നതും സത്യമാണ്. സ്‌കൂൾ അധ്യാപികയായ അവൾ കുട്ടിയേയും കൂട്ടി സ്കൂളിൽ പോയിരിക്കുമെന്നു കരുതി. വെള്ളിയാഴ്ചയും അതെ ബാറിൽത്തന്നെ പോയിരുന്നു. അന്നും അടിച്ചു നല്ല പൂക്കുറ്റിയായി രാത്രിയിൽ വീട്ടിലെത്തിയ പോത്തൻ സോഫയിൽ കിടന്നു പോത്തുപോലെ ഉറങ്ങി. മകൻ തേജസ് അമ്മയുടെ കൂടെ കിടന്നുറങ്ങിക്കാണുമെന്നും ഊഹിച്ചു. ഇതായിരുന്നു കറിയാച്ചൻ എന്ന് എല്ലാവരും വിളിക്കുന്ന സക്കറിയാ പോത്തന്റെ മൊഴി. പോലീസിന്റെ അന്വേഷണത്തിൽ ഇവർതമ്മിൽ സ്വരച്ചേർച്ചകൾ ഇല്ലായിരുന്നതായി അറിയാൻ കഴിഞ്ഞു. മിക്കവാറും ഒച്ചയും ബഹളവും കുട്ടിയുടെ കരച്ചിലും കേൾക്കാറുണ്ടെന്നു തൊട്ടയൽപക്കത്തു താമസിക്കുന്ന തടിക്കച്ചവടക്കാരൻ സൈദ്‌ മുഹമ്മദ് പറയുന്നു. ഇത്രയും വിവരങ്ങൾവെച്ച് ആരാണ് കുറ്റക്കാർ എന്ന് പോലീസിനല്ല സി.ബി.ഐ.ക്കുപോലും തെളിയിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇനിയാണ് കഥയുടെ ഫ്ലാഷ്ബാക് .

പല പൊരുത്തക്കേടുകൾകൊണ്ടും സക്കറിയാ പോത്തന്റെ ദാമ്പത്യജീവിതം തന്നെ അപകടമേഖലയിലാണ്. പലപ്പോഴും  വാക്കുതർക്കങ്ങളാണല്ലോ സംഘട്ടനത്തിലേക്ക് എത്തിക്കുന്നത്. ഇപ്പോൾ സംസാരവും കുറവാ. അതുകൊണ്ടു സംഘർഷവും കുറവാ. Less communication is less conflict എന്നല്ലേ. എന്നാലും എത്രനാളാ ഇങ്ങനെ ഒന്നും കണ്ടില്ലന്നു നടിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കുന്നതിനും ഒരു പരുതിയൊക്കെയില്ലേ. ഒരേയൊരു മകൻ തേജസുപോലും അവൾ പറയുന്നതേ കേൾക്കൂ. അതൊക്കെ സഹിക്കാം. എപ്പോൾ നോക്കിയാലും ആ ഫോണിൽ കുത്തിക്കൊണ്ടിരിക്കും. അതൊന്നു നോക്കണമെന്നുവെച്ചാൽ കൈയിൽനിന്നും താഴത്തു വെച്ചിട്ടു വേണ്ടേ. അവളുടെ പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. എന്നും മേക്കപ്പ് ഇട്ട് ഒരുങ്ങിക്കെട്ടിയെ സ്‌കൂളിൽ പോകൂ. ആദ്യം അതൊന്നും അത്ര കാര്യമായെടുത്തില്ല. പക്ഷേ, ബാത്‌റൂമിൽപോലും ആ ഫോൺ കുന്ത്രാണ്ടം കൊണ്ടുപോകേണ്ട കാര്യമുണ്ടോ. ഇങ്ങനെയുള്ള ഭാര്യമാരെ സംശയിക്കണമെന്ന് ആരോ ഫോർവേഡ് ചെയ്ത ഒരു വാട്സാപ്പ് മെസ്സേജ് കറിയാച്ചൻ മുമ്പെങ്ങോ കണ്ടിട്ടുണ്ട്. അതുകൊണ്ട് ജോലിസ്ഥലത്തോ അല്ലെങ്കിൽ ഫേസ്ബുക്കിലോ ഒരു രഹസ്യകാമുകനുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

അങ്ങനെ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലാണ് എലിസബത്തിനെ കൊല്ലണം എന്ന് ഉറച്ച തീരുമാനമെടുത്തത്. പക്ഷേ കൊല്ലാനുള്ള ധൈര്യവുമില്ല എന്നാലും കൊല്ലാതെപറ്റില്ല എന്ന ദുരവസ്ഥയിലാണ്. സത്യത്തിൽ വഴക്കും വക്കാണവും തുടങ്ങിയിട്ടു വർഷങ്ങളായി. ഏതാണ്ട് വടി ഒടിയുകയുമില്ല പാമ്പു ചാവുകയുമില്ല എന്ന അവസ്ഥ. കറിയാച്ചന് എന്തോ മാനസിക വിഭ്രാന്തിയാണന്നാ അവൾ കറിയാച്ചന്റെ വീട്ടുകാരോടും കൂട്ടുകാരോടും വരെ കൊട്ടിഘോഷിച്ചിരിക്കുന്നത്. സഹികെട്ട് ഒരിക്കൽ ഒരു മനഃശാസ്ത്രജ്ഞനെ കാണണമെന്ന് ഒന്നു സൂചിപ്പിച്ചതിനാ എന്റെ കഴുത്തിനു കയറി പിടിച്ചത്. എന്തായാലും പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താതെ പറ്റില്ല. അതിനുമുൻപ്‌ എങ്ങനെ അതു സാധിക്കും എന്നതാണ് കറിയാച്ചനെ അലട്ടിക്കൊണ്ടിരുന്നത്. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ എന്നതാണ് ഇപ്പോഴത്തെ നിലപാട്. കാര്യം ഒരു രാത്രി ഉണർന്നെഴുന്നേറ്റപ്പോൾ കൊല്ലാൻ തീരുമാനിച്ചെങ്കിലും ഒരു കൊലപാതകമെന്നൊക്കെ പറഞ്ഞാൽ കുടുബത്തിൽ പിറന്നവർക്കു ചേർന്നതാണോ. അയാൾക്കു അതിനെപ്പറ്റിയൊന്നും ചിന്തിക്കാൻപോലും പറ്റുന്നില്ല . അപ്പോഴാണ് സിനിക്കാരുടെയൊക്കെ ഈ കൊട്ടേഷനെപ്പറ്റി പത്രത്തിൽ വായിച്ചത്. അതിൽപിന്നെ അന്വേഷണം ആ വഴിക്കായി. കാശുകൊടുത്താൽ എന്തും ചെയ്യുന്ന ആൾക്കാരുണ്ടുപോലും. ആദ്യമൊക്കെ കറിയാച്ചനത് വിശ്വസിക്കാൻ പറ്റിയില്ല. ആയിടക്കാണ് പതിവായിട്ടു പോകാറുള്ള കാക്കനാടെ ഡാർക്ക് റൂം എന്ന ബാറിൽവെച്ചു പുലിമുരളിയെ കാണുന്നത്. അയാളുടെ ശരിക്കുള്ള പേര് മുരളി എന്നായിരുന്നു. മോഹൻലാലിന്റെ പുലിമുരുകൻ വന്നതിനുശേഷമാണ് അയാളെ ആരോ പുലിമുരളി എന്നുവിളിച്ചു തുടങ്ങിയത്. ഓണക്കാലങ്ങളിൽ ആളു നല്ല തിരക്കാണ്. കാശുകൊടുത്താൽ എവിടെയും പോയി ദേഹത്തെല്ലാം ചായം തേച്ച് പുലിയും കടുവയും കളിക്കും. അങ്ങനെനോക്കിയാലും ആ പേര് അച്ചട്ടാണ്. ബാറുടമയായ ത്രിവിക്രമന് കൊട്ടേഷൻ മാത്രമല്ല പല തരികിട പരിപാടിക്കും പുലിമുരളിയില്ലാതെ പറ്റില്ല. അതുകൊണ്ട് അയാളുടെ ബാറിൽ എപ്പവേണമെങ്കിലും വന്ന് അയാൾക്കിഷ്ടംപോലെ പൂശാം. അതിന് പ്രത്യകിച്ച് ഒരു വ്യവസ്ഥയുമില്ല.

എല്ലാവർഷവും ഓണം പുലിമുരളിക്കുത്സവകാലമാണ് അത്യാവശ്യം പണമൊക്കെ കിട്ടും. എന്നാലും അതൊക്കെ അയാൾക്ക് വെറുമൊരു നേരംപോക്കു മാത്രം . ഓണക്കാലം കഴിഞ്ഞുള്ള പതിനൊന്നു മാസവും കൊട്ടേഷനാണ് പരിപാടി. കുറച്ചു റിസ്ക് എടുത്താൽ കിട്ടുന്നത് ലക്ഷങ്ങളും കോടികളുമല്ലേ, റിസ്ക് എടുക്കാത്തവൻ ലോകത്തിൽ ഒന്നും ചെയ്യുന്നില്ലന്നല്ലേ മഹാന്മാർ വരെ പറഞ്ഞിരിക്കുന്നത്.

കാശിനുവേണ്ടി പുലി ഏതു സാഹസത്തിനും തയ്യാറാണ്. ബൈക്കിൽ പോയുള്ള മാല പൊട്ടീരുമുതൽ കൊലപാതകം വരെ. അതൊക്കെ സ്ഥലത്തെ ചിട്ടിക്കമ്പിനിക്കാർക്കും സിനിമാക്കാർക്കും പ്രമാണിമാർക്കും മാത്രമേ അറിയുള്ളുവെന്നുമാത്രം. കാരണം അവരാണല്ലോ അതൊക്കെ അവനെക്കൊണ്ടു ചെയ്യിക്കുന്നത്. സക്കറിയാ പോത്തൻ വളരെ യാദൃച്ഛികമായിട്ടാണ് അതേ ബാറിൽവെച്ചു അയാളെ  പരിചയപ്പെടുന്നത്. അതും ബാറിൽ വലിയ തിരക്കില്ലാതിരുന്ന ഒരു ബുധനാഴ്ച ദിവസം. പുലിയങ്ങനെയാ ഒട്ടും തിരക്കില്ലാത്ത സമയംനോക്കി അരണ്ട വെളിച്ചത്തിൽ ബാറിന്റെ ഒരു മൂലയിൽ ഒറ്റയ്ക്കിരിക്കും. ഇരുട്ടത്തു പമ്മിയിരിക്കുന്ന ആളെ കണ്ടപ്പോൾ കറിയാച്ചൻതന്നെയാ അയാളെപ്പറ്റി ത്രിവിക്രമനോട് ചോദിച്ചത്. അയാൾ പൈസക്കുവേണ്ടി അത്യാവശ്യം കൊട്ടേഷൻ പണിയൊക്കെ ചെയ്യുമെന്നുമാത്രമാണ് ത്രിവിക്രമൻ പറഞ്ഞത്. അതുകൊണ്ടുമാത്രമാണ് കറിയാച്ചനു ഈ പുലിയ ഒന്നു പരിചയപ്പെടണമെന്നു തോന്നിയതും. പേരിൽ ഒരു പുലിയുണ്ടെങ്കിലും ആള് സൗമ്യനാണ്. ഒറ്റ നോട്ടത്തിൽ ഒസാമാ ബിൽലാദനെയോ യേശുവിനേയോ ഓർമിപ്പിക്കുന്ന ഒരു രൂപം. അല്ലെങ്കിലും കാഴ്ചയും പ്രവർത്തിയുമായി എന്തു ബന്ധം. കണ്ടാൽ ശാന്ത മുഖഭാവമുള്ള എത്രയോ കൊലപാതകികൾ ഉണ്ട് ഈ ലോകത്തിൽ. എന്തുവന്നാലും ഈ പുലിമുരളിയെ ഒന്ന് മുട്ടിയിട്ടുതന്നെ ബാക്കികാര്യം. ഒന്നിച്ചു രണ്ടെണ്ണം അടിച്ചുകഴിയുബോൾ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാകും. പക്ഷേ പരമരഹസ്യമായിരിക്കണമല്ലോ. ഇങ്ങനെയുള്ള കാര്യങ്ങൾ മൂന്നാമനായ ത്രിവിക്രമം പോലും അറിയാൻ പാടില്ല. ആദ്യം ബാറിൽനിന്നു ഒരു ലാർജ് സ്മിർണോഫ് വോഡ്ക്ക ഓർഡർ ചെയ്തു. എന്നിട്ടു രണ്ടു ചെറുനാരങ്ങയുടെ തുണ്ടും ഇത്തിരി ഐസുമിട്ട് അയാളുടെ അടുത്തുപോയിരുന്നു. ബാറിന്റെ പേരുപോലെതന്നെ ശരിക്കും ഇരുട്ടുമുറി തന്നെ തൊട്ടടുത്തിരുന്നാലും ആളെ തിരിച്ചറിയാൻ ഇത്തിരിപാടാ. കറിയാച്ചൻ ദിവസേന രണ്ടെണ്ണം അടിക്കുമെങ്കിലും ഈ കൊട്ടേഷൻ പണിയൊക്കെ സെറ്റപ്പാക്കാൻപോകുന്നത് അദ്യമായിട്ടല്ലേ എന്തുപറയണമെന്നറിയാതെ അകെ അങ്കലാപ്പിലായി. 

മേശപ്പുറത്തിരുന്ന കാടുമാങ്ങാ അച്ചാറു പതുക്കെ പതുക്കെ തൊട്ടു നക്കിക്കൊണ്ടു വോഡ്ക്കയും നുണഞ്ഞു കുറച്ചുനേരം മിണ്ടാതിരുന്നു. പുലിക്കു  കാര്യം പിടികിട്ടിയതുപോലെ ആ അരണ്ട വെളിച്ചത്തിൽ തല ഉയർത്തി കറിയാച്ചനെത്തന്നെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ഒരു ബിൻലാദൻ ചിരിയും ചിരിച്ചു. അതോടെ അയാൾക്കു ധൈര്യമായി പതുക്കെ അടുത്ത സീറ്റിൽ ചെന്നിരുന്നു. അപ്പോഴേക്കും പുലിമുരളി എല്ലാം അറിയാവുന്ന മട്ടിൽ താടി തടവിക്കൊണ്ടു ചോദിച്ചു.

" നിങ്ങളാണോ ഈ കറിയാച്ചൻ " അതെങ്ങനെ അറിഞ്ഞു എന്നതായിരുന്നു അപ്പോഴത്തെ സംശയം. ആ തിവിക്രമൻ ടെക്സ്റ്റ് ചെയ്തുകാണും. അയാളുടെ ഫോൺ അടുപ്പിച്ചടിപ്പിച്ചു രണ്ടു പ്രാവശ്യം ടിൻ ടിൻ എന്നടിക്കുന്നത് കേട്ടിരുന്നു. 

" അതെ എനിക്കൊരു കാര്യം പറയാമെന്നുണ്ടായിരുന്നു. ഒരു നിബന്ധനയേയുള്ളു മൂന്നാമതൊരാൾ അറിയാൻപാടില്ല "

" ഞാനിപ്പം ഒരുമാതിരി ചീളുകേസൊന്നും എടുക്കില്ലെന്ന് പറഞ്ഞുകാണുമല്ലോ " ത്രിവിക്രമനെ ഉദ്ദേശിച്ചായിരിക്കും അയാൾ പറഞ്ഞത്. പക്ഷെ അയാൾ ഒന്നും പറഞ്ഞിട്ടില്ല എന്ന കര്യമൊന്നും അയാളോട് പറഞ്ഞില്ല . 

'ഇതത്ര ചീളു കേസൊന്നുമല്ല " എന്നുതന്നെ കറിയാച്ചൻ തറപ്പിച്ചു പറഞ്ഞു .

" അപ്പം കൊലപാതകം ആണല്ലേ, ആരാ പ്രതി?

" ഭാര്യതന്നെ എലിസബത്ത് ". 

സന്തോഷം കൊണ്ടാണോ എന്നറിയില്ല അയാൾ ഒസാമാതാടി തടവിക്കൊണ്ട് വശ്യമായി ഒന്നുകൂടി ചിരിച്ചു. ചിലവുകൂടും നല്ലതുപോലെ ആലോചിച്ചിട്ടു മതി. കുറഞ്ഞ കൂലി ഇരുപത്തഞ്ചു ലക്ഷമാ. കയ്യൊ കാലോ ആണെങ്കിൽ രണ്ടു ലക്ഷം മതി.

"വർഷങ്ങളായി ആലോചിച്ചുറപ്പിച്ചതാ. ആദ്യത്തെ തീരുമാനം ആത്മഹത്യയായിരിന്നു. ഒന്നുകൂടി ആലോചിച്ചപ്പോൾ അങ്ങനെ അവളുടെ മുൻപിൽ തോറ്റുകൊടുക്കുന്നില്ല എന്നുതന്നെ തീരുമാനിച്ചു"

"പുലിമുരളി വീണ്ടും താടി തടവിക്കൊണ്ട് അല്പനേരം ആലോചിച്ചിരുന്നു.. എന്നിട്ടു പതിഞ്ഞ സ്വരത്തിൽ ഒന്നു പുഞ്ചിരിച്ചിട്ടു പറഞ്ഞു.." ആദ്യം കയ്യോ കാലോ ഓടിച്ചിട്ടാൽ പോരെ.. വെട്ടിദൂരെ കളയുക. അടുത്തെങ്ങാനുമിട്ടാൽ ഈ ഡോക്ടർമാരു വീണ്ടും തുന്നിക്കെട്ടും " വീണ്ടും അതെ ബിൻലാദൻ ചിരി. 

"അതുനേരാ " പ്രൊഫസർ ജോസഫ് സാറിന്റെ കൈ വെട്ടിയ കാര്യം അപ്പോഴാണ് ഓർത്തത്. അയാളിപ്പം കൃഷിപണിവരെ ചെയ്യുന്നു. വെട്ടിയവന്മാരൊക്കെ അകത്തും. ഒന്നാം പ്രതിയെ ഇപ്പോഴും കിട്ടിയിട്ടില്ലന്നാണ് പറയുന്നത്. എന്തായാലും ആ പുതിയ ആശയം കറിയാച്ചനിഷ്ടപ്പെട്ടു. ഒരു കൈ ആകുമ്പോൾ രണ്ടു ലക്ഷത്തിൽ നിർത്താം. തൊട്ടടുത്തെങ്ങും കളയാതിരുന്നാൽ മതി. ഒരിക്കൽ വഴക്കുണ്ടാക്കിയപ്പോൾ എലിസബത്ത് രണ്ടു കൈയും കൂട്ടി കറിയാച്ചന്റെ കഴുത്തിൽ ഞെക്കിപിടിച്ചതും അപ്പോഴാണ് ഓർത്തത്. അതവളുടെ സ്ഥിരം നമ്പരാ. എന്നിട്ട് 'നിങ്ങളെ കൊല്ലും ഞാൻ' എന്നുപറഞ്ഞു ഉച്ചത്തിൽ ഒരലർച്ചയാ. അന്നാണ് അവളുടെ കൈകളുടെ ബലം ഒന്നറിഞ്ഞത് . അസ്സലു കോട്ടയംകാരി അച്ചായത്തി. ചെറുപ്പം തൊട്ടു റബ്ബർഷീറ്റടിച്ചു തഴമ്പിച്ച കയ്യാ. അതവൾ ഇടക്കൊക്കെ ഓർമ്മിപ്പിക്കാറുമുണ്ട്. ശരിക്കും അന്നൊന്നു പേടിച്ചതാ. ഒരു കൈ ആകുമ്പോൾ അവളുടെ ആ പൂതി നടക്കത്തില്ല. അതുകൊണ്ട് അപ്പോഴേ ഓക്കേ പറഞ്ഞു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More