You are Here : Home / USA News

മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രപ്പൊലീത്തയ്ക്കു കണ്ണീരിൽ കുതിർന്ന ഓർമ്മക്കുറിപ്പുകളിലൂടെ ആദരാഞ്ജലികൾ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, December 28, 2015 11:04 hrs UTC

മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രപ്പൊലീത്തയ്ക്കു കണ്ണീരിൽ കുതിർന്ന ഓർമ്മക്കുറിപ്പുകളിലൂടെ ആദരാഞ്ജലികൾ 

തിരുവല്ല: കാരുണ്യവഴിയിലൂടെ വിശ്വാസി സമൂഹത്തിനു വഴികാട്ടിയായ മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് (78) കാലംചെയ്തു. മസ്കറ്റിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ മസ്തിഷ്കാഘാതം സംഭവിച്ച മെത്രാപ്പൊലീത്തയെ ശനിയാഴ്ച പുലർച്ചെ വിമാനമിറങ്ങിയ ഉടൻ ഗുരുതരാവസ്ഥയിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഡിസംബർ 27-ആം തീയതി വൈകിട്ട് 5.52ന് മെത്രാപ്പൊലീത്ത വിടപറഞ്ഞു.

മെത്രാപ്പെ‍ാലീത്തയുടെ കബറടക്കം നാളെ തിരുവല്ലയിൽ നടക്കും. തിരുവല്ല എസ്‌സി കുന്നിലെ സെന്റ് തോമസ് പള്ളിയോടുചേർന്ന് തയാറാക്കുന്നിടത്താണ് കബറടക്കം. ഇന്നു രണ്ടിന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സഭാ കൗൺസിൽ യോഗം കബറടക്കവും ക്രമീകരണങ്ങളും സംബന്ധിച്ചു തീരുമാനിച്ചു. ഇന്നലെ ഉച്ചയോടെ മെത്രാപ്പൊലീത്ത അതീവ ഗുരുതരാവസ്ഥയിലായതറിഞ്ഞ് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ചെന്നൈ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത എന്നിവർ സന്ദർശിച്ചു.

മാർത്തോമ്മ സഭ എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, യൂയാക്കിം മാർ കൂറിലോസ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നരയ്ക്ക് തൈലാഭിഷേകം നടത്തി. ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.എസ്. ശബരീനാഥൻ, കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ, ഡിജിപി: ടി.പി. സെൻകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന് ധനമന്ത്രി കെ എം മാണി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ അനുശോചിച്ചു.

ഇന്നലെ രാത്രി ഏഴരയ്ക്ക് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ ഒരുമണിക്കൂർ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ ആയിരക്കണക്കിനു വിശ്വാസികളും പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ചെങ്ങന്നൂർ തിട്ടമേൽ പള്ളിയിൽ എത്തിച്ച ഭൗതികശരീരം ദർശിക്കാൻ വിശ്വാസി സമൂഹം ഒഴുകി.

സഭാജനങ്ങളുടെ ആത്മീയ, ഭൗതിക ഉന്നതിക്കായി വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയനായ സഖറിയാസ് മാർ തെയോഫിലോസ് അടൂർ–മാവേലിക്കര, കോട്ടയം–റാന്നി, മദ്രാസ്–കുന്നംകുളം, മുംബൈ തെക്കൻമേഖല–ഡൽഹി, മലേഷ്യ–സിംഗപ്പുർ–ഓസ്ട്രേലിയ, കോട്ടയം–കൊച്ചി, നോർത്ത് അമേരിക്ക–യൂറോപ്പ്, ചെന്നൈ–കൊൽക്കത്ത, ചെന്നൈ–ബെംഗളൂരു എന്നീ ഭദ്രാസനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിരണം മട്ടയ്ക്കൽ വെൺപറമ്പിൽ റിട്ട. പോസ്‌റ്റ്‌മാസ്‌റ്റർ വി.കെ. ഉമ്മന്റെയും അധ്യാപികയായിരുന്ന പുത്തൻകാവ് ഐക്കരേത്ത് മറിയാമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1938 ഓഗസ്റ്റ് 29 നായിരുന്നു ജനനം. സണ്ണി എന്നായിരുന്നു വിളിപ്പേര്. നിരണത്തു സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യുസി കോളജിൽനിന്നു ബിരുദം സ്വന്തമാക്കി. തിരുവല്ല ടൈറ്റസ് സെക്കൻഡ് കോളജിൽ നിന്നു ബിഎഡും നേടി. പിന്നീട് പെരുമ്പാവൂർ ആശ്രാമം ഹൈസ്കൂളിൽ അധ്യാപകനായി. 1966ൽ ജബൽപൂരിലെ തിയോളജിക്കൽ കോളജിൽ വൈദിക പഠനത്തിനായി പോയി. 1966 മേയ് ഏഴിനു ഡീക്കനായും ജൂലൈ ഒൻപതിനു കശീശയായും സ്ഥാനമേറ്റു.

1974ൽ അമേരിക്കയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ബിരുദാനന്തര ബിരുദവും 1976ൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റും നേടി. ബോസ്റ്റൺ, ഫിലാഡൽഫിയ, ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. മൈസുരു, കോഴഞ്ചേരി, മുംബൈ–സാന്തക്രൂസ് എന്നിവിടങ്ങളിലുൾപ്പെടെ വികാരിയായിരുന്നു. 1980 ഏപ്രിൽ 26നു റമ്പാനും മേയ് ഒന്നിന് എപ്പിസ്കോപ്പയുമായി.

2004 ജൂലൈ മൂന്നിനു സഫ്രഗൻ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു. 2005 മുതൽ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപ‍നാണ്. ആശ്രാമം ഹൈസ്കൂൾ, ആലുവ സെറ്റിൽമെന്റ് ഹൈസ്കൂൾ, മൈസുരു സെന്റ് തോമസ് ഹൈസ്കൂൾ, തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാരഥ്യവും വഹിച്ചു. സഭകളുടെ ഐക്യപ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുന്ന ലോകകൗൺസിലിന്റെ കേന്ദ്രകമ്മിറ്റിയിലും നിർവാഹക സമിതിയിലും അംഗമായിരുന്നു. മാർത്തോമ്മാ യുവജനസഖ്യം, സൺഡേസ്കൂൾ സമാജം എന്നിവയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നു.

 

ഓർമ്മക്കുറിപ്പുകൾ :

 

സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് മാർത്തോമ്മ പള്ളിയുടെ ആദരാഞ്ജലികൾ

കുവൈറ്റ് സിറ്റി : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സീനിയർ  സഫ്രഗൻ മെത്രാപ്പൊലീത്തായും, ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനുമായ ഡോ: സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗ വാർത്ത കുവൈറ്റിലെ മാർത്തോമ്മാ സമൂഹം പ്രത്യേകിച്ച് കുവൈറ്റ്  സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവക ഞെട്ടലോടെയാണ് ശ്രവിച്ചത് .  2014 -ലിലെ വർഷാവസാന പ്രാർത്ഥനയിലും, പുതുവർഷ ശുശ്രൂഷയിലും,  നാലാമത് ഇടവക ദിനത്തിലും, കാലം ചെയ്ത സഫ്രഗൻ മെത്രാപ്പൊലീത്ത നൽകിയ നേതൃത്വം സെന്റ് ജെയിംസ് ഇടവകയിലെ വിശ്വാസ സമൂഹത്തെ  സംബന്ധിച്ചു മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു. ശാരീരികമായ ക്ലേശങ്ങളുടെ മധ്യത്തിലും ഇടവകയുടെ പൊതുവായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാൻ സഫ്രഗൻ മെത്രാപ്പൊലീത്ത ശ്രദ്ധിച്ചു. ഇടവക ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും, ഇടവക സമൂഹത്തിന് നൽകേണ്ട സേവനങ്ങൾ ആപരനെ അംഗീകരിക്കുന്ന തരത്തിൽ ആകണമെന്ന വ്യക്തമായ ധാരണ ജനങ്ങൾക്ക്  നൽകുകയും ചെയ്യുവാൻ സഫ്രഗൻ മെത്രാപ്പൊലീത്തയുടെ സന്ദർശനം ഇടയാക്കിയത് നന്ദിപൂർവ്വം സ്മരിക്കുന്നു.

സഫ്രഗൻ മെത്രാപ്പൊലീത്തയും, ഇടവക വികാരി റവ. വി. എസ്.  സ്കറിയായും തമ്മിലുള്ള ആത്മബന്ധം എടുത്തു പറയത്തക്കതാണ്. ഇടവക വികാരി  റവ. വി. എസ്. സ്കറിയായ്ക്ക് അന്യന്റെ വേദനകൾ തിരിച്ചറിയുന്നതിനും,   ദൗത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടുതലായി  ഉണ്ടാകുന്നതിനും സഫ്രഗൻ മെത്രാപ്പൊലീത്തയുമായുള്ള ബന്ധം കൂടുതൽ സഹായിച്ചിട്ടുണ്ട്.  സഫ്രഗൻ മെത്രാപ്പൊലീത്ത കാലീകമായി സമൂഹത്തിന്റെ കലുഷിതമായ അവസ്ഥയിൽ  സഭയുടെ നിലപാട് വ്യക്തമാക്കിയ ഇടയ ശ്രേഷ്ഠനായിരുന്നു. സഭയുടെ ദൗത്യ മേഖലകളെ കാണേണ്ടതു പോലെ കാണുവാൻ   വന്ദ്യ  പിതാവിന് പ്രത്യേകമായ താലന്ത് ഉണ്ടായിരുന്നു. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തായുടെ അകാല  വിയോഗത്തിലുള്ള ദുഃഖം ലോകമെങ്ങുമുള്ള വിശ്വാസ സമൂഹത്തോടൊപ്പം കുവൈറ്റ് സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവകയും രേഖപ്പെടുത്തുന്നു. ജോജി മാത്യൂ ഇടവക സെക്രട്ടറി അറിയിച്ചതാണിത്.

  - സിനി തോമസ്സ് കുവൈറ്റ്.

 

തീരാ നഷ്ടം.

മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ അധിപനുമായ അഭിവന്ദ്യ സക്കറിയാസ് മാർ തിയോഫിലോസ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ എന്റെ വ്യക്തിപരമായ രീതിയിലും പൂതിരിയിൽ കുടുംബാംഗങ്ങളുടെ പേരിലും ഉള്ള അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. ഒരു തിരുമേനി എന്നതിലുപരി ജനനന്മയ്ക്കും ജന സേവനത്തിനും വേണ്ടി ഉഴിഞ്ഞുവച്ചൊരു ജീവതമായിരുന്നു അദ്ദേഹത്തിന്റേത്

എന്നെ സംബസിച്ചടുത്തോളം , എന്റെ ഓർമ്മ ശരിയാണെങ്കിൽ തിരുമേനി കോട്ടയം കൊച്ചി ഭദ്രാസനങ്ങളുടെ അദിപനായിരുന്ന കാലത്ത് , അദ്ദേഹത്തിൽ നിന്നും ആദ്യ കുർബാന സ്വീകരിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് എന്റെ അദ്ദേഹത്തോടുള്ള സ്നേഹത്തിന്റേയും ബഹുമാനത്തിന്റേയും ആക്കം കൂട്ടുന്നതാണ് .

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തിരുമേനിയുടെ വേർപാട് എനിക്ക് എന്നും തീരാ നഷ്ടമാണ്.

   - ജീനെറ്റ് കോശി സ്കറിയ, വ്യാപാരി വ്യവസായി സമിതി, ഇടുക്കി ജില്ല സെക്രട്ടറി

 

ദൈവത്തിന്റെ സ്നേഹിതൻ എന്നാ പേരുകാരൻ.

കാലിഫോർണിയ: ദൈവത്തിന്റെ സ്നേഹിതൻ എന്ന പേരു കാരനായിരുന്നു മാർ  സഖറിയാസ്. കാരുണ്യത്തിന്റെ കൈതാങ്ങുമായി അദ്ദേഹത്തിന്റെ  സ്നേഹപൂർണ്ണമായ കരുതലിന്റെ കരങ്ങൾ കേരളത്തിന്റെ അകത്തും പുറത്തും ഉള്ള അശരണർക്ക് തണലായിരുന്നു. കാൻസർ രോഗികൾക്ക് തണലായി ചെങ്ങന്നൂർ ഭദ്രാസനത്തിൽ ആരംഭിച്ച പദ്ധതി, പത്തനാപുരത്തെ ആശാഭവൻ, ആലുവയിലെ ശാന്തഗിരി ആശ്രമം, കോട്ടയം മാങ്ങനത്തെ മോചന മദ്യാസക്തി കേന്ദ്രം തുടങ്ങിയുള്ള പദ്ധതികൾ ആ കാരുണ്യത്തിന്റെ ഉദാഹരണങ്ങളാണ്. ഏറ്റവും ഒടുവിൽ ഒറീസ്സയിലേയും ആന്ധ്രായിലേയും ഭിക്ഷ യാചകരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി പ്രവർത്തിച്ചു വരികയായിരുന്നു. 348 സഭകൾ അംഗങ്ങളായുള്ള അഖിലലോക സഭാ കൗൺസിലിൽ വർഷങ്ങളോളം തിരുമേനി അംഗമായിരുന്നു. കൂടാതെ വേൾഡ് മിഷൻ ഇന്ത്യ, ബാoഗ്ലൂർ എക്യുമിനിക്കൽ,  ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ - കേരള ഘടകം, നാഷണൽ മിഷനറി സൊസൈറ്റി തുടങ്ങിവയിലും പ്രവർത്തിച്ചിരുന്നു.

മാർത്തോമ്മ സഭയുടെ അമേരിക്ക-യൂ കെ ഭദ്രാസനത്തിന്റെ ആദ്യ റസിഡണ്ട് ബിഷപ്പായിരുന്നു, കാലം ചെയ്ത സഖറിയാസ് മാർ തെയോഫിലിസ് സഫ്രഗൻ മെത്രാപ്പൊലീത്ത. 1993 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ, അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി യുവജനങ്ങളുടെ പ്രിയപ്പെട്ട ബിഷപ്പായിരുന്നു അദ്ദേഹം.  അദ്ധ്യാപകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ച മാർ തെയോഫിലിസ്, 1966-ൽ വൈദികനായും, 1980-ൽ ബിഷപ്പായും സേവനമനുഷ്ടിച്ചു. 2004-ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായ ശേഷം, ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസനത്തിന്റെ അധിപനായി പ്രവർത്തിച്ചു വരികയായിരുന്നു.

ആദ്യ കുർബാന സ്വീകരണം ക്രിസ്തീയ സഭകളിൽ നന്നായി നടക്കുന്ന ചടങ്ങാണ്. കോട്ടയം- കൊച്ചി  ഭദ്രാസനാധിപനായിരിക്കുന്ന കാലത്തു, മറ്റുള്ളവരോടൊപ്പം അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ഞാൻ ആദ്യ കുർബാന സ്വീകരിച്ചത് ഇന്ന് ഓർമ്മയിലെത്തുന്നു. അതോടൊപ്പം നടക്കാതെ പോയ ഒരു അഭിമുഖത്തിന്റെയും ഓർമ്മയും. സഫ്രഗൻ മെത്രാപ്പൊലീത്ത ആയ ശേഷം ആദ്യമായി തിരുമേനി അമേരിക്കയിലെത്തിയ സമയം, ലോസ് ആഞ്ചലസിൽ തിരുമേനി താമസ്സിക്കുന്ന വീട്ടിലേക്ക് ഒരു ശനിയാഴ്ച്ച വൈകുന്നേരം കാറ്  ഓടിച്ചു കൊണ്ടിരുന്നു.  അപ്രതിക്ഷിതമായി ഹൈവേയിലുള്ള തടസ്സം മൂലം ഏകദേശം രണ്ടു മണിക്കൂറോളം വൈകി. തിരുമേനി ഭക്ഷണം പോലും കഴിക്കാതെ അഭിമുഖത്തിനായി വളരെ നേരം കാത്തിരുന്നു. എങ്കിലും സമയം വളരെ വൈകിയതിനാൽ ക്ഷമാപൂർവ്വം ഇനി വരുന്നില്ല എന്ന് അറിയിച്ചു. ഏതാണ്ട് ഒരു വർഷം  മുമ്പ് കണ്ടപ്പോൾ ചെങ്ങന്നൂരിലെ കാൻസർ രോഗികളുടെ  ആശ്വാസ  കേന്ദ്രത്തെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ജാതി മത ഭേദമെന്യേ നിരവധി രോഗികൾക്ക് ആശ്വാസമാകുന്ന പദ്ധതി കൂടുതൽ ജനങ്ങളിൽ എത്തിക്കണമെന്ന് തിരുമേനി ആഗ്രഹിച്ചിരുന്നു.

എളിയവനെ കുപ്പയിൽ നിന്ന് ഉയർത്തുകയാണ് സഭയുടെ ലക്ഷ്യമെന്ന് അവസാനം വരെയും മാർ തെയോഫിലസ് തിരുമേനി, കാരുണ്യത്തിന്റെയും, കരുതലിന്റെയും മുഖമായി ഇനി ജനഹൃദയങ്ങളിൽ ജീവിക്കും.

 

 - മനു തുരുത്തിക്കാട്

 

തയാറാക്കിയത്: വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.