You are Here : Home / News Plus

മുത്തലാഖ് ബില്ല് ഇന്നുതന്നെ പാസാക്കാന്‍ നീക്കം

Text Size  

Story Dated: Thursday, December 28, 2017 10:54 hrs UTC

മുത്തലാഖ് ക്രിമിനൽ കറ്റമാക്കുന്ന ബില്ല് ഇന്നുതന്നെ ലോകസഭയില്‍ പാസാക്കാന്‍ നീക്കം. ഇതുസംബന്ധിച്ച്  സഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബില്ല് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിന്റെ ആവശ്യം ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ അംഗീകരിച്ചു.

ബില്ല് വിശ്വാസത്തിന്റെ കാര്യമല്ല ലിംഗനീതിയുടെ കാര്യമാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ശരിഅത്ത് നിയമത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അന്തസ് ഉയര്‍ത്താനുമാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർദിഷ്ട ബില്ലിൽ ഭേദഗതി വേണമെന്ന് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു. വനിത സംഘടനകളടക്കമുള്ളവരുമായി ചർച്ച നടത്തിയിട്ടില്ല ബില്ല് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ബില്ല് ലോകസഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ല് മേശപ്പുറത്ത് വച്ചത്. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും മുത്തലാഖ് ബില്ലിൽ മാറ്റം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത് ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകും.  ജീവനാംശം നിർണയിക്കുന്നതിലും വ്യക്തത വേണമെന്ന് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

മൂന്ന് വർഷത്തെ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടു. അതേസമയം ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസിയും ആരോപിച്ചു. അതേസമയം തന്നെ ബിജു ജനതാദളും അണ്ണാ ഡിഎംകെയും ബില്ലിന് എതിര്‍പ്പ് രേഖപ്പെടുത്തി.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്ല് തയ്യാറാക്കിയത്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും  ഉറപ്പ് നൽകുന്നതാണ് ബില്ല്. 

നിര്‍ദ്ദിഷ്ടബില്ല് പിൻവലിക്കണെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മുത്തലാഖ്  സുപ്രീംകോടതി നിരോധിച്ചിട്ടും വാക്കിലൂടെയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഇത്  തുടരുന്ന സാഹചര്യത്തിലാണ് ലിംഗസമത്വം ഉറപ്പാക്കാൻ മുത്തലാഖ് ക്രിമനൽക്കുറ്റമാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.