You are Here : Home / News Plus

6 ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; മട്ടന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Wednesday, December 20, 2017 08:01 hrs UTC

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ വിവിധ ആക്രമസംഭവങ്ങളില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് നേതാവിനും പരിക്കേറ്റു. കതിരൂരിലും മാലൂരിലുമുണ്ടായ രണ്ട് അക്രമസംഭവങ്ങളിലായാണ് ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പയ്യന്നൂര്‍ കാങ്കോലിലുണ്ടായ മറ്റൊരു സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.നാരായണനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി കതിരൂരില്‍ വച്ച് മുഖംമൂടി സംഘമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രവീണിനെ ആക്രമിച്ചത്. ആക്രമത്തില്‍ കൈപ്പത്തി അറ്റുതൂങ്ങിയ ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാലൂരില്‍ സിപിഎമ്മിന്റെ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പോലീസ് സ്‌റ്റേഷനില്‍ പോയി മടങ്ങി വരികയായിരുന്ന ബിജെപി പ്രവര്‍ത്തകരെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ  ഗംഗാധരന്‍, സുനില്‍ കുമാര്‍ എന്നിവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയ്ക്കും കാലുകള്‍ക്കുമാണ് വെട്ടേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാനൂര്‍-കൂത്തുപറമ്പ് മേഖലയില്‍ തുടരുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ രാത്രിയുണ്ടായതെന്നാണ് പോലീസ് കരുതുന്നത്. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാന്‍ മേഖലയില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.