You are Here : Home / News Plus

കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു

Text Size  

Story Dated: Saturday, December 16, 2017 11:56 hrs UTC

കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തു. എത്ര ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു രാഹുല്‍ ഗാന്ധി പാര്‍ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ജനങ്ങളെ ഇല്ലാതാക്കുന്ന വെറുപ്പിന്‍റെ രാഷ്‌ട്രീയത്തിന്‍റെ സ്നേഹത്തിന്‍റെ രാഷ്‌ട്രീയം കൊണ്ട് നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് പുതിയ കാലത്തിന്‍റെ തുടക്കമെന്ന് വിടവാങ്ങള്‍ പ്രസംഗത്തില്‍ സോണിയാഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞ എ.ഐ.സി.സി ആസ്ഥാനം ആ ചരിത്ര നിമിഷത്തിന് സാക്ഷിയായി. നെഹ്റു കുടുംബത്തിലെ ആറാമനായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പട്ടതായുള്ള പത്രം കൈമാറി. മനുഷ്യനെ ഇല്ലാതാക്കുന്ന രാഷ്‌ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെയും ഭക്ഷണത്തെയും ചോദ്യം ചെയ്യുന്നു. വെറുപ്പിന്‍റെ ആ രാഷ്‌ട്രീയത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. എത്ര ഇല്ലാതാക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസ് കൂടുതല്‍ ഊര്‍ജ്ജത്തോടെ തിരിച്ചുവരുമെന്നും ആവേശത്തോടെ രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന സോണിയാഗാന്ധി ഭയപ്പെടുത്തുന്ന രാഷ്‌ട്രീയമാണ് രാജ്യത്തുള്ളതെന്ന് പറഞ്ഞു. അതിനെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടരണമെന്നും ആവശ്യപ്പെട്ടു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സംസാരിച്ചു. രാഹുല്‍ ഗാന്ധിക്ക് രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ സാധിക്കുമെന്നായിരുന്നു മന്‍മോഹന്‍സിങ് പറഞ്ഞത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് അധികാരമാറ്റ ചടങ്ങില്‍ പങ്കെടുത്തത്. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാ നേതാക്കളെയും നേരില്‍ കണ്ട് രാഹുല്‍ നന്ദി അറിയിച്ചു. വലിയ വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.