You are Here : Home / News Plus

ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച യുഎസ് തിരുമാനത്തിനെതിരെ ഇന്ത്യ

Text Size  

Story Dated: Thursday, December 07, 2017 11:48 hrs UTC

ഇസ്രായേൽ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കയുടെ തീരുമാനത്തിനെതിരെ ഇന്ത്യ.പലസ്തീനിന്‍റെ കാര്യത്തിൽ ഇന്ത്യക്ക് സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടാണുള്ളതെന്ന് വിദേശ കാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യയുടെ താൽപര്യങ്ങളും കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാണ് നിലപാട് രൂപപ്പെടുത്തിയത്. അത് മൂന്നാമതൊരു രാജ്യത്തിന്റെ തീരുമാനത്തെ ആശ്രയിച്ചല്ലെന്നും വിദേശകാര്യ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. പലസ്തീന്റെ പരമാധികാരം അംഗീകരിക്കുകയും അതേസമയം, ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേലിന്റെ നിലപാടിനൊപ്പവുമാണ് ഇന്ത്യയെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ടെൽ അവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ എതിർത്ത് ബ്രിട്ടനും രംഗത്തെത്തി. അമേരിക്കയുടെ പാത പിന്തുരടാൻ തങ്ങളില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ ഈ തീരുമാനം വഴിവയ്ക്കൂ എന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണും ജർമനിയും ഫ്രാൻസും ജറുസലേമിലെയും ഗാസയിലെയും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. പുതിയ സാഹചര്യത്തിൽ ഇവിടെ അക്രമസംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യത മുന്നിൽകണ്ടാണിത്. ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ മുസ്ലീം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും നീക്കത്തെ അപലപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.