You are Here : Home / News Plus

വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു

Text Size  

Story Dated: Sunday, December 03, 2017 11:21 hrs UTC

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ്‌ ദുരിതം വിതച്ച വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു. പ്രതിഷേധം ഭയന്ന്‌ പൂന്തുറ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്കു വിഴിഞ്ഞത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും ജെ. മേഴ്‌സിക്കുട്ടിയമ്മയേയും നാട്ടുകാര്‍ കൂക്കിവിളിച്ചാണു സ്വീകരിച്ചത്‌. ഔദ്യോഗികവാഹനം ഉപേക്ഷിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്കു മടങ്ങേണ്ടിവന്നു.കടലില്‍ കാണാതായവരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്‌തമാണെന്ന്‌ ആരോപിച്ച്‌ സംസ്‌ഥാനത്തു പലയിടത്തും മത്സ്യത്തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. മുഖ്യമന്ത്രി എത്താത്തതില്‍ നേരത്തേ അമര്‍ഷമുയര്‍ന്നിരുന്നു. ഇന്നലെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും തിരുവനന്തപുരത്ത്‌ എത്തിയതോടെയാണു ദുരിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്‌. വൈകിട്ട്‌ ആറേകാലോടെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കു സെന്റ്‌ മേരീസ്‌ പള്ളിവരെ പോലീസ്‌ ഇരുവശത്തും നിന്നു വഴിയൊരുക്കി. തുടര്‍ന്നു ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു പരാതിപ്പെടാന്‍ ആളുകള്‍ ശ്രമിച്ചതോടെ ബഹളമായി.രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടപടികള്‍ അപര്യാപ്‌തമാണെന്നു പള്ളിവികാരി വിമര്‍ശിച്ചു. തുടര്‍ന്ന്‌, പള്ളിയില്‍നിന്ന്‌ ഇറങ്ങി മുഖ്യമന്ത്രി ഔദ്യോഗികവാഹനത്തിനടുത്തേക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. മുഖ്യമന്ത്രി എത്താന്‍ വൈകിയെന്നായിരുന്നു ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.