You are Here : Home / News Plus

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച പ്രശസ്ത ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി.ബാല അറസ്റ്റിൽ

Text Size  

Story Dated: Sunday, November 05, 2017 03:12 hrs UTC

ചെന്നൈ∙ തമിഴ്നാട്ടിലെ പ്രശസ്ത ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി.ബാലയെ തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും വിമർശിച്ച കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലിയിൽ കലക്ടറേറ്റിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ രക്ഷിക്കുന്നതിൽ സർക്കാരും മുഖ്യമന്ത്രിയും വീഴ്ച വരുത്തിയെന്ന് ദ്യോതിപ്പിക്കുന്നതായിരുന്നു ബാലയുടെ കാർട്ടൂൺ. രാഷ്ട്രീയ സ്വഭാവമുള്ള കാർട്ടൂണുകളിലൂടെ ശ്രദ്ധേയനായ ബാലയുടെ അറസ്റ്റ് ഇതിനോടകം വൻ വിവാദമായിട്ടുണ്ട്.

ഒരു കുട്ടി പൊള്ളലേറ്റു കിടക്കുമ്പോൾ തിരുനെൽവേലി കമ്മിഷണറും കലക്ടറും മുഖ്യമന്ത്രിയും ഒന്നും ചെയ്യാതെ ചുറ്റിലും നിൽക്കുന്നതാണ് കാർട്ടൂണിന്റെ ഇതിവൃത്തം. ഇവരെ നഗ്നരായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇവർ നോട്ടുകെട്ടുകൾ ഉപയോഗിച്ച് നഗ്നത മറയ്ക്കുന്നതും കാര്‍ട്ടൂണിലുണ്ട്. കുട്ടിയുടെ ജീവനു വിലനല്‍കാതെ പണത്തിനു പിന്നാലെ പോകുന്ന നേതാക്കളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതാണ് കാർട്ടൂൺ.

ഈ കാർട്ടൂൺ ഇക്കഴിഞ്ഞ ഒക്ടോബർ 24ന് ബാല സമൂഹമാധ്യമത്തിലെ തന്റെ പേജിൽ പങ്കുവച്ചിരുന്നു. ഇത് നിമിഷങ്ങൾക്കകം വൈറലാകുകയും ഒട്ടേറെപ്പേർ ഷെയർ ചെയ്യുകയും ചെയ്തു. 13,000–ത്തോളം ആളുകളാണ് ഈ കാർട്ടൂൺ ഇതുവരെ ഷെയർ ചെയ്തത്. ഫെയ്സ്ബുക്കിൽ മാത്രം 65,000ൽ അധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് ബാല.

താനുൾപ്പെടെയുള്ളവർ കഥാപാത്രങ്ങളായ കാർട്ടൂൺ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തിരുനെൽവേലി ജില്ലാ കലക്ടർ ഇക്കാര്യം തമിഴ്നാട് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും അറിയിക്കുകയായിരുന്നു. തുടർന്നാണ് കാർട്ടൂണിസ്റ്റായ ബാലയെ അറസ്റ്റ് ചെയ്തത്.

അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ഐടി ആക്ട് സെക്ഷൻ 67, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 501 എന്നിവ പ്രകാരമാണ് അറസ്റ്റ്. കാർട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് #standwithCartoonistBala എന്ന പേരിലുള്ള ഹാഷ് ടാഗും സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.