You are Here : Home / News Plus

ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Monday, October 23, 2017 01:16 hrs UTC

ഹൂസ്റ്റൺ: കാണാതായ ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. ഷെറിന്റെ വീടിന് ഒരു കിലോമീറ്റർ മാറി റോഡിലെ കലുങ്കിനുള്ളിലാണ് അമേരിക്കൻ സമയം ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നു രണ്ടു വർഷം മുമ്പാണു വെസ്‌ലി–സിനി ദമ്പതികൾ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്‌ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാൽ നിശ്ചിത ഇടവേളകളിൽ പാൽ നൽകണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസിൽ മൊഴി നൽകിയത്. വെസ്‌ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തിൽ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്പോർട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലർച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പൊലീസിൽ അറിയിക്കാൻ അഞ്ചു മണിക്കൂർ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടിൽ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.