You are Here : Home / വെളളിത്തിര

അഗസ്റ്റിന്‍ ഇല്ലാത്ത ക്രിസ്മസ്

Text Size  

Story Dated: Friday, December 27, 2013 06:38 hrs UTC

കോഴിക്കോടന്‍ ഭാഷയും രീതികളുമായി സിനിമയിലായാലും ജീവിതത്തിലായാലും ഒരുപോലെ കറങ്ങുന്ന കോഴിക്കോടിന്റെ സ്വന്തം മാമുക്കോയക്ക് ഇത്തവണത്തെ ക്രിസ്മസ് നീറുന്നൊരു ഓര്‍മയാണ്. അതു കൊണ്ട്  ക്രിസ്മസിന് ഒരേയൊരാഗ്രഹം മാത്രം. കഴിഞ്ഞ ഓരോ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും തനിക്കൊപ്പമുണ്ടായിരുന്ന എന്നാല്‍ ഈ ക്രിസ്മസിന് തനിക്കൊപ്പമില്ലാത്ത തന്റെ കോഴിക്കോട്ടുകാരായ സുഹൃത്തും മലയാളി പ്രേക്ഷകന്റെ മനസിലെ അതുല്യ നടുമായ അഗസ്റിന്റെ വീട്ടില്‍ ഒന്നു പോകണം. അവനില്ലെങ്കിലും താന്‍ അവിടെയൈത്തുമെന്നത് അഗസ്റിന്റെ വീട്ടുകാര്‍ക്ക് ഒരാശ്വാസമായിരിക്കുമെന്ന് മാമുക്കോയ പറയുന്നു. “വേറെവിടെയും ഇപ്രാവശ്യം പോവില്ല. അവിടെയൊന്നു കയറുക എന്നതു മാത്രമാണ് ഇത്തവണത്തെ തീരുമാനം”
“ഈ ക്രിസ്മസ് എനിക്കൊരു വേദനയാണ്. കാരണം ക്രിസ്മസ് ആഘോഷങ്ങള്‍ എനിക്കൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തി. എല്ലാ ക്രിസ്മസിനും എനിക്കൊപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത്, നമ്മുടെ മഹാനടന്‍ അഗസ്റിന്‍. ആഘോഷങ്ങള്‍ നഷ്ടപ്പെടുത്തിയതാണവ. മദ്യം കൂടിപ്പോയിട്ടാണ് അവന്‍ അസുഖം വന്ന് കിടപ്പിലായത്. അഗസ്റിനൊടൊപ്പം കൂടിയ ശേഷം അവനില്ലാത്ത ആദ്യത്തെ ക്രിസ്മസാണിത്. ഇതെനിക്ക് എന്നെന്നേക്കുമുള്ള ഒരു തീരാനഷ്ടമായിരിക്കും.


 എന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ കോഴിക്കോടിനെ ചുറ്റിപ്പറ്റിയുള്ളതാണ്. കല്ലായിക്കടുത്തു പള്ളിക്കണ്ടി എന്ന സ്ഥലത്തായിരുന്നു എന്റെ ചെറുപ്പം. അന്ന് ഒരുപാട് സുഹൃത്തുക്കളുണ്ട്. എല്ലാ മതത്തിലും പെട്ടവര്‍. ജോസഫ്, ജോയി, ബാലകൃഷ്ണന്‍, മുഹമ്മദ്, അപ്പു, ചന്ദ്രശേഖരന്‍, ജോസ് തുടങ്ങി ഒരുപാട് പേര്‍. ഓണം, വിഷു , ക്രിസ്മസ് , റംസാന്‍ തുടങ്ങി മതപരമായ ഏതാഘോഷങ്ങള്‍ക്കും നമ്മുടെ വീടുകളില്‍ ഉണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ അ്ന്യമതസ്ഥരായ സുഹൃത്തുക്കളുടെ വീട്ടിലെത്തിക്കുക എന്നതും നോമ്പുതുറക്കാന്‍ ക്ഷണിക്കലും കോഴിക്കോട്ടെ എന്റെയും സുഹൃത്തുക്കളുടെയും ഒരു പതിവു രീതിയായിരുന്നു. ക്രിസ്റ്യന്‍ വീടുകള്‍ കുറച്ചെയുള്ളുവെങ്കിലും എല്ലാ ആഘോഷങ്ങള്‍ക്കും വിളിക്കലും പോകലും പതിവാണ്.. ഞങ്ങളുടെ ക്രിസ്തുമസ് ആഘോഷം പലപ്പോഴും വീടുകളില്‍ ഒതുങ്ങുന്നതാണ്. പള്ളിക്കണ്ടിയിലെ ക്രിസ്ത്യാനികള്‍ക്ക് അടുത്തെങ്ങും പള്ളിയില്ല. ഒരു നാലഞ്ച് കിലോമീറ്റര്‍ പോണം. അവര്‍ പള്ളിയില്‍ പോയി തിരിച്ചെത്തിയ ശേഷമാണ് ഞങ്ങളുടെ ആഘോഷം. നക്ഷത്രങ്ങള്‍ തൂക്കിയും പുല്‍ക്കൂടൊരുക്കിയും ഭക്ഷണം കഴിച്ചും ആഘോഷങ്ങള്‍ രാത്രിയാവോളം നീണ്ടു നില്‍ക്കും.
ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാ മതത്തിലും പെട്ടവരായിരുന്നു. അവിടെ അവന്‍ ക്രിസ്റ്യാനി, ഇവന്‍ ഹിന്ദു, ഇവന്‍ മുസ്ളിം എന്നൊന്നില്ലായിരുന്നു.

ഒരാള്‍ പള്ളിയില്‍ പോകും ഒരാള്‍ അമ്പലത്തില്‍ പോകും എന്നത് മാത്രമായിരുന്നു വ്യത്യാസം. എന്റെ ബാല്യകാലത്തെ ഏറ്റവും വലിയ സുഹൃത്തായിരുന്ന വിന്‍സെന്റ് കഴിഞ്ഞ കൊല്ലം മരിച്ചു.  ഇപ്പോള്‍ ഞാന്‍ അവിടെ നിന്നും കുറച്ചു മാറി ബേപ്പൂര്‍ റോഡിലാണ് താമസം. എങ്കിലും ഇപ്പോഴും അവിടെയെത്തിയാല്‍ എല്ലാ വീടുകളിലും പോകും. അവിടെ ഒരു അമ്പലമുണ്ട്. ഒരു ചെറിയ കാവാണ്. അവിടുത്തെ തിറക്കും ഉത്സവത്തിനും എല്ലാ വര്‍ഷവും അവിടെയെത്താറുണ്ട്. അപ്പോള്‍ എല്ലാ വീടുകളിലും ഒന്നു കയറും. ചെറുപ്പം മുതലേ കൂടിയാഘോഷിച്ചു കളിച്ചത് ഇപ്പോഴും മറക്കാറില്ല. അതില്‍  ജോസഫ്, ജോയി തുടങ്ങി പഴയ സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ട്. അവരോടൊന്നിച്ച് വലുതായി കൂടിയില്ലെങ്കിലും ചെറുതായെങ്കിലും ഇപ്പോഴും ക്രിസ്മസ് ആഘോഷിക്കാറുണ്ട്. വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് മടങ്ങുക എന്നതാണ് ഇപ്പോള്‍ ചെയ്യാറുള്ളത്. ഇപ്രാവശ്യം നമ്മടവിടെ ആക്കാം എന്ന് ഓരോ ക്രിസ്മസിനും  ഓരോരുത്തരും നേരത്തെ പറഞ്ഞു വെക്കും. അങ്ങിനെ ആരേയും മുഷിപ്പിക്കാതെ എല്ലായിടത്തുമെത്തും.

  അഗസ്റിനുമായുള്ള ബന്ധം സിനിമയിലെത്തുന്നതിനു മുമ്പ് തുടങ്ങിയതാണ്. രണ്ടു പേരും കോഴിക്കോട്ടുകാരാണ്. സിനിമയിലെത്തിയ ശേഷം അതു കൂടുതല്‍ തീവ്രമായി. ഓരോ ക്രിസ്മസിനും അവന്‍ വിളിക്കും. എല്ലായ്പ്പോഴും എത്താന്‍ സാധിച്ചെന്നു വരില്ല. എങ്കിലും പരമാവധി എത്താറുണ്ട്. ചിലപ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷില്‍ വെച്ചു തന്നെ ഞങ്ങളൊരുമിച്ച് ആഘോഷിക്കുകയാണ് ചെയ്യാറുള്ളത്. ഒരു ക്രിസ്മസിന് ഞങ്ങളൊന്നിച്ച് പാലക്കാട്ട് ആഘോഷിച്ചു. അന്ന് ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഞാന്‍ പറഞ്ഞു. എനിക്കൊന്ന് പോകണമായിരുന്നു. അവന്‍ ക്ഷണിച്ചിട്ടാണ്. എന്നറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞു അഗസ്റിന്‍ പൊയ്ക്കോട്ടെ അതിനു നിങ്ങളെന്തിനാ പോണെ എന്ന്. ഞാന്‍ പറഞ്ഞു. അല്ല, അവനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഒരു അന്യമതസ്ഥായ എന്നെയാണ് അഗസ്റിന്‍ കണ്ടത്. അതുകൊണ്ട് എനിക്കു പോകണം. അഗസ്റിനും പറഞ്ഞു. ഞങ്ങള്‍ നാളെത്തന്നെ തിരിച്ചെത്തും. അങ്ങിനെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഞങ്ങള്‍ രണ്ടാളും പാലക്കാട്ടെത്തി ക്രിസ്മസ് ശരിക്കും ആഘോഷിച്ചു.

പിറ്റേന്ന് ലൊക്കേഷിലേക്കു മടങ്ങുകയും ചെയ്തു. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം.
കോഴിക്കോട്ടുകാരായ മുസല്‍മാന്‍ കോയക്ക് സിനിമയിലെയും സുഹൃത്തുക്കള്‍ അന്യമതസ്ഥരാണ്. അഗസ്റിനു പുറമെ ഇന്നസെന്റ്, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ , വി.കെശ്രീരാമന്‍, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരാണ് സിനിമയിലെയും കോയയുടെ സുഹൃത്തുക്കളായിരുന്നവരും. ഇപ്പോള്‍ ആയിരിക്കുന്നവരും. അങ്ങനെ ക്രിസ്മസും വിഷുവും പെരുന്നാളും ഒരുപോലെ ആഘോഷിക്കുന്ന കോയക്ക് ഒന്നേ പറയാനുള്ളൂ. സുഹൃത്തുക്കളില്‍ ഹിന്ദുവുണ്ടാകും ക്രിസ്ത്യാനിയുണ്ടാകും. എല്ലാവര്‍ക്കും ഒരു മതക്കാരാകാന്‍ എന്തായാലും പറ്റില്ലല്ലോ അപ്പോള്‍ പിന്നെ പക്ഷേ വ്യത്യാസങ്ങളോടു കൂടിത്തന്നെ ഒന്നിച്ചു ജീവിക്കുക. അതാണ് അതിന്റെ രസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.