You are Here : Home / വെളളിത്തിര

ഹരിദ്വാറിലേക്ക് പോയതിനെ കുറിച്ച് ടി.പി മാധവന്‍

Text Size  

Story Dated: Sunday, December 13, 2015 08:43 hrs UTC

ടി.പി.മാധവന്‍
അഭിനയത്തിലേക്ക്
തിരിച്ചെത്തി



രണ്ടുമാസത്തെ ആശുപത്രി ജീവിതത്തിനുശേഷം നടന്‍ ടി.പി.മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്തുവരുന്ന 'മൂന്നുമണി' എന്ന സീരിയലിന്റെ തിരുവനന്തപുരത്തെ ലൊക്കേഷനിലാണ് മാധവനിപ്പോള്‍. കഴിഞ്ഞ ഒക്‌ടോബറിലാണ് മാധവന്‍ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ കുഴഞ്ഞുവീണത്. പിന്നീട് കുറച്ചുനാള്‍ ഹരിദ്വാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനുശേഷം നവംബറിലാണ് തിരുവനന്തപുരത്തെ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ വന്നത്. ഒരുമാസം മുമ്പ് 'ത്രിവേണി'യില്‍ വച്ച് കാണുമ്പോള്‍ നന്നേ ക്ഷീണിതനായിരുന്നു മാധവന്‍. നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഒരുമാസത്തെ ഉഴിച്ചിലും പിഴിച്ചലും ധാരയും ഈ നടനെ കൂടുതല്‍ ഉന്മേഷവാനാക്കിയിരിക്കുന്നു.

അഭിനയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണല്ലോ?


അഭിനയത്തോടുള്ള ഇഷ്ടം മരിക്കുന്നതുവരെയുണ്ടാകും. ആയുര്‍വേദ ചികിത്സ നടക്കുമ്പോള്‍ത്തന്നെ അഭിനയിക്കാന്‍ ചാന്‍സ് വന്നിരുന്നു. ഉന്മേഷവാനാകട്ടെ, എന്നിട്ടു പറയാം എന്നാണ് അവരോട് പറഞ്ഞത്. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന 'മൂന്നുമണി' എന്ന സീരിയലില്‍ മുമ്പ് ഞാന്‍ അഭിനയിച്ചതാണ്. അതില്‍ എന്റെ പോര്‍ഷന്‍ തീര്‍ന്നപ്പോഴാണ് ഹരിദ്വറിലേക്ക് പോയത്. ഇപ്പോള്‍ വീണ്ടും അവരെന്നെ അഭിനയിക്കാന്‍ വിളിച്ചു. ഞാന്‍ വന്നു. അഭിനയിക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോഴുണ്ട്. സിനിമയിലേക്കും ചാന്‍സ് വരുമെന്നാണ് പ്രതീക്ഷ.

ജീവിതം മടുത്തതുകൊണ്ടാണോ ഹരിദ്വറിലേക്ക് പോയത്?


സന്യാസത്തോട് മുമ്പുതന്നെ ഇഷ്ടമായിരുന്നു. യുവാവായിരുന്ന സമയത്ത് സന്യസിക്കാന്‍ വേണ്ടി ചിന്മയാനന്ദസ്വാമിയുടെ ബോംബെയിലെ ആശ്രമത്തില്‍ പോയ ആളാണ് ഞാന്‍. വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ അന്ന് തിരിച്ചുവരേണ്ടിവന്നു. അതിനുശേഷമാണ് സിനിമയിലൊക്കെ സജീവമായത്. എനിക്കിപ്പോള്‍ എണ്‍പതു വയസ് തികഞ്ഞു. ന്യൂജനറേഷന്റെ തിരക്കിനിടയ്ക്ക് സിനിമകളൊക്കെ കുറഞ്ഞുവരുന്നു. ഇനി ചാന്‍സൊന്നും കിട്ടില്ലായിരിക്കും എന്നു കരുതിയാണ് ഹരിദ്വാറിലേക്ക് പോയത്. അതുകഴിഞ്ഞ് ഹിമാലയത്തിലെ ഏതെങ്കിലും ആശ്രമത്തിലേക്ക് പോയി ശേഷിച്ച കാലംകഴിക്കാം എന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാല്‍ അതിനൊന്നും ദൈവം ഇടവരുത്തിയില്ല. സമയമായിട്ടില്ല എന്നു വേണം കരുതാന്‍.

ഇത്രനാളും കൊച്ചിയിലെ വാടകവീട്ടിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയോ?


എറണാകുളം ശിവക്ഷേത്രത്തിനടുത്ത ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. പത്മജാവേണുഗോപാലിന്റെ ഉടമസ്ഥതയിലുള്ളതാണത്. ഒരുപാടു നാളത്തെ ജീവിതം അവിടം മടുപ്പിച്ചു. അതുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റാമെന്ന് കരുതിയത്. അങ്ങനെ ഇങ്ങോട്ടുപോന്നൂ. ഇവിടെ നിന്നാണ് ഹരിദ്വാറിലേക്ക് പോയത്. ഇനി കൊച്ചിയിലേക്കില്ല. ഇവിടെത്തന്നെ കുറച്ചുകാലം കഴിയണം. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.