You are Here : Home / വെളളിത്തിര

കൃഷ്ണാ...ഗുരുവായൂരപ്പാ

Text Size  

Story Dated: Saturday, September 05, 2015 06:35 hrs UTC

ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുമ്പോള്‍ കൃഷ്ണഭഗവാന്‍ തുണച്ച സന്ദര്‍ഭങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി ദിവ്യാഉണ്ണി

 

കുട്ടിക്കാലം മുതലേ ശ്രീകൃഷ്ണനായി വേഷം കെട്ടാന്‍ എനിക്കിഷ്ടമായിരുന്നു.  ഡാന്‍സ് വേദികളില്‍ കൃഷ്ണനും രാധയുമായി ഒരുപാടുതവണ അണിഞ്ഞൊരുങ്ങിയിട്ടുമുണ്ട്, മുതിര്‍ന്നപ്പോള്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി സാര്‍ എഴുതിയ 'രാധാമാധവ'ത്തില്‍ കൃഷ്ണനായി വേഷമിടുകയും ചെയ്തു. ദൂരദര്‍ശനാണ് ആ ടെലിഫിലിം സംപ്രേഷണം ചെയ്തത്. അമേരിക്കയില്‍നിന്ന് നാട്ടിലെത്തിയാല്‍ അമ്പലങ്ങളില്‍ പോകുന്നത് എന്റെ ശീലമാണ്. പ്രത്യേകിച്ചും ഗുരുവായൂരമ്പലത്തില്‍.
ഒരുപാട് ആപത് ഘട്ടങ്ങളില്‍ ഗുരുവായൂരപ്പന്‍ തുണച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ഗുരുവായൂരിലെ ഉത്സവങ്ങള്‍ക്കെല്ലാം എന്റെ €ാസിക്കല്‍ ഡാന്‍സുണ്ടാവുമായിരുന്നു. ഒരു തവണ ഇക്കാര്യം കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ ഒരാളുടെ നൃത്തം എല്ലാ തവണയും വയ്ക്കുന്നത് ശരിയല്ലെന്ന അഭിപ്രായമുയര്‍ന്നു. അതിനാല്‍ അത്തവണ എന്നെ വിളിച്ചില്ല. പകരം ലക്ഷ്മി ഗോപാലസ്വാമിയെയാണ് ക്ഷണിച്ചത്. എന്നാല്‍ പ്രോഗ്രാമിന്റെ തലേദിവസം ലക്ഷ്മിക്ക് വരാന്‍ പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ സംഘാടകര്‍ അസ്വസ്ഥരായി. അവര്‍ എന്നെ വിളിച്ചു. ഞാനപ്പോള്‍ തെലുങ്ക് സിനിമയുടെ ലൊക്കേഷനിലാണ്. ഗുരുവായൂരപ്പന്റെ കാര്യമായതിനാല്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അന്ന് കേരളത്തില്‍ ഹര്‍ത്താലായിരുന്നു. അതുകൊണ്ട് എങ്ങനെ എത്തുമെന്ന് ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടില്‍ ദേവസ്വത്തിന്റെ വണ്ടി അയക്കാമെന്ന് ഭാരവാഹികള്‍ ഉറപ്പുനല്‍കി. ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് മാറ്റിവച്ച് ഞാന്‍ ഹൈദരാബാദില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പറന്നു. അവിടെനിന്ന് ഗുരുവായൂരിലേക്കും. എന്നെ കണ്ടപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഭയങ്കര ചമ്മല്‍. അദ്ദേഹം പറഞ്ഞു.
''ദിവ്യയെ മാറ്റാന്‍ ഗുരുവായൂരപ്പന്‍ സമ്മതിക്കുന്നില്ല.''
ആ നിമിഷം ഞാനെന്റെ ഇഷ്ടദൈവത്തിന് സ്തുതി പറഞ്ഞു.
നൃത്തത്തോടുള്ള ഇഷ്ടം കൊണ്ടാണ് അമേരിക്കയില്‍ നൃത്ത വിദ്യാലയം തുടങ്ങിയത്. മലയാളികള്‍ മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുള്ള കുട്ടികള്‍ വരെ സ്‌കൂളില്‍ ചേരാനെത്തി. ശ്രീപദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്നാണ് നൃത്ത വിദ്യാലയത്തിന്റെ പേര്. കഴിഞ്ഞ അഷ്ടമിരോഹിണിക്ക് ഞങ്ങളൊരു നൃത്തസന്ധ്യ പ്ലാന്‍ ചെയ്തു. അതിനായി കുട്ടികളുടെ റിഹേഴ്‌സലും നടത്തി. അവസാനവട്ട റിഹേഴ്‌സലിനുവേണ്ടി എല്ലാവരും റെഡിയായി. കൃഷ്ണനായി അഭിനയിക്കുന്ന കുട്ടി മറ്റു മൂന്നു കുട്ടികളുടെ മുകളില്‍ കയറിനില്‍ക്കുകയാണ്. പെട്ടെന്നാണ് അവള്‍ മറിഞ്ഞുവീണത്. അവളുടെ താടിയെല്ല് പൊട്ടി ചോര വന്നു. പൊതുവെ ചോര കാണുമ്പോള്‍ എനിക്ക് പേടിയാണ്. ഞാന്‍ ഗുരുവായൂരപ്പനെ മനമുരുകി വിളിച്ചു.
''എനിക്കൊരു കുഴപ്പവുമില്ല. ഞാന്‍ ഡാന്‍സ് ചെയ്‌തോളാം.''
ഒന്നും സംഭവിക്കാത്തമട്ടില്‍ അവള്‍ പറഞ്ഞു. ഭംഗിയായി നൃത്തം അവതരിപ്പിച്ചശേഷംഅവള്‍ ആശുപത്രിയിലേക്ക് സ്റ്റിച്ചിടാന്‍ പോയി. വലിയ പ്രശ്‌നമില്ലെന്ന് രക്ഷിതാക്കള്‍ വിളിച്ചു പറഞ്ഞപ്പോള്‍ സമാധാനമായത്. ഞാന്‍ എന്റെ കൃഷ്ണഭഗവാന് സ്തുതി പറഞ്ഞു, ഒരിക്കല്‍ക്കൂടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.