You are Here : Home / വെളളിത്തിര

അച്ഛനെയോര്‍ത്ത് അഭിമാനം ( മേഘനാഥന്‍റെ അനുഭവക്കുറിപ്പ് )

Text Size  

Story Dated: Wednesday, August 26, 2015 08:00 hrs UTC


മലയാളത്തിലെ എക്കാലത്തേയും വില്ലന്‍ ബാലന്‍.കെ.നായര്‍ അന്തരിച്ചിട്ട് ഇന്നേക്ക് (ആഗസ്റ്റ് 26) പതിനഞ്ചുവര്‍ഷം

പൂര്‍ത്തിയാവുന്നു. അച്ഛന്റെ ഓര്‍മ്മകളില്‍ മകനും നടനുമായ മേഘനാഥന്‍...


ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു അച്ഛന്റെ ബാല്യകാലം. അച്ഛന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു. നാലുമക്കളായിരുന്നു. മൂന്നാണും ഒരു പെണ്ണും. ഇവരെ പോറ്റാന്‍ വേണ്ടിയാണ് പതിനഞ്ചാം വയസ്സില്‍ അച്ഛന്‍ ജോലിക്കിറങ്ങിയത്. കോഴിക്കോട്ടെ ഒരു വര്‍ക്ക്‌ഷോപ്പില്‍ തൊഴിലാളിയായി. രാവിലെ മുതല്‍ വൈകിട്ട് വരെ വര്‍ക്ക്‌ഷോപ്പില്‍. അതുകഴിഞ്ഞ് പുലര്‍ച്ചെ വരെ നാടക റിഹേഴ്‌സല്‍. നാടകാഭിനയം അന്നു മുതലേ ഇഷ്ടമായിരുന്നു. ഒരുപാട് വര്‍ഷക്കാലം കോഴിക്കോട്ടെ നാടകവേദികളില്‍ അച്ഛന്‍ സജീവമായിരുന്നു. പിന്നീട് മുപ്പത്തിയേഴാം വയസ്സിലാണ് സിനിമയിലെത്തിയത്. 1970ല്‍ എം.ടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത 'നിഴലാട്ട'ത്തിലൂടെ. 'സിംഹധ്വനി' വരെ ഇരുനൂറ്റി നാല്‍പ്പതോളം സിനിമകള്‍. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍. ഓപ്പോളിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ഭരത് അവാര്‍ഡും അച്ഛനെ തേടിയെത്തി.
ഷൊര്‍ണൂരില്‍ നിന്നാണ് അച്ഛന്‍ വിവാഹം കഴിച്ചത്. അമ്മ തറവാട്ടിലെ ഒറ്റമോളായിരുന്നു. മുത്തച്ഛനും മുത്തശ്ശിക്കും സുഖമില്ലാതെ വന്നപ്പോള്‍ നോക്കാനായി വന്നതാണ് അമ്മ. അതോടെ ഞങ്ങളെല്ലാവരും ഷൊര്‍ണൂരില്‍ സെറ്റില്‍ഡായി. ഞങ്ങള്‍ അഞ്ചു മക്കളായിരുന്നു. മൂന്നാണും രണ്ടു പെണ്ണും. സിനിമയില്‍ സജീവമായപ്പോള്‍ അച്ഛന്‍ മദ്രാസിലെ രാമകൃഷ്ണാ ലോഡ്ജില്‍ താമസമാക്കി. അക്കാലത്ത് ഒരു ദിവസം നാലു സിനിമകളില്‍ വരെ അച്ഛന്‍ അഭിനയിച്ചിരുന്നു. ഇടയ്ക്ക് മാത്രം ഷൊര്‍ണൂരില്‍ വരും. തികച്ചും സാധാരണ ജീവിതമായിരുന്നു അച്ഛന്റേത്. രാവിലെ മദ്രാസ് മെയിലിന് ഷൊര്‍ണുരില്‍ ഇറങ്ങുന്ന അച്ഛന്‍ അക്കാലത്തും നടന്നാണ് വീട്ടിലെത്തുക. വൈകിട്ടത്തെ മദ്രാസ് മെയിലിന് തിരിച്ചുപോവുകയും ചെയ്യും. ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. ആ വേഷത്തിലാണ് ദേശീയ അവാര്‍ഡ് വരെ വാങ്ങിക്കാന്‍ പോയത്. ഒരു ദിവസമാണ് വരുന്നതെങ്കിലും ബന്ധുക്കളുടെ കല്യാണത്തിനും മരിച്ച വീടുകളിലുമൊക്കെ അച്ഛനെത്തും.
അച്ഛനോടൊപ്പം മദ്രാസില്‍ താമസിക്കുന്ന കാലത്ത് സ്‌കൂള്‍ വിട്ടുവരുമ്പോഴേക്കും ലോഡ്ജിനു മുമ്പില്‍ ഒരു കാര്‍ കിടപ്പുണ്ടാവും. പുസ്തകങ്ങള്‍ മുറിയില്‍വച്ചശേഷം കാറില്‍ കയറി ഞാന്‍ നേരെ ലൊക്കേഷനിലേക്ക് പോകും. ഷൂട്ടിംഗ് കഴിഞ്ഞ് അച്ഛനോടൊപ്പം തിരിച്ചുവരുമ്പോഴേക്കും പലപ്പോഴും പാതിരാത്രി കഴിയും.
പതുക്കെപ്പതുക്കെ അച്ഛനെ അസുഖം കീഴടക്കി. അതോടെ റോളുകള്‍ കുറഞ്ഞു.  പത്തുവര്‍ഷത്തോളം അച്ഛന്‍ അസുഖം ബാധിച്ച് വീട്ടില്‍ത്തന്നെ കിടന്നു. എന്നിട്ടും കെ.ജി.രാജശേഖരന്‍ സംവിധാനം ചെയ്ത 'സിംഹധ്വനി'യുടെ ചില പോര്‍ഷനുകള്‍ തീര്‍ത്തുകൊടുക്കാന്‍ അച്ഛന്‍ തയ്യാറായി. അവസാനകാലത്ത് ബോണ്‍ കാന്‍സറായിരുന്നു. തിരുവനന്തപുരം ആര്‍.സി.സിയിലായിരുന്നു ചികിത്സ. റേഡിയേഷനൊക്കെ കഴിഞ്ഞതോടെ അച്ഛന്റെ രൂപം തന്നെ മാറിപ്പോയി. കാണാന്‍ വരുന്നവരില്‍ മിക്കവരും ഇതാണോ ബാലന്‍.കെ.നായര്‍ എന്നു ചോദിക്കുന്ന അവസ്ഥ. ചികിത്സയ്ക്കുവേണ്ടി മദ്രാസിലെ വര്‍ക്ക്‌ഷോപ്പ് വില്‍ക്കേണ്ടിവന്നു. അക്കാലത്ത് അഭിനയിക്കുമ്പോള്‍ കണക്കുപറഞ്ഞ് കാശ് വാങ്ങിക്കാനൊന്നും അച്ഛന്‍ തയ്യാറായിരുന്നില്ല. കിട്ടിയതില്‍ മിക്കതും വണ്ടിച്ചെക്കുകളുമായിരുന്നു. സിനിമാമേഖലയില്‍ സംഘടനകള്‍ ഇല്ലാത്ത കാലമാണത്. അതുകൊണ്ടുതന്നെ ആരോടും പരാതി പറയാനും പോയില്ല. 2000 ഓഗസ്റ്റ് 26ന് ശ്രീ ചിത്രയില്‍ വച്ചാണ് മരണം സംഭവിക്കുന്നത്.
എനിക്കുവേണ്ടി ഒരു റോളിന് അച്ഛന്‍ ആരോടും ശിപാര്‍ശ പറഞ്ഞിട്ടില്ല. സിനിമ പിടിച്ചുനില്‍ക്കാന്‍ പറ്റിയ മേഖലയല്ലെന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. സിനിമയില്‍ കഴിവുണ്ടായിട്ട് കാര്യമില്ല. ഭാഗ്യമാണ് പ്രധാനം. സിനിമാതാരമായി പുറത്തുവന്നാല്‍ നമുക്ക് വേറൊരു പണിയും അറിയില്ലെങ്കില്‍ കഞ്ഞികുടി മുട്ടിപ്പോകും. അതു മുന്നില്‍ കണ്ടതുകൊണ്ടാണ് അച്ഛന്‍ എന്നെ ഓട്ടോമൊബൈല്‍ പഠിക്കാന്‍ കോയമ്പത്തൂരിലേക്ക് വിട്ടത്. ഞങ്ങള്‍ക്ക് അക്കാലത്ത് ലോറി വര്‍ക്ക്‌ഷോപ്പും ഇന്‍ഡസ്ട്രിയുമൊക്കെ ഉണ്ടായിരുന്നു. അതു കൊണ്ടുനടക്കാന്‍ ഒരാള്‍ വേണം. അതിന് എന്നെയായിരുന്നു അച്ഛന്‍ കണ്ടിരുന്നത്. പക്ഷേ അപ്പോഴേക്കും എന്റെ വഴി മാറിപ്പോയി. അച്ഛന്റെ ലേബലിലാണ് ഞാനിപ്പോഴും സിനിമാമേഖലയില്‍ അറിയപ്പെടുന്നത്. അതില്‍ തികഞ്ഞ അഭിമാനമുണ്ടുതാനും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.