You are Here : Home / SPORTS

അയ്യപ്പന്റെ നടയില്‍ നില്‍ക്കുന്നത് സ്വപ്നംകണ്ടു

Text Size  

അലക്സ് ചിലമ്പട്ടശേരില്‍

Aswamedham News team

Story Dated: Sunday, November 29, 2015 07:28 hrs UTC


ശ്രീശാന്ത്

 ദൈവം എനിക്കെപ്പോഴും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവാറുണ്ട്. അത് അയ്യപ്പനോ കൃഷ്ണനോ ദേവിയോ മാത്രമല്ല, കര്‍ത്താവും അള്ളാഹുവും കൂടിയാണ്. ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയാണ് ദൈവം. അതിനെ മതങ്ങള്‍ വിവിധ പേരിട്ടു വിളിക്കുന്നു എന്നേയുള്ളൂ. ഏതുനാട്ടിലും അവിടുത്തെ ജനങ്ങളെ രക്ഷിക്കുന്ന ഈശ്വരന്മാരുണ്ട്. ആളുകള്‍ ആദ്യം വിളിക്കുന്നത് ആ ദൈവത്തെയാവും.
കുട്ടിക്കാലത്ത് എനിക്ക് വയറിന് വലിയൊരു അസുഖമുണ്ടായിരുന്നു. ചെറുകുടല്‍ വന്‍കുടലിലേക്ക് ഇറങ്ങിപ്പോകുന്ന, പതിനായിരത്തില്‍ ഒരു കുട്ടിക്ക് മാത്രം വരുന്ന രോഗം. കോട്ടയം മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. മദന്‍മോഹനെ കാണിച്ചപ്പോള്‍ സര്‍ജറി അത്യാവശ്യമാണെന്ന് വിധിയെഴുതി. ആ സമയത്ത് എന്നെയും കൊണ്ട് കോട്ടയത്തേക്കു പോകുമ്പോള്‍, എപ്പോഴും ഗുരുവായൂരപ്പന്റെ കാലുപിടിച്ച് പ്രാര്‍ത്ഥിക്കാറുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു.
''കണ്ണാ, എന്റെ മോനെ കാത്തോളണേ...''
ഇതായിരുന്നു അമ്മയുടെ അപേക്ഷ. ഒരിക്കല്‍ ഏറ്റുമാനൂരപ്പന്റെ സന്നിധിയിലെത്തിയപ്പോള്‍, രോഗത്തില്‍നിന്നു രക്ഷിച്ചാല്‍ എന്നെ അടിമ കിടത്താമെന്ന് നേര്‍ച്ചനേര്‍ന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് എന്റെ സര്‍ജറി കഴിഞ്ഞു. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. അമ്പലങ്ങളിലെല്ലാം അമ്മ എന്നെയും കൊണ്ടുപോയി നേര്‍ച്ചയിട്ടു.
ജയിലില്‍ കഴിയുമ്പോള്‍ ഒരിക്കല്‍പോലും ഈശ്വരനെ വിളിക്കാതിരുന്നിട്ടില്ല. ദൈവം പരീക്ഷിക്കുകയാവും എന്നാണ് ഞാന്‍ വിശ്വസിച്ചത്. ഒരു ദിവസം അയ്യപ്പന്റെ നടയില്‍ നില്‍ക്കുന്നതുപോലെ ഞാന്‍ സ്വപ്നം കണ്ടു. ചിലപ്പോള്‍ തോന്നും അത് സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാണെന്ന്. ആരു ഫോണില്‍ വിളിച്ചാലും ഞാനാദ്യം പറയുന്നത് 'സ്വാമി ശരണം' എന്നാണ്. അയ്യപ്പന്‍ എപ്പോഴും അറിയാതെ നാവില്‍തുമ്പിലുണ്ടാവും. ജാമ്യം കിട്ടി വീട്ടിലെത്തിയപ്പോള്‍ ഞാനാദ്യം പറഞ്ഞത് ഒരേയൊരു കാര്യമാണ്-ഈ വരുന്ന മലയാളമാസം ഒന്നാം തീയതി എനിക്ക് മല ചവിട്ടണം. കൃത്യമായി വ്രതമെടുത്ത് ഞാന്‍ ശബരിമല കയറി. അന്ന് ഏതു രീതിയിലാണോ ഞാന്‍ സ്വപ്നം കണ്ടത് അതേപോലെ തന്നെയായിരുന്നു അയ്യപ്പദര്‍ശനവും. ശബരിമല സീസണ്‍കാലത്ത് മിക്കപ്പോഴും മല ചവിട്ടാറുണ്ട്. മാത്രമല്ല, എല്ലാ ന്യൂഇയറിനും കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലും ഇടപ്പള്ളി പള്ളിയിലും പോയി മെഴുകുതിരി കത്തിച്ച് ഏറെനേരം പ്രാര്‍ത്ഥിക്കും. കാഞ്ഞിരമറ്റം മുസ്ലീംപള്ളിയിലും പോയിട്ടുണ്ട്.
വാതുവയ്പ്പുകേസില്‍ ഞാനടക്കമുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് ഡല്‍ഹി കോടതി വെറുതെവിട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം നന്ദി പറഞ്ഞത് ദൈവത്തോടാണ്. ആ സന്തോഷം പങ്കുവയ്ക്കാന്‍ വീണ്ടും പോയി, ശബരിമലയിലേക്ക്. അയ്യപ്പന്റെ മുമ്പില്‍ എല്ലാംമറന്ന് തൊഴുതുനില്‍ക്കുമ്പോള്‍ വല്ലാത്തൊരു ആശ്വാസമാണ്. ശാന്തതയും. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അനുഭവിച്ചുതന്നെ അറിയണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.