You are Here : Home / SPORTS

നിര്‍മ്മാതാവും ചാനലും പിണങ്ങി; സീരിയല്‍ പടിക്ക് പുറത്ത്

Text Size  

Story Dated: Sunday, July 26, 2015 12:17 hrs UTC


നിര്‍മ്മാതാവും ചാനലും തമ്മില്‍ പിണങ്ങിയപ്പോള്‍ ജനപ്രിയ സീരിയല്‍ ഔട്ട്. ഏഷ്യാനെറ്റില്‍ ദിവസേന രാത്രി പത്തരയ്ക്ക് സംപ്രേഷണം ചെയ്തുവന്ന 'അക്കാമ സ്റ്റാലിനും പത്രോസ് ഗാന്ധിയും' എന്ന ഹാസ്യ സീരിയലിനെയാണ് ഏഷ്യാനെറ്റ് പടിയടച്ച് പുറത്താക്കിയത്. നിര്‍മ്മാണച്ചെലവ് കൂടിയപ്പോള്‍ പ്രൊഡ്യൂസര്‍ കൂടുതല്‍ കാശ് ചോദിച്ചത് ചാനലിന് പിടിച്ചില്ലെന്നാണ് അണിയറ സംസാരം.
ഏറെക്കാലത്തിനുശേഷമായിരുന്നു ഏഷ്യാനെറ്റില്‍ 'അക്കാമ സ്റ്റാലിനും പത്രോസ് ഗാന്ധിയും' എന്ന കോമഡി സീരിയല്‍ സംപ്രേഷണം ചെയ്തത്. ജനപ്രിയ സീരിയലുകളുടെ ബഹളത്തില്‍ മുങ്ങിപ്പോകുമെന്ന് കരുതിയെങ്കിലും കുറഞ്ഞ ദിവസം കൊണ്ടുതന്നെ സീരിയലിന് നല്ല റേറ്റിംഗ് കിട്ടി. സമയം രാത്രി പത്തരയായിട്ടും ആളുകള്‍ കാത്തിരുന്ന് കണ്ടു. 'വെള്ളിമൂങ്ങ' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വീണാ നായരും സിനിമ-സീരിയല്‍ താരം ഷാജുവും തകര്‍ത്തഭിനയിച്ച സീരിയലായിരുന്നു അക്കാമ സ്റ്റാലിന്‍. രണ്ടു വിരുദ്ധകക്ഷികളില്‍ പെട്ടവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി വന്നപ്പോള്‍ കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. നല്ല രീതിയില്‍ പച്ചപിടിച്ചുവരുന്ന സമയത്താണ് പ്രശ്‌നമുണ്ടായതും സംപ്രേഷണം നിര്‍ത്തിയതും.
സാധാരണ സീരിയലില്‍ അഭിനയിക്കുന്നവര്‍ കാശ് കൂടുതല്‍ ചോദിച്ചാല്‍ പിറ്റേ ആഴ്ച ആ കഥാപാത്രത്തെ എങ്ങനെയെങ്കിലും കൊല്ലും. അതാണ് സീരിയലിലെ ശീലം. അങ്ങനെയുള്ളിടത്താണ് ഒരു പരമ്പരയെ മൊത്തം ഒഴിവാക്കുന്നത്.
എന്തായാലും ഏഷ്യാനെറ്റിന്റെ വിരട്ടല്‍ തന്നോടു വേണ്ടെന്ന നിലപാടിലാണ് സീരിയലിന്റെ നിര്‍മ്മാതാവിപ്പോള്‍. മലയാളത്തില്‍ ഇഷ്ടം പോലെ ചാനലുകളുള്ളപ്പോള്‍ എന്തിന് പേടിക്കണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അതുകൊണ്ടുതന്നെ ഈ സീരിയലിനെ അതേപടി പറിച്ചുനടനാണ് നീക്കം നടക്കുന്നത്. മീഡിയ വണ്‍, ജനം ടി.വി എന്നീ ചാനലുകളുമായി അണിയറപ്രവര്‍ത്തകര്‍ ഇതിനകം സംസാരിച്ചുകഴിഞ്ഞു. അടുത്ത ദിവസം തന്നെ അക്കാമയെയും പത്രോസിനെയും നമുക്ക് മറ്റൊരു ചാനലില്‍ കാണാം. അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.