You are Here : Home / News Plus

ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു

Text Size  

Story Dated: Wednesday, December 13, 2017 11:58 hrs UTC

ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ഹിമപാതത്തിൽപ്പെട്ട് അഞ്ചു സൈനികരെ കാണാതായി. കുപ്‍വാരയിലെ നൗഗമിൽ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കൻസൽവാൻ സബ് സെക്ടറിൽ മൂന്നുപേരെയുമാണ് പട്രോളിങ്ങിനിടെ മഞ്ഞുമലയിടിഞ്ഞു കാണാതായത്. സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച വെല്ലുവിളിയായിരിക്കുകയാണ്.

കനത്ത് മഞ്ഞു തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കശ്മീർ താഴ്‌വര പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഞ്ഞ് കാഴ്ചാപരിധിയെയും ബാധിച്ചതിനെത്തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.  തുടർച്ചയായ രണ്ടാം ദിവസവും പൂഞ്ചിനെയും രജൗരിയെയും ഷോപിയാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡും ശ്രീനഗർ– ജമ്മു ദേശീയപാതയും മഞ്ഞുവീഴ്ചയും മഴയും കാരണം അടച്ചിട്ടു.  

മറ്റു ചെറുറോഡുകളിലും ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്. നിലവിലെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് നിരീക്ഷണകേന്ദ്രം പറയുന്നത്. ഏതു കാലാവസ്ഥയിലും പ്രശ്നമില്ലാത്ത വിധം നിർമിച്ച 300 കി.മീ. ശ്രീനഗർ–ജമ്മു ദേശീയ പാതയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗം. ജവാഹർ തുരങ്കം ഉൾപ്പെടെ ഇതിന്റെ പല ഭാഗങ്ങളിലും ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ആലിപ്പഴം വീഴ്ചയും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു.  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.