ശ്രൂതി ലയ താളത്തില്‍ ഗിരീഷിന്റെ വരകള്‍ Srekumar Unnithan
unnithan04@gmail.com
Story Dated: Monday, September 11, 2017 12:11 hrs UTC  
PrintE-mailഡിട്രോയിറ്റ് നഗരത്തില്‍ അയ്യപ്പസേവാ സംഗമം പരിപാടി. വേദിയില്‍ ഗായകന്‍ പി.ഉണ്ണികൃഷ്ണന്‍ നയിക്കുന്ന ജുഗല്‍ബന്ദി അരങ്ങുതകര്‍ക്കുന്നു. വേദിയ്ക്കരികില്‍ 30 X40 ഇഞ്ച് വലുപ്പത്തില്‍ രണ്ട് കാന്‍വാസുകള്‍ തൂക്കിയിട്ടിരിക്കുന്നു. സദസ് സംഗീതത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ഒരു യുവാവ് ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുന്ന തിരക്കിലായിരുന്നു. ചിത്രരചന എന്ന് പറയാനാകുമോ എന്ന് സംശയം. ക്യാന്‍വാസില്‍ അവിടിവിടങ്ങളില്‍ കളറുകള്‍ വിതറുന്നു. സംഗീതത്തിന്റെ താളക്രമത്തിനനുസരിച്ച് ചിത്രരചനയുടെ താളവും വേഗവും മാറുന്നു. എന്താണ്, എന്തിനെക്കുറിച്ചാണ് വര എന്നതുമാത്രം മനസ്സിലാകുന്നില്ല. രണ്ടു ക്യാന്‍വാസിലും മാറിമാറി ചായം പുരട്ടുന്നു. രണ്ടരമണിക്കൂര്‍ നീണ്ട ജുഗല്‍ബന്ദി അവസാനിച്ചു. അപ്പോള്‍ ചിത്രകാരന്‍, ആ രണ്ടു ക്യാന്‍വാസുകളും തലതിരിച്ച് ഒന്നിച്ചുവച്ചു. 30X80 ഇഞ്ച് നീളത്തിലുള്ള മനോഹരചിത്രം. ശബരിമല, തിരുമല, കൈലാസം എന്നീ മൂന്നു മലനിരകള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥതലങ്ങളേറെയുള്ള ചിത്രം. ശബരിമലയുടെ മുകളില്‍ അയ്യപ്പന്‍ ഇരിക്കുന്നു. കൈലാസത്തിലിരുന്ന് തന്റെ പുത്രനെ നോക്കുന്ന ശിവന്‍.

 

 

 

 

 

 

വിഷ്ണു സങ്കല്‍പ്പത്തില്‍ തിരുമല. അന്ന് 25000 ഡോളറിന് (17 ലക്ഷം രൂപ) ചിത്രം ലേലത്തില്‍ പോയി. ലേലത്തുക അയ്യപ്പക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്യുന്നതായി ചിത്രകാരന്‍ പ്രഖ്യാപിച്ചു. സദസ്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ചിത്രരചനയില്‍ പാരമ്പര്യമോ സര്‍വ്വകലാശാലാ ബിരുദമോ ഇല്ലാത്ത ചിത്രകാരന്‍. പക്ഷെ മനസ്സിലെവിടയോ നിറക്കൂട്ടുകള്‍ നൃത്തംവച്ചിരുന്നു. അതിനൊരു താളമുണ്ടായിരുന്നു. അതേ താളത്തിനൊത്ത്, നിറക്കൂട്ടുകളെ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതിനെക്കുറിച്ചായി പിന്നീടുള്ള ചിന്ത. കൂട്ടിന് ആത്മവിശ്വാസവും ഭാവനയും മാത്രം. പിന്നീട് ഒന്നും ആലോചിച്ചില്ല. ബ്രഷ് കൈയിലെടുത്തു. ഭാവനകള്‍ക്ക് നിറം പകര്‍ന്നു.

 

 

 

 

ചിത്രരചനയില്‍ പുതുവഴി തേടിയ ആ ചിത്രകാരന്റെ പേര് ഗിരീഷ് നായര്‍. മുംബൈ ഐടിഎമ്മില്‍ നിന്ന് മാനേജ്‌മെന്റില്‍ ഉന്നത ബിരുദം നേടിയശേഷം അമേരിക്കയിലെത്തിയ കണ്ണൂര്‍ നീലേശ്വരം സ്വദേശിയാണ് ഗിരീഷ്. സംഗീത താളത്തിനനുസരിച്ച് ഏറെ ചിത്രങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയിട്ടുണ്ട്. സന്നദ്ധസംഘടനകള്‍ക്കുവേണ്ടി ധനശേഖരണത്തിനായിട്ടായിരുന്നു വരകളില്‍ പലതും. ചെന്നൈ റിലീഫ് ഫണ്ടിനായി ധനം ശേഖരിക്കാന്‍ ഇന്ത്യാ ലീഗ് ഓഫ് അമേരിക്ക എന്ന സംഘടന ഗിരീഷിന്റെ ചിത്രങ്ങള്‍ ലേലത്തിന് വച്ചു. ശ്രൂതിലയ താളരാഗ ബന്ധമായ ഗിരീഷ് നായരുടെ വരകള്‍കൊണ്ട് ലക്ഷങ്ങളാണ് സമാഹരിക്കാന്‍ കഴിഞ്ഞത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.