എഡ്മന്റണ്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോനാ ദേവാലയ കൂദാശാ കര്‍മ്മം നിര്‍വഹിച്ചു ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Thursday, August 10, 2017 11:17 hrs UTC  
PrintE-mailഎഡ്മന്റണ്‍ (കാനഡ): സീറോ മലബാര്‍ സഭയുടെ കാനഡയിലെ മൂന്നാമത്തെ ദേവാലയം 2017 ജൂലൈ 29-നു എഡ്മന്റണില്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കൂദാശ ചെയ്തു. കാനഡയിലെ മിസ്സിസാഗാ എക്‌സാര്‍ക്കേറ്റിനു കീഴിലെ വെസ്റ്റേണ്‍ റീജിയനിലെ പ്രഥമ ദേവാലയമാണ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ചര്‍ച്ച്. 2012 ഒക്‌ടോബര്‍ എഴിനായിരുന്നു മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സ്വന്തമായി ദേവാലയം വാങ്ങിയത് 2017 ഫെബ്രുവരി 28-നും.പിന്നീടുള്ള ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയുടെ പരമ്പരാഗത ശൈലിയില്‍ മദ്ബഹ നിര്‍മ്മിച്ചു. ജൂലൈ 29-നു രാവിലെ 8.30-നു അഭിവന്ദ്യ പിതാക്കന്മാരെ കേരള ശൈലിയില്‍ താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടി സ്വീകരിച്ചു. തുടര്‍ന്ന് ദേവാവയാങ്കണത്തില്‍ സ്വാഗത നൃത്തവും ക്രമീകരിച്ചിരുന്നു. കൂദാശാ കര്‍മ്മങ്ങള്‍ 9 മണിക്ക് ആരംഭിച്ചു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു പ്രധാന കാര്‍മികന്‍. സഹകാര്‍മികരായി മിസ്സിസാഗാ എക്‌സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍, ഷിക്കാഗോ എക്‌സാര്‍ക്കേറ്റ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, എഡ്മണ്ടന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത്, ഓക്‌സിലറി ബിഷപ്പ് ഗ്രിഗറി ബിറ്റ്മാന്‍, യുക്രെയിന്‍ ബിഷപ്പ് മാര്‍ ഡേവിഡ് മോട്ടിക് എന്നിവരും സന്നിഹിതരായിരുന്നു. കൂദാശാ കര്‍മ്മത്തെ തുടര്‍ന്നു ദിവ്യബലി അര്‍പ്പിച്ചു. അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ബൈബിള്‍ സുവിശേഷ ഭാഗങ്ങള്‍ ആസ്പദമാക്കി വചന സന്ദേശം നല്‍കി. പഴയ നിയമകാലം മുതല്‍ ദേവാലയ നിര്‍മ്മിതിക്കായുള്ള സന്ദേശം അദ്ദേഹം വിശദീകരിച്ചു. സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ക്രൈസ്തവ ജീവിതസാക്ഷ്യത്തിലൂടെയാകണം ക്രിസ്തുവിലേക്ക് ആളുകളെ ആകര്‍ഷിക്കേണ്ടത്. ഇതാകണം കാനഡയിലെ മലയാളി പുതുതലമുറ ഏറ്റെടുക്കേണ്ട സുവിശേഷ ദൗത്യമെന്നും അഭിവന്ദ്യ പിതാവ് ഓര്‍മ്മിപ്പിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തോമാശ്ശീഹാ പാകിയ നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ ഉറച്ചതാണ്. സഭയോട് ചേര്‍ന്നുനിന്ന് ജീവിതം ധന്യമാണക്കണം. ആരാധനയിലും, പ്രാര്‍ത്ഥനയിലും, കുടുംബ മൂല്യങ്ങളിലും നമ്മള്‍ കനേഡിയന്‍ സമൂഹത്തിനു മാതൃകയാവണം. നമ്മുടെ ഓരോ ആരാധനാ ലക്ഷ്യവും ക്രിസ്തുവിലേക്ക് സമൂഹത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും സുവിശേഷ ദൗത്യത്തിനും ഉപകരിക്കണം. ഒറ്റക്കെട്ടായി സീറോ മലബാര്‍ വിശ്വാസികള്‍ മുന്നേറണം. എഡ്മന്റണ്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനോട്, എഡ്മന്റണിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഈ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ആയിരിക്കണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പു നല്‍കി. വളരെ ചെറിയ ഇടവേളയില്‍ ദേവാലയം സ്വന്തമാക്കിയ ജനത്തെ അഭിനന്ദിച്ചതിനൊപ്പം, പിന്നീടുള്ള പുനര്‍ ഉദ്ദീകരണ പ്രവര്‍ത്തനത്തില്‍ സഹകരിച്ച എല്ലാവരേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. വി. കുര്‍ബാനയെ തുടര്‍ന്നു വെസ്റ്റേണ്‍ റീജിയന്‍ പാസ്റ്ററല്‍ സെന്ററിന്റെ ഓഫീസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ദേവാലയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ ഫാ.ഡോ. ജോണ്‍ കുടിയിരുപ്പില്‍ സ്വാഗതം പറഞ്ഞു. അഭിവന്ദ്യ പിതാക്കന്മാര്‍ക്കൊപ്പം ഫെഡറല്‍ മിനിസ്റ്റര്‍ അമര്‍ജിത് സോഹി, പ്രൊവിന്‍ഷ്യല്‍ മിനിസ്റ്റര്‍ ക്രിസ്റ്റീന ഗ്രേ, സിറ്റി കൗണ്‍സിലര്‍ ആന്‍ഡ്രൂ ക്‌നോക്ക്, നൈറ്റ് ഓഫ് കൊളംബസ് വാലി സ്ട്രീറ്റ്, എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ പ്രസിഡന്റ് ഫാ. സ്റ്റീഫന്‍, എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികളോടൊപ്പം ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഫാ. ജയിംസ് ചിറ്റേത്തും ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ഡയറക്ടറിയുടെ പ്രകാശനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രോവിന്‍ഷ്യാള്‍ മിനിസ്റ്റര്‍ ക്രിസ്റ്റീന ഗ്രേയ്ക്ക് നല്‍കി നിര്‍വഹിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ രചിച്ച പതിമൂന്നാമത്തെ പുസ്തകം "Daily Strength' -ന്റെ പ്രകാശനം മാര്‍ ജേക്കബ് അങ്ങാടിയത്ത് യുക്രെയിന്‍ ബിഷപ്പ് ഡേവിഡിനു നല്‍കി നിര്‍വഹിച്ചു. ഇടവക കമ്മിറ്റി സെക്രട്ടറി തോമസ് ജോസഫ് വിശിഷ്ടാതിഥികള്‍ക്ക് നന്ദി പറഞ്ഞു. അതിനെ തുടര്‍ന്നു ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്‌നേഹഹവിരുന്നും ഒരുക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.