പാലം കല്യാണസുന്ദരം
Story Dated: Monday, April 24, 2017 11:34 hrs UTC  
PrintE-mailപി. ടി. പൗലോസ്

 

1962 നവംബറിലെ ഒരു സായാഹ്നം. സ്ഥലം മറീന ബീച്ച് മദ്രാസ്. അതിർത്തിയിൽ ഇന്ത്യൻ ജവാന്മാർ ചൈന പട്ടാളത്തെ നിലംപരിശാക്കി മുന്നേറുന്നു. ഇന്ത്യൻ സൈന്യത്തിന് ഐക്യദാർട്യം പ്രകടിപ്പിച്ചുകൊണ്ട് അന്നത്തെ തമിഴ് നാട് (മദ്രാസ് ) മുഖ്യ മന്ത്രി കെ. കാമരാജ് പ്രസംഗിക്കുന്നു. പ്രധാന മന്ത്രി നെഹ്രുവിന്റെ അഭ്യർത്ഥന പ്രകാരം ദേശീയ പ്രതിരോധ നിധിയിലേക്ക് ഉദാരമായ സംഭാവന നൽകുവാൻ കാമരാജ് അവിടെ കൂടിയ ജനങ്ങളോട് ആഹുവാനം ചെയ്തു. ഉടനെ ആൾക്കൂട്ടത്തിൽ നിന്നും നീണ്ട് മെലിഞ്ഞ ഒരു കോളേജ് പയ്യൻ വേദിയിലേക്ക് ഓടിക്കയറി തന്റെ കഴുത്തിലെ മൂന്ന് പവനോളം വരുന്ന സ്വർണമാല ഊരി പ്രതിരോധ നിധിയിലേക്കുള്ള സംഭാവനയായി മുഖ്യ മന്ത്രിയെ ഏൽപ്പിച്ചു. അതായിരുന്നു പാലം കല്യാണസുന്ദരം എന്ന സാമൂഹ്യ പ്രവർത്തകന്റെ കുതിപ്പിന്റെ തുടക്കം. ആ കുതിപ്പ് ഇന്നും തുടരുന്നു. 1943 ൽ തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ സാമാന്യം ഭേദപ്പെട്ട ഒരു കർഷക കുടുംബത്തിൽ ജനനം.

 

 

 

സെന്റ് സേവിയേഴ്സിൽ നിന്നും തമിഴ് മുഖ്യ വിഷയമായെടുത് ബി. എ.ബിരുദം. പിന്നെ ലൈബ്രറി സയൻസിൽ ഗോൾഡ് മെഡൽ, സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ. തൂത്തുക്കുടിയിലെ കുമാരകറുപ്പ ആർട്സ് കോളേജിൽ ലൈബ്രേറിയൻ ആയി നിയമനം. 35 വർഷത്തെ സേവനത്തിന് ശേഷം 1998 ൽ അവിടെനിന്നും വിരമിച്ചു. തന്റെ ആദ്യത്തെ ശമ്പളമായ 140 രൂപ കിട്ടിയപ്പോൾ 40 രൂപ സ്വന്തം ചിലവിനും 100 രൂപ പഠിക്കാൻ കഴിവില്ലാത്ത കുട്ടികൾക്കുമായി വീതിച്ചു കൊടുത്തു. അങ്ങനെ അഞ്ചു വർഷം . പിന്നീട് കല്യാണസുന്ദരം തന്റെ ശമ്പളം മുഴുവനും ചേരിപ്രദേശത്തെ പാവങ്ങൾക്കും പഠിക്കാൻ കഴിവില്ലാത്ത കുട്ടികൾക്ക് വേണ്ടിയും ചിലവഴിച്ചു. തന്റെ രണ്ടു നേരത്തെ ഭക്ഷണത്തിനായി ജോലി കഴിഞ്ഞാൽ രാത്രി കാലങ്ങളിൽ ഹോട്ടലുകളിലും അലക്കുകടകളിലും അദ്ദേഹം പണിയെടുത്തു. തെരുവോരങ്ങളിലും റെയിൽവേ പ്ലാറ്റുഫോമുകളിലും പാവങ്ങളുടെ കൂടെ അന്തിയുറങ്ങി - ദാരിന്ദ്രമെന്തെന്നറിയാൻ , മുഴുവൻ വരുമാനവും അവർക്കായി ചിലവഴിച്ചുകൊണ്ട് . പുറംലോകമതറിഞ്ഞില്ല. അദ്ദേഹമറിയിച്ചുമില്ല.

 

 

എന്നാൽ 1990 ൽ ഇദ്ദേഹത്തിന് ഒരു ലക്ഷം രൂപ ശമ്പള വർധനവിന്റെ കുടിശ്ശിക യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ഒന്നിച്ചു നൽകിയപ്പോൾ, ആ തുക മുഴുവനും പാവപ്പെട്ട കുട്ടികൾക്കായി ചിലവഴിക്കാൻ ജില്ലാ കളക്ടറെ ഏൽപ്പിച്ചു. കളക്ടർ അതിന് വലിയ പബ്ലിസിറ്റി കൊടുത്തു. അങ്ങനെ കല്യാണസുന്ദരത്തെക്കുറിച്ചു പലരും അറിയാൻ തുടങ്ങി. ജോലിയിൽ നിന്നും വിരമിച്ച ശേഷം 1998 ൽ "പാലം" എന്ന സംഘടനക്ക് രൂപം നൽകി പ്രവർത്തിച്ചു വരുന്നു. ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക്, വേദനിക്കുന്നവന്റെ ഹ്രദയങ്ങളിലേക്ക് സാന്ത്വനത്തിന്റെ ഒരു പാലമായി കല്യാണസുന്ദരം 74 വയസ്സിലും ചുറുചുറുക്കോടെ പുത്തൻ പ്രതീക്ഷകളുമായി ഇന്നും തന്റെ പ്രവർത്തന വഴികളിലുണ്ട്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ പുസ്തകം പഠിച്ച ഓർമ്മയുടെ പിൻബലത്തിൽ മുഴുവൻ വരുമാനവും മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ച ലോകത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് പാലം കല്യാണസുന്ദരം.

 

 

പെൻഷൻ പറ്റിയപ്പോൾ കിട്ടിയ 10 ലക്ഷവും കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷനും ഒരു അമേരിക്കൻ സംഘടന "മാൻ ഓഫ് ദി മില്ലേനിയം" ആയി ഇദ്ദേഹത്തിന് കൊടുത്ത മുപ്പതു കോടി രൂപയും ചേരികളിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനും കുട്ടികളുടെ പഠിപ്പിനുമായി മാറ്റിവച്ചുകൊണ്ട്‌ , വിവാഹം കഴിച്ചുപോലും ജീവിതം ആർഭാടമാക്കാതെ , ചെന്നൈയിലെ സൈദാപ്പേട്ടിലുള്ള തന്റെ കൊച്ചു വസതിയിലെ ഏകാന്തമായ ലാളിത്യത്തിലേക്ക് അദ്ദേഹം ഒതുങ്ങി. സൂപ്പർ സ്റ്റാർ രജനികാന്ത് കല്യാണസുന്ദരത്തിനെ അച്ഛനായി ദെത്തെടുത്തെങ്കിലും അദ്ദേഹമത് സ്നേഹപൂർവ്വം നിരസിച്ചു. പദ്മശ്രീയും പദ്മവിഭൂഷണും ഭാരതര്തനവുമൊക്കെ അർഹതയില്ലാത്തവന്റെ നെഞ്ചത്തേക്ക് ഉളുപ്പില്ലാതെ ചാർത്തിക്കൊടുക്കാൻ രാഷ്ട്രീയനപുംസകങ്ങൾ കോമരം തുള്ളുന്ന ഈ നെറികെട്ട രാഷ്ട്രീയ ഭൂമികയിൽ നമുക്ക്‌ അഭിമാനിക്കാം, കല്യാണസുന്ദരം പോലുള്ള മനുഷ്യ രത്‌നത്തിന് ഭാരതര്തനം കിട്ടിയില്ലെങ്കിലും ഭാരതത്തിലെ ദരിദ്രനാരായണന്മാരുടെ ഹ്രദയങ്ങളിൽ രത്‌നസിംഹാസനം പണിത്‌ അദ്ദേഹം ഉപവിഷ്ടനായി എന്ന്.

 

 

നവമാധ്യമങ്ങൾ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന മറ്റുചില സത്യങ്ങളും നമുക്കിവിടെ കൂട്ടി വായിക്കാം : actress Rekha attended Rajya Sabha for 18 days in last 5 years and took home 65+ lakhs as salary and allowances . Sachin Tendulkar attended Rajya Sabha 23 days and took home 59+ lakhs . നമ്മുടെ നികുതിപ്പണം മലവെള്ളം പോലെ ഒഴുകിത്തീരുമ്പോൾ നമുക്ക് ലജ്ജയോടെ തലകുനിക്കാം ജനാധിപധ്യത്തിന്റെ മൂല്യത്തകർച്ചയോർത് . അതോടൊപ്പം പാലം കല്യാണസുന്ദരത്തിന്റെ വാക്കുകൾ നമുക്ക് തങ്കലിപികളിലും കുറിച്ചിടാം :

 

 

"we cannot sustain ourselves unless we contribute to the society in some way or the other . What do we take with us when we leave planet earth ?"


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.